+

പെരുമ്പാവൂരില്‍ വ്യാജ ആധാര്‍ കാര്‍ഡ് നിര്‍മാണ കേന്ദ്രം: അസം സ്വദേശി അറസ്റ്റില്‍

അസം നാഗൗണ്‍ ജൂറിയ സ്വദേശി ഹാരിജുല്‍ ഇസ്ലാമിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്

പെരുമ്പാവൂര്‍: പെരുമ്പാവൂരില്‍ ഇതര സംസ്ഥാനക്കാര്‍ക്കു വേണ്ടി വ്യാജ ആധാര്‍ കാര്‍ഡ് നിര്‍മിച്ചു നല്‍കുന്ന കേന്ദ്രം പോലീസ് സംഘം കണ്ടെത്തി. 
അസം നാഗൗണ്‍ ജൂറിയ സ്വദേശി ഹാരിജുല്‍ ഇസ്ലാമി (26) നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. അസം സ്വദേശി റെയ്ഹാന്‍ ഉദീന്‍ (20) എന്ന ഒരാള്‍ കൂടി പോലീസ് കസ്റ്റഡിയിലുണ്ട്.

പെരുമ്പാവൂരിലെ പ്രൈവറ്റ് ബസ് സ്റ്റാന്‍റ് ഷോപ്പിങ് കോംപ്ലക്സിലെ അസം മൊബൈല്‍ ഷോപ്പ് എന്ന സ്ഥാപനത്തിലാണ് വ്യാജരേഖ നിര്‍മിക്കുന്ന കേന്ദ്രം പ്രവര്‍ത്തിച്ചിരുന്നത്. സിം കാര്‍ഡ് എടുക്കാന്‍ വരുന്നവരുടെ ആധാറുകള്‍ ഉപയോഗിച്ചാണ് വ്യാജരേഖകള്‍ നിര്‍മിച്ചിരുന്നത്. ഷോപ്പില്‍നിന്ന് വ്യാജ ആധാര്‍ കാര്‍ഡുകള്‍ കണ്ടെടുത്തു.

സംസ്ഥാന വ്യാപകമായി ഇതര സംസ്ഥാനക്കാര്‍ക്ക് വ്യാജരേഖകള്‍ തയ്യാറാക്കി നല്‍കുന്ന സംഘത്തിലെ കണ്ണികളാണ് ഇവരെന്നാണ് സൂചന. ഇവര്‍ക്കുപിന്നില്‍ മലയാളികളുണ്ടെന്നും പോലീസ് സംശയിക്കുന്നുണ്ട്. 

ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്‌സേനയ്ക്കു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഓപ്പറേഷന്‍ ക്ലീന്‍ പെരുമ്പാവൂരിന്റെ ഭാഗമായി നടന്ന പരിശോധനയിലാണ് കേന്ദ്രം കണ്ടെത്തിയത്. ആധാര്‍ കാര്‍ഡുകള്‍, ലാപ്ടോപ്പ്, പ്രിന്റര്‍, മൊബൈല്‍ ഫോണുകള്‍, അര ലക്ഷത്തോളം രൂപ എന്നിവയും പിടികൂടി.

facebook twitter