
തിരുവനന്തപുരം: ഓണത്തിന് ജനങ്ങൾക്ക് ആശ്വാസവുമായി സംസ്ഥാന സർക്കാർ. സപ്ലൈകോ വഴി വിതരണം ചെയ്യുന്ന വെളിച്ചെണ്ണയുടെ വില വീണ്ടും കുറച്ചു. സപ്ലൈകോയിൽ ഒരു കിലോ വെള്ളിച്ചെണ്ണ 339 രൂപക്ക് നൽകും. സപ്ലൈകോയുടെ എല്ലാ ഔട്ട്ലെറ്റുകളിലും ആവശ്യത്തിന് വെളിച്ചെണ്ണ സ്റ്റോക്കുണ്ടെന്നും മന്ത്രി ജി.ആർ അനിൽ പറഞ്ഞു.
അതേസമയം, പൊതുവിപണിയിൽ വെളിച്ചെണ്ണ വില കുറയുകയാണ്. 449 രൂപയിൽ നിന്ന് 405 രൂപയിലേക്ക് വരെ പലയിടത്തും വെളിച്ചെണ്ണ വില ഇടിഞ്ഞിട്ടുണ്ട്. വരും ദിവസങ്ങളിലും എണ്ണവില കുറയുമെന്ന് തന്നെയാണ് പ്രവചനം. വെളിച്ചെണ്ണ പോലെ തന്നെ മറ്റ് പല സാധനങ്ങളുടേയും വില പൊതുവിപണിയിൽ കുറഞ്ഞിട്ടുണ്ട്.
സപ്ലൈകോ ഓണച്ചന്തകളുടെ സംസ്ഥാനതല ഉദ്ഘാടനം തിങ്കളാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. കിഴക്കേകോട്ടയിലെ ഇ.കെ. നായനാർ പാർക്കിൽ നടക്കുന്ന ചടങ്ങിൽ ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ അധ്യക്ഷത വഹിക്കും. ചൊവ്വാഴ്ച മുതൽ ജില്ല തലങ്ങളിൽ ഓണം ഫെയറുകൾ ആരംഭിക്കും. മഞ്ഞ കാർഡുകാർക്കും ക്ഷേമ സ്ഥാപനങ്ങൾക്കുമുള്ള ഓണക്കിറ്റ് വിതരണവും ചൊവ്വാഴ്ച ആരംഭിക്കും. സെപ്റ്റംബർ നാലുവരെയാണ് കിറ്റ് വിതരണം.
ഓണത്തിനായി സപ്ലൈകോ രണ്ടര ലക്ഷത്തോളം ക്വിൻറൽ ഭക്ഷ്യധാന്യങ്ങൾ സംഭരിച്ചിട്ടുണ്ട്. ഓണക്കാലത്ത് നിലവിൽ നൽകിവരുന്ന എട്ട് കിലോ സബ്സിഡി അരിക്ക് പുറമെ കാർഡൊന്നിന് 20 കിലോ പച്ചരിയോ/പുഴുക്കലരിയോ 25 രൂപ നിരക്കിൽ സ്പെഷൽ അരിയായി ലഭിക്കും. സബ്സിഡി നിരക്കിൽ നൽകുന്ന മുളകിൻറെ അളവ് അരക്കിലോയിൽനിന്ന് ഒരു കിലോയായി വർധിപ്പിച്ചു.
സെപ്റ്റംബർ നാലുവരെയാണ് ജില്ല ഫെയറുകൾ സംഘടിപ്പിക്കുക. കൂടാതെ സഞ്ചരിക്കുന്ന ഓണച്ചന്തകളും ഒരുക്കിയിട്ടുണ്ട്. ജൂലൈ മാസത്തിൽ 168 കോടിയുടെ വിറ്റുവരവാണ് സപ്ലൈകോക്ക് ഉണ്ടായത്. ഓണത്തിരക്ക് ആരംഭിച്ചതിനാൽ ആഗസ്റ്റിൽ 23 വരെയുള്ള വിറ്റുവരവ് 190 കോടിയാണ്. ആഗസ്റ്റ് 11 മുതൽ എല്ലാ പ്രവൃത്തിദിവസങ്ങളിലും പ്രതിദിന വിറ്റുവരവ് 10 കോടിക്ക് മുകളിലാണ്.