+

മുസ്ലീങ്ങളെയെല്ലാം തീവ്രവാദികളാക്കി, അധിക്ഷേപിച്ച ബിജെപി നേതാവിന് അറിയുമോ സോഫിയ ഖുറേഷിയുടെ ചരിത്രം, മുതുമുത്തശ്ശി ഝാന്‍സി റാണിക്കൊപ്പം പോരാടിയ ധീരവനിത, പിതാവും ഭര്‍ത്താവും സൈനികര്‍

പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ നടത്തിയ തിരിച്ചടിയെക്കുറിച്ച് മാധ്യമങ്ങള്‍ക്ക് മുന്നില്‍ വിവരിക്കാനെത്തിയ സൈനിക ഓഫീസര്‍മാരില്‍ ഒരാളാണ് കേണല്‍ സോഫിയ ഖുറേഷി.

ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ നടത്തിയ തിരിച്ചടിയെക്കുറിച്ച് മാധ്യമങ്ങള്‍ക്ക് മുന്നില്‍ വിവരിക്കാനെത്തിയ സൈനിക ഓഫീസര്‍മാരില്‍ ഒരാളാണ് കേണല്‍ സോഫിയ ഖുറേഷി. എന്നാല്‍, അവരെ തീവ്രവാദികളുടെ സഹോദരിയാക്കി മാറ്റിയാണ് കഴിഞ്ഞദിവസം ബിജെപി നേതാവ് അധിക്ഷേപിച്ചത്.

മുസ്ലീമാണെന്ന ഒറ്റ കാരണത്താലാണ് മധ്യപ്രദേശിലെ ബിജെപി മന്ത്രി കൂടിയായ വിജയ് ഷാ ഭീകരവാദികളുടെ സഹോദരിയെന്ന് കേണല്‍ സോഫിയ ഖുറേഷിയെ വിശേഷിപ്പിച്ചത്. ഇന്‍ഡോര്‍ ജില്ലയിലെ മഹുവില്‍ നടന്ന പരിപാടിയില്‍ പ്രസംഗിക്കവെയായിരുന്നു പരാമര്‍ശം.

സോഫിയ ഖുറേഷിയെ സംഘപരിവാര്‍ അധിക്ഷേപിക്കുമ്പോള്‍ അവരുടെ സൈനിക പാരമ്പര്യവും കുടുംബ പശ്ചാത്തലവുമെല്ലാം അറിഞ്ഞിരിക്കേണ്ടതാണ്. അവരുടെ പിതാവും ഭര്‍ത്താവും മുത്തച്ഛനും മുതുമുത്തശ്ശിയുമെല്ലാം രാജ്യത്തിനുവേണ്ടി ജീവിച്ചവരാണ്.

2016-ല്‍ 'എക്‌സര്‍സൈസ് ഫോഴ്‌സ് 18' എന്ന ബഹുരാഷ്ട്ര സൈനിക പരിശീലനത്തില്‍ ഇന്ത്യന്‍ സംഘത്തെ നയിച്ച ആദ്യ വനിതാ ഓഫീസര്‍ എന്ന ബഹുമതിയുള്ള വ്യക്തിയാണ് സോഫിയ ഖുറേഷി.

1974-ല്‍ ഗുജറാത്തിലെ വഡോദരയില്‍ മുഹമ്മദ് ഖുറേഷിയുടെയും അമീന ഖുറേഷിയുടെയും മകളായി ജനിച്ചു. കുടുംബത്തിന് ഇന്ത്യന്‍ സൈന്യവുമായുള്ള ദീര്‍ഘകാല പാരമ്പര്യമാണ് സോഫിയയേയും അതിലേക്ക് ആകര്‍ഷിച്ചത്.

വഡോദരയിലെ കേന്ദ്രീയ വിദ്യാലയത്തില്‍ സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിശേഷം മഹാരാജ സയാജിറാവോ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബയോകെമിസ്ട്രിയില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ബിരുദവും നേടി. ഡോക്ടറേറ്റ് പഠനം ആരംഭിച്ചെങ്കിലും, സ്ത്രീകള്‍ക്ക് ഇന്ത്യന്‍ സൈന്യത്തില്‍ ഉയര്‍ന്ന റാങ്കുകളില്‍ ചേരാനുള്ള അവസരം പ്രഖ്യാപിച്ചപ്പോള്‍ അത് ഉപേക്ഷിച്ച് 1999-ല്‍ സൈന്യത്തില്‍ ചേര്‍ന്നു.

പിതാവ് താജ് മുഹമ്മദ് ഖുറേഷി, ഇന്ത്യന്‍ സൈന്യത്തിലെ ഇലക്ട്രോണിക്‌സ് ആന്‍ഡ് മെക്കാനിക്കല്‍ എന്‍ജിനീയേഴ്‌സ് കോര്‍പ്‌സില്‍ സേവനമനുഷ്ഠിച്ച മുന്‍ സൈനികനാണ്. 1971-ലെ ഇന്ത്യ-പാകിസ്ഥാന്‍ യുദ്ധത്തില്‍ അദ്ദേഹം പങ്കെടുത്തിരുന്നു.

സോഫിയയുടെ മുത്തച്ഛന്‍ ഇന്ത്യന്‍ സൈന്യത്തില്‍ റിലീജിയസ് ടീച്ചര്‍ വിഭാഗത്തില്‍ സേവനമനുഷ്ഠിച്ചു. മുതുമുത്തശ്ശി 1857-ലെ ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തില്‍ ഝാന്‍സിയിലെ റാണി ലക്ഷ്മീബായിക്കൊപ്പം പോരാടിയ ഒരു യോദ്ധാവായിരുന്നു.

ഭര്‍ത്താവ് കേണല്‍ താജുദ്ദീന്‍ ബാഗേവാഡി, ഇന്ത്യന്‍ സൈന്യത്തിലെ മെക്കനൈസ്ഡ് ഇന്‍ഫന്ററിയില്‍ സേവനമനുഷ്ഠിക്കുന്ന ഓഫീസറാണ്. സോഫിയയ്ക്കും താജുദ്ദിനും ഒരു മകനുണ്ട്, വ്യോമസേനയില്‍ ചേരാന്‍ തയ്യാറെടുക്കുകയാണ്.

ഗംഭീരമായ സൈനിക പശ്ചാത്തലമുള്ള കുടുംബത്തിലെ ഒരു വ്യക്തിയെ മുസ്ലീം ആയതിന്റെ പേരില്‍ തീവ്രവാദിയാക്കിയതിനെതിരെ ബിജെപി നേതാവിനെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം കനക്കുകയാണ്. സംഭവത്തില്‍ മാപ്പു പറഞ്ഞെങ്കിലും ബിജെപിയുടെ വിദ്വേഷ രാഷ്ട്രീയമാണ് ഒരിക്കല്‍ക്കൂടി തെളിഞ്ഞു കാണുന്നതെന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു.

 

Trending :
facebook twitter