വാഷിങ്ടൺ: ഫലസ്തീൻ അനുകൂല പ്രതിഷേധം നടത്തിയ വിദ്യാർഥികൾക്കെതിരെ നടപടിയെടുത്ത് കൊളംബിയ യൂനിവേഴ്സിറ്റി. കഴിഞ്ഞ വർഷം കാമ്പസിൽ നടത്തിയ പ്രതിഷേധങ്ങളുടെ ഭാഗമായാണ് നടപടിയുണ്ടായത്. ഹാമിൽട്ടൺ ഹാളിൽ കഴിഞ്ഞ വർഷം പ്രതിഷേധം നടത്തിയ വിദ്യാർഥികളെ സസ്പെൻഡ് ചെയ്യുകയും പുറത്താക്കുകയുമാണ് യൂനിവേഴ്സിറ്റി ചെയ്തിരിക്കുന്നത്.
കാമ്പസിലെ ജൂതവിരുദ്ധതക്കെതിരെ നടപടിയെടുക്കുന്നതിൽ യൂനിവേഴ്സിറ്റി പരാജയപ്പെട്ടുവെന്ന് ആരോപിച്ച് സ്ഥാപനത്തിന് നൽകിയിരുന്ന ഫണ്ട് ട്രംപ് ഭരണകൂടം വെട്ടിക്കുറച്ചിരുന്നു. കൊളംബിയ യൂനിവേഴ്സിറ്റിയിലെ മഹമൂദ് ഖാലിലിനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് കൂടുതൽ നടപടികളുമായി യൂനിവേഴ്സിറ്റി രംഗത്തെത്തുന്നത്.
വിദ്യാർഥികൾക്കെതിരെ സസ്പെൻഷൻ, താൽക്കാലികമായി ബിരുദം റദ്ദാക്കുക തുടങ്ങിയ നടപടികളാണ് യൂനിവേഴ്സിറ്റി സ്വീകരിച്ചിരിക്കുന്നത്. ഇമെയിൽ വഴിയാണ് നടപടിയെടുത്ത വിവരം വിദ്യാർഥികളെ യൂനിവേഴ്സിറ്റി അറിയിച്ചത്. കഴിഞ്ഞ വർഷം ഏപ്രിലിൽ യൂനിവേഴ്സിറ്റിയിലെ വിദ്യാർഥികൾ ഫലസ്തീൻ അനുകൂല പ്രതിഷേധവുമായി ഹാമിൽട്ടൺ ഹാളിൽ ഒത്തുകൂടിയിരുന്നു.