+

കെപിസിസി സമ്പൂര്‍ണ്ണ പുനഃസംഘടന ഒഴിവാക്കണം ; കെപിസിസി നേതൃയോഗത്തില്‍ ആവശ്യം

തിരഞ്ഞെടുപ്പുകള്‍ അടുത്തിരിക്കെ പുനഃസംഘടന തിരിച്ചടിയാകുമെന്നാണ് ഒരു വിഭാഗം നേതാക്കളുടെ അഭിപ്രായം.

കെപിസിസി സമ്പൂര്‍ണ്ണ പുനഃസംഘടന ഒഴിവാക്കണമെന്ന് കെപിസിസി നേതൃയോഗത്തില്‍ ആവശ്യം. പുനഃസംഘടനയേക്കാള്‍ പ്രധാനം തിരഞ്ഞെടുപ്പുകള്‍ ആണെന്ന് കെപിസിസി നേതൃയോഗത്തില്‍ അഭിപ്രായം ഉയര്‍ന്നു. മികവു പുലര്‍ത്തിയ നേതാക്കളെ നിലനിര്‍ത്തണമെന്നാണ് ഒരുവിഭാഗം നേതാക്കളുടെ ആവശ്യം.

പുനഃസംഘടന അതിവേഗത്തില്‍ പൂര്‍ത്തിയാക്കാനുള്ള നീക്കങ്ങളുമായി പുതിയ നേതൃത്വം മുന്നോട്ട് പോകുന്ന ഘട്ടത്തിലാണ് കെപിസിസി നേതൃയോഗത്തില്‍ തടസ്സവാദം ഉയര്‍ന്നിരിക്കുന്നത്. തിരഞ്ഞെടുപ്പുകള്‍ അടുത്തിരിക്കെ പുനഃസംഘടന തിരിച്ചടിയാകുമെന്നാണ് ഒരു വിഭാഗം നേതാക്കളുടെ അഭിപ്രായം. സമ്പൂര്‍ണ്ണ പുനഃസംഘടന ഒഴിവാക്കി ഒഴിവുകള്‍ നികത്തിയാല്‍ മതിയെന്ന അഭിപ്രായവും നേതൃയോഗത്തില്‍ ഉയര്‍ന്നുവന്നു. ഡിസിസി നേതൃമാറ്റം ഒഴിവാക്കണമെന്ന ആവശ്യവും കെപിസിസി ഭാരവാഹി യോഗത്തില്‍ ഉയര്‍ന്നു. മികവ് പുലര്‍ത്തിയ കെപിസിസി, ഡിസിസി ഭാരവാഹികളെ നിലനിര്‍ത്തണെമെന്ന അഭിപ്രായമാണ് ഭാരവാഹി യോഗത്തില്‍ പങ്കെടുത്ത ഭൂരിഭാഗം നേതാക്കളും പങ്കുവെച്ചത്.

അതേസമയം സമ്പൂര്‍ണ്ണ പുനഃസംഘടന നടത്തണമെന്ന നിലപാടില്‍ ഹൈക്കമാന്‍ഡ് ഉറച്ചുനില്‍ക്കുകയാണ്. പുനഃസംഘടന ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിന് ഇടയിലാണ് കെപിസിസി നേതൃയോഗത്തില്‍ അഭിപ്രായങ്ങള്‍ ഉയര്‍ന്നത്. ഈ സാഹചര്യത്തില്‍ മുതിര്‍ന്ന നേതാക്കളുമായി കൂടിയാലോചനകള്‍ നടത്തിയതിന് ശേഷം അന്തിമ തീരുമാനമെടുക്കാനാണ് പുതിയ നേതൃത്വത്തിന്റെ നീക്കം.

facebook twitter