വ്യാജ വോട്ടര്‍മാരെ ചേര്‍ത്ത ആരോപണം, കോണ്‍ഗ്രസിന്റെ പിടിപ്പുകേട്, തെരഞ്ഞെടുപ്പിന് ആഴ്ചകള്‍ക്ക് മുന്‍പേ പുറത്തുവിടുന്ന വോട്ടര്‍ പട്ടിക പരിശോധിക്കാന്‍ പോലും ആളുകളില്ല

07:03 PM Aug 09, 2025 | Raj C

ബെംഗളുരു: ഇന്ത്യയിലെ തെരഞ്ഞെടുപ്പ് പ്രക്രിയയുടെ സുതാര്യതയും വിശ്വാസ്യതയും എക്കാലത്തും ചര്‍ച്ചാ വിഷയമാണ്. അതുകൊണ്ടുതന്നെ 2024-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വോട്ടര്‍ പട്ടികയില്‍ വ്യാപകമായ ക്രമക്കേടുകള്‍ നടന്നുവെന്ന ആരോപണവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി കഴിഞ്ഞദിസവം രംഗത്തെത്തിയത് വലിയ വിവാദത്തിന് ഇടയാക്കിയിരിക്കുകയാണ്.

വ്യാജ വോട്ടര്‍മാരെ ചേര്‍ത്തതിന് തെരഞ്ഞെടുപ്പ് കമ്മീഷനെ കുറ്റപ്പെടുത്തിയ രാഹുല്‍, മഹാരാഷ്ട്ര, കര്‍ണാടക, ഹരിയാന, ബിഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ വോട്ട് മോഷണം നടന്നതിന് തെളിവുകള്‍ ഉണ്ടെന്ന് അവകാശപ്പെട്ടു. എന്നാല്‍, തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഈ ആരോപണങ്ങളെ തള്ളിക്കളഞ്ഞതോടെ, വിഷയം നിയമപോരാട്ടത്തിലേക്ക് കടക്കുകയാണ്.

രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഉന്നയിച്ച പ്രധാന ആരോപണങ്ങള്‍ ഇവയാണ്,

വ്യാജ വോട്ടര്‍മാര്‍: മഹാരാഷ്ട്രയില്‍ 5 മാസത്തിനുള്ളില്‍ 39 ലക്ഷം പുതിയ വോട്ടര്‍മാരെ ചേര്‍ത്തതില്‍ ക്രമക്കേട് നടന്നുവെന്ന് രാഹുല്‍ ആരോപിച്ചു. ഒരു ലോക്‌സഭാ മണ്ഡലത്തില്‍ 6.5 ലക്ഷം വോട്ടര്‍മാരില്‍ 1.5 ലക്ഷം പേര്‍ വ്യാജന്മാരാണെന്ന് കോണ്‍ഗ്രസിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയതായും അവകാശപ്പെട്ടു.

വിലാസങ്ങളിലെ ക്രമക്കേട്: ഒരേ വിലാസത്തില്‍ പതിനായിരക്കണക്കിന് വോട്ടര്‍മാര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും, ചില വോട്ടര്‍മാര്‍ക്ക് വീട്ടു നമ്പര്‍ 'പൂജ്യം' എന്നോ ഇല്ലാത്ത വിലാസമോ ആണ് രേഖപ്പെടുത്തിയിരിക്കുന്നതെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി.

ഇരട്ട വോട്ടര്‍മാര്‍: ഒരേ വ്യക്തി വ്യത്യസ്ത പോളിങ് ബൂത്തുകളിലോ സംസ്ഥാനങ്ങളിലോ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് രാഹുല്‍ ആരോപിച്ചു. ഉദാഹരണമായി, ആദിത്യ ശ്രീവാസ്തവ എന്ന വോട്ടര്‍ മൂന്ന് വ്യത്യസ്ത സംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്തിരുന്നതായി അന്വേഷണത്തില്‍ കണ്ടെത്തി.

വോട്ടര്‍ പട്ടികയുടെ സുതാര്യത: തെരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ടര്‍ പട്ടികയുടെ സോഫ്റ്റ് കോപ്പി കൈമാറാന്‍ തയ്യാറാകുന്നില്ലെന്നും, സിസിടിവി ദൃശ്യങ്ങള്‍ 45 ദിവസത്തിനുശേഷം നശിപ്പിക്കപ്പെടുന്നുവെന്നും രാഹുല്‍ വിമര്‍ശിച്ചു.

ബിഹാറിലെ ക്രമക്കേട്: ബിഹാറില്‍ വോട്ടര്‍മാര്‍ പൂരിപ്പിക്കേണ്ട ഫോം 6 ഉദ്യോഗസ്ഥര്‍ തന്നെ വ്യാജമായി പൂരിപ്പിച്ച് ഒപ്പിടുന്നുവെന്ന് രാഹുല്‍ ആരോപിച്ചു. ഇതിന് തെളിവായി ഒരു മാധ്യമപ്രവര്‍ത്തകന്റെ വീഡിയോ ദൃശ്യങ്ങള്‍ അദ്ദേഹം പങ്കുവച്ചു.

തെരഞ്ഞെടുപ്പ് കമ്മീഷന്‍ രാഹുല്‍ ഗാന്ധിയുടെ ആരോപണങ്ങളെ ശക്തമായി തള്ളി. രാഹുല്‍ ഗാന്ധിയുടെ ആരോപണങ്ങള്‍ 'പഴയ വീഞ്ഞ് പുതിയ കുപ്പിയില്‍' എന്ന പോലെയാണെന്ന് കമ്മീഷന്‍ വിമര്‍ശിച്ചു. 2018-ല്‍ മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി കമല്‍നാഥ് ഉന്നയിച്ച സമാന ആരോപണങ്ങള്‍ സുപ്രീം കോടതി തള്ളിയിരുന്നു. 36 വോട്ടര്‍മാര്‍ക്ക് ഇരട്ട വോട്ടുണ്ടെന്ന വാദം തെറ്റാണെന്ന് തെളിഞ്ഞിരുന്നുവെന്നും കമ്മീഷന്‍ ചൂണ്ടിക്കാട്ടി.

ആരോപണങ്ങള്‍ ശരിയാണെങ്കില്‍, രാഹുല്‍ ഗാന്ധി സത്യവാങ്മൂലം സഹിതം രേഖാമൂലം പരാതി നല്‍കണമെന്നാണ് കമ്മീഷന്‍ ആവശ്യപ്പെടുന്നത്. ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ചട്ടങ്ങളിലെ വ്യവസ്ഥ 20(3)(ബി) പ്രകാരം, ആരോപണങ്ങള്‍ക്ക് തെളിവ് ആവശ്യമാണെന്നും മുന്‍ മുഖ്യ തെരഞ്ഞെടുപ്പ് പറയുന്നു.

രാഹുല്‍ ഗാന്ധിയുടെ ആരോപണങ്ങള്‍ കോണ്‍ഗ്രസിന്റെ വെല്ലുവിളികളെക്കുറിച്ചും ചോദ്യങ്ങള്‍ ഉയര്‍ത്തുന്നു. തെരഞ്ഞെടുപ്പിന് ആഴ്ചകള്‍ക്ക് മുമ്പേ പുറത്തുവിടുന്ന കരട് വോട്ടര്‍ പട്ടിക പരിശോധിക്കാന്‍ പോലും പാര്‍ട്ടിക്ക് ആവശ്യമായ പ്രാദേശിക സംഘടനാ ശേഷി ഇല്ലെന്നതിന് തെളിവാണ് രാഹുലിന്റെ ആരോപണം. മഹാരാഷ്ട്ര, കര്‍ണാടക, ഹരിയാന എന്നിവിടങ്ങളില്‍ വോട്ടര്‍ പട്ടികയിലെ ക്രമക്കേടുകള്‍ കണ്ടെത്തുന്നതില്‍ കോണ്‍ഗ്രസിന്റെ പ്രാദേശിക ഘടകങ്ങള്‍ പരാജയപ്പെട്ടു.

കോണ്‍ഗ്രസിന്റെ പ്രാദേശിക ഘടകങ്ങള്‍ക്ക് വോട്ടര്‍ പട്ടികയിലെ ക്രമക്കേടുകള്‍ കണ്ടെത്താന്‍ വേണ്ടത്ര പ്രവര്‍ത്തകരോ സാങ്കേതിക വിദഗ്ധരോ ഇല്ലെന്നത് ഒരു പ്രധാന വെല്ലുവിളിയാണ്. മഹാരാഷ്ട്രയില്‍ 5 മാസത്തിനുള്ളില്‍ 40 ലക്ഷം വോട്ടര്‍മാരെ ചേര്‍ത്തതിനെക്കുറിച്ച് കോണ്‍ഗ്രസ് അന്വേഷണം നടത്തിയെങ്കിലും വിവരങ്ങള്‍ കണ്ടെത്താനായില്ല.