
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് ഉജ്വല വിജയം നേടുമ്പോള്‍ കൈയ്യടി നേടുന്നത് കോണ്‍ഗ്രസിന്റെ പിഴയ്ക്കാത്ത സ്ഥാനാര്‍ത്ഥി നിര്‍ണയം കൂടിയാണ്. മുന്‍ തെരഞ്ഞെടുപ്പുകളില്‍ നിന്നും വിഭിന്നമായി മുകളില്‍നിന്നുള്ള ഇടപെടലുകള്‍ ഇല്ലാതെയാണ് സ്ഥാനാര്‍ത്ഥി നിര്‍ണയം പൂര്‍ത്തിയാക്കിയത്.
വയനാട് ചേര്‍ന്ന കെ പി സി സി ക്യാമ്പില്‍ എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ ഇക്കാര്യത്തില്‍ കര്‍ശന നിര്‍ദ്ദേശം നല്‍കിയിരുന്നു. മുകളില്‍ നിന്ന് ഇടപെടല്‍ ഉണ്ടാകാതെ വാര്‍ഡ് തലത്തില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയം നടത്തണമെന്ന് കെസി വേണുഗോപാല്‍ നിര്‍ദ്ദേശിച്ചു. അതിനാല്‍ റിബല്‍ ശല്യം ഒരു പരിധിവരെ നിയന്ത്രിക്കാന്‍ കഴിഞ്ഞു.
പുതുമുഖങ്ങള്‍, വനിതകള്‍, ചെറുപ്പക്കാര്‍ എന്നിവര്‍ക്ക് പ്രാതിനിധ്യം നല്കാന് നിര്‍ദ്ദേശം നല്കി. മുന്‍ എംഎല്‍എമാര്‍ ഉള്‍പ്പെടെ സര്‍പ്രൈസ് സ്ഥാനാര്‍ഥികളായി വന്നത് പ്രചാരണത്തിന്റെ ആദ്യ ഘട്ടത്തില്‍ തന്നെ യു ഡി എഫിന് വലിയ മുന്‍തൂക്കം നല്‍കുകയും ചെയ്തു.
മാസങ്ങള്‍ക്ക് മുന്നെ തന്നെ കോണ്‍ഗ്രസ് ഒരുക്കം തുടങ്ങിയിരുന്നു. വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കാന്‍ എഐസിസി മുന്‍കൈയെടുത്തു ഇടപെടല്‍ നടത്തി. ഇതിനായി കെ പി സി സി മുതിര്‍ന്ന നേതാക്കള്‍ക്ക് ജില്ലകളുടേയും കോര്‍പ്പറേഷന്റെയും ചുമതല നല്കി.
ജില്ലാതലത്തില്‍ സണ്ണി ജോസഫ്, വി ഡി സതീശന് എന്നിവര്‍ അവലോകന യോഗങ്ങളില്‍ നേരിട്ട് പങ്കെടുത്ത് തിരഞ്ഞെടുപ്പ് മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കി.
ജില്ലകളില്‍ കെസി വേണുഗോപാല്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് നേതൃത്വം നല്കി. കെസി വേണുഗോപാലിന്റെ കേരളത്തിലെ സാന്നിധ്യം എഐസിസിയും ഹൈക്കമാന്റും കേരളത്തിലെ തെരഞ്ഞെടുപ്പിനെ പ്രാധാന്യത്തോടെ കാണുന്നുവെന്ന പ്രതീതി സൃഷ്ടിച്ചു. തെരഞ്ഞെടുപ്പിനുവേണ്ടി സംസ്ഥാന നേതൃത്വത്തെ എല്ലാ തരത്തിലും കൈയയച്ചു സഹായിച്ചു.
ഐക്യത്തിന്റെ സന്ദേശം സംഘടനയില്‍ താഴെത്തട്ടില്‍ ഉറപ്പുവരുത്താന്‍ വേണുഗോപാല്‍ നേതാക്കള്‍ക്ക് നിര്‍ദ്ദേശം നല്കി. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി കേരളത്തില്‍ തങ്ങി തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു. സര്‍വെകള്‍ ഉള്‍പ്പെടെ നടത്തി സംഘടനാ തലത്തിലെ പാളിച്ചകള്‍ പഠിക്കുകയും സംഘടനാതലത്തില്‍ നേതാക്കള്‍ക്ക് പരിശീലനം നല്‍കുകയും ചെയ്തു.
ഭരണത്തിലുള്ള പഞ്ചായത്തുകളില്‍ വികസന രേഖയും, ഭരണമില്ലാത്തിടത്ത് കുറ്റപത്രവും തയ്യാറാക്കി പ്രചരണം നടത്താന്‍ കെ പി സി സി നിര്‍ദ്ദേശം നല്‍കിയിരുന്നു. കൂട്ടായ നേതൃത്വം ഒറ്റക്കെട്ടായി മുന്നൊരുക്കം നടത്താന്‍ ഹൈക്കമാന്‍ഡ് നിര്‍ദ്ദേശം നല്കി.
ഘടകകക്ഷി നേതാക്കളേയും കോണ്‍ഗ്രസ് കോര്‍ത്തിണക്കി. യുഡിഎഫിന്റെ ഐക്യം കൂടുതല്‍ ശക്തമായി. സാദിഖ് അലി തങ്ങള്‍, കുഞ്ഞാലികുട്ടി, ഷിബുബേബി ജോണ്‍, പിജെ ജോസഫ്, പ്രേമചന്ദ്രന് തുടങ്ങി നേതാക്കളുടെ സാന്നിദ്ധ്യവും അനുഭവ സമ്പത്തും പ്രചാരണത്തില്‍ യുഡിഎഫിന് പ്രയോജനപ്പെടുത്താനായി.
പിഎം ശ്രീ, ലേബര്‍കോഡ് ഉള്‍പ്പെടെ ഉന്നയിച്ച് സിപിഎം-ബിജെപി ബന്ധം തുറന്നുകാട്ടുന്നതിലും കെസി വേണുഗോപാല്‍ ശ്രദ്ധ ചെലുത്തി. അതുവഴി സിപിഎമ്മിന്റെ കാവിവത്കരണം തുറന്നുകാട്ടി. സിപിഎമ്മിന്റെയും സിപിഐയുടേയും അണികളില്‍ ആശയക്കുഴപ്പം സൃഷ്ടിക്കാനും സാധിച്ചു.
രണ്ടാം ഘട്ട തിരഞ്ഞെടുപ്പിന് മുന്‍പേ ശബരിമലയിലെ സ്വര്‍ണക്കൊള്ള മലയാളത്തില്‍ കെ സി ലോക്സഭയില്‍ ഉന്നയിച്ചു ദേശീയ ശ്രദ്ധയില്‍ കൊണ്ടുവന്നു.
മുട്ടടിയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി വൈഷ്ണയുടെ വോട്ട് വെട്ടല്‍ നടന്നപ്പോള്‍, പാര്‍ട്ടി നേരിട്ട് നിയമപോരാട്ടം നടത്തുകയും ദേശീയതലത്തില്‍ ബിജെപിയുടെ വോട്ട് ചോരിയുടെ കേരളത്തിലെ മുഖമാണ് സിപിഎമ്മെന്ന പ്രചരണവും കെസി വേണുഗോപാലിന്റെ നേതൃത്വത്തില്‍ നടത്തി.
ശബരിമലയിലെ സ്വര്‍ണ്ണക്കൊള്ള ലൈവായി നിര്‍ത്താന്‍ കെസി വേണുഗോപാല്‍ ശ്രദ്ധിച്ചു. പ്രതികരണങ്ങളിലും പ്രസംഗങ്ങളിലും അവ ഉള്‍പ്പെടുത്തി സര്‍ക്കാരിനെ കടന്നാക്രമിച്ചു. സിപിഎമ്മിന്റെ ശക്തികേന്ദ്രങ്ങളില്‍ പോലും ഇളക്കം തട്ടുന്നവിധം പ്രചരണ രംഗത്ത് സജീവമായി. ഒരുഘട്ടത്തില്‍ വികസന പ്രവര്‍ത്തനങ്ങള്‍ ഉന്നയിച്ച് നടത്തിയ പ്രതികരണവും സംവാദ വെല്ലുവിളിയും മുഖ്യമന്ത്രിക്ക് തന്നേ ഏറ്റെടുക്കേണ്ടി വന്നു.
ദേശീപാത നിര്‍മ്മാണത്തിലെ അഴിമതിക്കു സംസ്ഥാന സര്‍ക്കാര്‍ നല്കിയ മൗനാനുവാദം ചോദ്യം ചെയ്തുള്ള കെസി വേണുഗോപാലിന്റെ പ്രതികരണത്തിനും വലിയ സ്വീകാര്യത ലഭിച്ചു.