+

കെ. എസിന്റെ വീഴ്ച്ച കെ.സിക്ക് വളമാകുന്നു, നിഴലായി നിന്നവര്‍പ്പോലും സുധാകര വിഭാഗത്തില്‍ നിന്നും ചുവടുമാറ്റാന്‍ തുടങ്ങി ;കണ്ണൂര്‍ കോണ്‍ഗ്രസില്‍ ഗ്രൂപ്പ് സമവാക്യങ്ങള്‍ മാറുന്നു

കെ.സുധാകരനെ കെ.പി.സി.സി അധ്യക്ഷ പദവിയില്‍ നിന്നും നീക്കം ചെയ്ത സാഹചര്യം മുതലെടുത്ത് കണ്ണൂരിലെ പാര്‍ട്ടിയില്‍ പിടിമുറുക്കാന്‍ എ. ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ ശ്രമിക്കുന്നു.

കണ്ണൂര്‍: കെ.സുധാകരനെ കെ.പി.സി.സി അധ്യക്ഷ പദവിയില്‍ നിന്നും നീക്കം ചെയ്ത സാഹചര്യം മുതലെടുത്ത് കണ്ണൂരിലെ പാര്‍ട്ടിയില്‍ പിടിമുറുക്കാന്‍ എ. ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ ശ്രമിക്കുന്നു. ഡിസിസി പുന:സംഘടനയിലും വരുന്ന തദ്ദേശസ്വയം ഭരണസ്ഥാപന തെരഞ്ഞെടുപ്പിലും പ്രാതിനിധ്യം കൂട്ടാനാണ് കെ.സിയുടെ നീക്കം. കണ്ണൂരിലെ പാര്‍ട്ടിയിലെ ഒറ്റവാക്കായിരുന്ന കെ.സുധാകരന്‍ ദുര്‍ബലമാകാന്‍ തുടങ്ങിയതോടെ അദ്ദേഹത്തെ അനുകൂലിക്കുന്ന വലിയൊരു ഭാഗം നേതാക്കള്‍ക്ക് ചാഞ്ചാട്ടം തുടങ്ങിയിട്ടുണ്ട്.k sudhakaran

 കെ. എസിനൊപ്പം നിഴലുപോലെയുണ്ടായിരുന്ന പല നേതാക്കളെയും ഇപ്പോള്‍ കാണാതായിട്ടുണ്ട്. കെ.സി വേണുഗോപാല്‍ വിഭാഗത്തിലേക്ക് മറുകണ്ടം ചാടാനൊരുങ്ങുകയാണ് പലരും. ഡി.സി.സി അധ്യക്ഷ സ്ഥാനത്തു നിന്നും സുധാകര വിഭാഗക്കാരനായ മാര്‍ട്ടിന്‍ ജോര്‍ജിനെ സംഘടനാ പുന: സംഘടനയുടെ ഭാഗമായി മാറ്റണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.  കെ.സി വേണുഗോപാല്‍ വിഭാഗത്തോടൊപ്പം എ. ഗ്രൂപ്പും  ഈയാരു ആവശ്യത്തിനായി നിലപാട് സ്വീകരിച്ചിട്ടുണ്ട്. മലയോരത്തെ പാര്‍ട്ടിയില്‍ അതി ശക്്തമായ വേരുകളുളളവരാണ് എ വിഭാഗം.  ഇപ്പോള്‍ കെ.പി.സി.സി ജനറല്‍ സെക്രട്ടറിയായ സോണി സെബാസ്റ്റിയനെ ഡി.സി.സി അധ്യക്ഷനാക്കണമെന്നാണ് എ.വിഭാഗത്തിന്റെ ആവശ്യം. ഇതുകൂടാതെ സണ്ണി ജോസഫ് കെ. പി.സി.സി അധ്യക്ഷനായ സാഹചര്യത്തില്‍ തങ്ങളുടെ ശക്തികേന്ദ്രങ്ങളിലൊന്നായ പേരാവൂര്‍ മണ്ഡലം സുധാകര വിഭാഗം തങ്ങള്‍ക്ക് വിട്ടു നല്‍കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നുണ്ട്. 

kc venugopal

സണ്ണി ജോസഫിന് പകരം മാര്‍ട്ടിന്‍ ജോര്‍ജിനെ അവിടെ കളത്തിലിറക്കാനാണ് സുധാകര വിഭാഗത്തിന്റെ നീക്കം. കണ്ണൂരില്‍ എ.വിഭാഗത്തിന് പിന്‍തുണ നല്‍കി പാര്‍ട്ടി പിടിക്കാനുളള അണിയറ നീക്കങ്ങളാണ് കെ.സി വേണുഗോപാല്‍ നേരിട്ടു നടത്തുന്നത്. എന്നാല്‍ ഇരിക്കൂര്‍ മണ്ഡലം തങ്ങളില്‍ നിന്നെടുത്ത് തന്റെ ഗ്രൂപ്പുകാരനായ സജീവ്‌ജോസഫിന് നല്‍കിയതിന്റെ പ്രതിഷേധം എ ഗ്രൂപ്പില്‍ ഇതുവരെ അടങ്ങിയിട്ടില്ല. കെസിയുമായി യാതൊരു ധാരണയും വേണ്ടെന്ന നിലപാടിലാണ് എ ഗ്രൂപ്പിലെ നേതാക്കളില്‍ പലരും. 

 എന്നാല്‍ കണ്ണൂര്‍ ജില്ലയിലെ എ ഗ്രൂപ്പുമായി സൗഹാര്‍ദ്ദമായ രീതിയില്‍ പോകുന്ന സണ്ണി ജോസഫ് ഇവരെ വശത്താക്കാനും ശ്രമം തുടങ്ങിയിട്ടുണ്ട്. വ്രണിത ഹൃദയരായ എ ഗ്രൂപ്പ് നേതാക്കള്‍ക്ക് അര്‍ഹമായ സ്ഥാനം പാര്‍ട്ടിക്കുളളില്‍ നല്‍കുമെന്ന സന്ദേശം രഹസ്യമായി കൈമാറിയിട്ടുണ്ടെന്നാണ് വിവരം. തദ്ദേശസ്വയം ഭരണ സ്ഥാപന തെരഞ്ഞെടുപ്പ് അടുത്ത്‌വരികെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ഗ്രൂപ്പ് സമവാക്യങ്ങള്‍ പാലിക്കലാണ് പുതിയ കെ.പി.സി.സിഅധ്യക്ഷനെ സംബന്ധിച്ചു നിര്‍ണാകമാവുക.ഇതുകൂടാതെ തന്നെ പാര്‍ട്ടിയില്‍ ഉയര്‍ത്തിയസഭയുടെ ആവശ്യങ്ങള്‍ പരിഗണിക്കുകയും വേണം. കണ്ണൂരിന്റെ മലയോര മേഖലയിലെ കര്‍ഷകവിഷയങ്ങള്‍ ഉയര്‍ത്തിപ്പിടുക്കുന്ന കോണ്‍ഗ്രസ്  നേതാവെന്ന ഇമേജ് സണ്ണി ജോസഫിനുണ്ട്. കത്തോലിക്ക സഭയുടെ പിന്‍തുണ കൊണ്ടാണ് മൂന്ന് വട്ടം പേരാവൂര്‍ എം. എല്‍. എയായതും.  എന്നാല്‍ ഈ സാഹചര്യത്തിലും കെ.സുധാകര ഗ്രൂപ്പില്‍ നിന്നും വ്യത്യസതമായ നിലപാട് സ്വീകരിച്ചാല്‍ സണ്ണി ജോസഫിന് പാര്‍ട്ടിക്കുളളില്‍ വലിയ പിന്‍തുണ ലഭിക്കാന്‍ സാധ്യതകുറവാണ്. എ. ഐ.സി.സി സംഘടനാ ജനറല്‍ സെക്രട്ടറിയെന്ന പദവിയും അധികാരവും ഉപയോഗിച്ചു ഗ്രൂപ്പുകളിക്കുന്നുവെന്നല്ലാതെ പാര്‍ട്ടി പ്രവര്‍ത്തകരിലോ  പ്രാദേശിക ഭാരവാഹികളിലോ വലിയ സ്വാധീനമൊന്നും കെ.സി വേണുഗോപാലിനില്ല.

Trending :
facebook twitter