തളിപ്പറമ്പ്: നഗരസഭ സ്റ്റോപ്പ് മെമ്മോ കൊടുത്ത കെട്ടിടത്തിന്റെ ഉദ്ഘാടന ചടങ്ങിൽ നിന്നും നഗരസഭ ചെയര്‍പേഴ്‌സന്‍ പിന്മാറി. ചടങ്ങിൽ നഗരസഭാ ചെയർപേഴ്സൺ മുർഷിദ കൊങ്ങായി ആയിരുന്നു അധ്യക്ഷത വഹിക്കേണ്ടിയിരുന്നത്. തീരദേശ നിയമം കാറ്റിൽ പറത്തി നിർമ്മിച്ച കെട്ടിടത്തിന്റെ ഉദഘാടനത്തിനു എം.എൽ.എ എത്തുമോ എന്ന ചോദ്യമാണ് ഉയരുന്നത്.
ഇതുമായി ബന്ധപ്പെട്ടു ഇന്ന് തളിപ്പറമ്പ് നഗരസഭ കൗൺസിൽ മീറ്റിങ്ങിൽ ഭരണ പക്ഷ കൗൺസിലർ പി സി നസീർ ചോദിച്ച ചോദ്യത്തിന് എഞ്ചിനീയർ രണ്ടുതവണ അത് സന്ദർശിച്ച ശേഷം നിയമലംഘനം കണ്ടെത്തി എന്നും അതിന്റെ റിപ്പോർട്ട് സെക്രട്ടറിക്ക് നൽകിയിരുന്നു, അത് സെക്രട്ടറി മേലധികാരിക്ക് അയച്ചിരുന്നു എന്നാണ് കരുതിയത് എന്നും നഗരസഭാ എഞ്ചിനീയർ മറുപടി പറഞ്ഞു.
തുടർന്ന് നഗരസഭാ ചെയർപേഴ്സൺ ഈ വിഷയത്തിൽ സെക്രട്ടറി കൃത്യമായി മറുപടി നൽകണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ അജണ്ടയിൽ ഉൾപ്പെടാത്തതും ചോദ്യം എഴുതി തരാത്തതുമായതിനാൽ പഠിച്ച് അടുത്ത യോഗത്തിൽ മറുപടി നൽകുമെന്നാണ് സെക്രട്ടറി മറുപടി നൽകിയത്.
തളിപ്പറമ്പ് ഡെസ്റ്റിനേഷന്‍ മാനേജ്‌മെന്റ് കൗണ്‍സിലിന്റെ ഭാഗമായി കുപ്പം ബോട്ട് ജെട്ടിക്ക് സമീപം നിര്‍മ്മിച്ച കെട്ടിടത്തില്‍ ഹോട്ടലുകളും മറ്റ് ഭക്ഷ്യപാനീയങ്ങളുടെ സ്റ്റാളുകളുമാണ് ആരംഭിക്കുന്നത്.
കുപ്പം പാലത്തിന് സമീപത്തെ കുപ്പം എം.എം യു പി സ്കൂൾ തീരദേശ നിയമം ലംഘിച്ചു എന്ന പേരിൽ അവിടെയുള്ള ജീവനകാരുടെ വേതനം നിരവധി കാലം തടഞ്ഞു വച്ചിരുന്നു. സ്കൂളിന് ഒരു നിയമവും സ്വകാര്യ നിർമിതിക്ക് മറ്റൊരു നിയമവും ഉണ്ടോ..? എന്നാണ് ചോദ്യം ഉയരുന്നത്.
നിര്‍മ്മാണം ആരംഭിച്ച ഘട്ടത്തില്‍ തന്നെ നഗരസഭ എഞ്ചിനീയര്‍ ബന്ധപ്പെട്ടവര്‍ക്ക് സ്റ്റോപ്പ് മെമ്മോ നല്‍കിയിരുന്നു. അതൊക്കെ ലംഘിച്ചാണ് ഇപ്പോള്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്.
ഇന്ന് വൈകുന്നേരം എം.വി.ഗോവിന്ദന്‍ എം.എല്‍.എയാണ് കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കുന്നത്.
മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സന്‍ മുര്‍ഷിത കൊങ്ങായിയാണ് അധ്യക്ഷത വഹിക്കുന്നത്. വാര്‍ഡ് കൗണ്‍സിലര്‍ കെ.എം.ലത്തീഫും പരിപാടിയില്‍ സ്വാഗതപ്രസംഗകനായിട്ടുണ്ട്.
നഗരസഭ സ്റ്റോപ്പ് മെമ്മോ നല്‍കിയ കെട്ടിടത്തിന്റെ ഉദ്ഘാടനത്തിന് ചെയര്‍പഴ്‌സന്‍ അധ്യക്ഷത വഹിക്കുന്നതാണ് വിവാദമാകുന്നത്.
ഇവിടെ സ്ഥിരം നിര്‍മ്മിതി പാടില്ലെന്ന് നേരത്തെ നിര്‍ദ്ദേശമുണ്ടായിരുന്നുവെങ്കിലും സിമന്റും കോണ്‍ക്രീറ്റ് കട്ടകളും ഉപയോഗിച്ചാണ് കെട്ടിടം നിര്‍മ്മിച്ചിരിക്കുന്നത്. മാത്രമല്ല പുലര്‍ച്ചെ മൂന്ന് മണി വരെ പ്രവര്‍ത്തിക്കാനും ഇവര്‍ തീരുമാനിച്ചിട്ടുണ്ട്.
മലബാര്‍ ക്രൂയിസ്പദ്ധതിയുടെ ഭാഗമായി ഒരു ബോട്ടു ജെട്ടിയും ആൾക്കാർക്ക് വൈകുന്നേരം നടക്കാനുള്ള നടപ്പാതയും, ഇരിപ്പിടവുമാണുള്ളത്, അവിടെയാണ് ഹോട്ടൽ സമുച്ചയം വന്നത്, അത് പോലെ ഇത് നടത്തിപ്പുകാർക്ക് അനുവദിച്ചത് കൃത്യമായ ടെണ്ടർ ക്ഷണിച്ചാണോ എന്നതും ചർച്ചയാകുന്നുണ്ട്, ടെണ്ടർ അനുവദിച്ചതുമായി ഇവരുടെ ഓഫീസിൽ ബന്ധപ്പെട്ടപ്പോൾ കൃത്യമായ വിവരം ഇല്ല എന്നാണ് അറിയാൻ കഴിഞ്ഞത്.
മലബാര്‍ ക്രൂയിസ്പദ്ധതിയുടെ ഭാഗമായി നിര്‍മ്മിച്ച ബോട്ട് ജെട്ടിയുടെ സിംഹഭാഗവും ഹോട്ടലുകളും ഭക്ഷ്യപാനീയ സ്റ്റാളുകളും കയ്യടക്കിയിരിക്കയാണ്. ഇത് കൂടാതെ ബെല്ലി ഹട്‌സ് എന്ന കൂറ്റന്‍ ബോര്‍ഡും വഴിമുടക്കിയായി ഇവിടെ സ്ഥാപിച്ചിട്ടുണ്ട്.