മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതര്‍ക്കുള്ള വീടുകളുടെ നിര്‍മാണം സെപ്റ്റംബര്‍ 1ന് ആരംഭിക്കും: പി കെ ഫിറോസ്

08:25 AM Aug 30, 2025 |


ഡല്‍ഹിയിലെ മുസ്ലിം ലീഗ് ആസ്ഥാന മന്ദിരം പണി പൂര്‍ത്തിയാക്കിയതുപോലെ വയനാട്ടിലെ ദുരന്തബാധിതര്‍ക്കായുളള വീടുകളുടെ നിര്‍മ്മാണവും പാര്‍ട്ടി പൂര്‍ത്തിയാക്കുമെന്ന് മുസ്ലിം യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പികെ ഫിറോസ്. ഡല്‍ഹിയിലെ ഓഫീസ് പൂര്‍ത്തിയായതുപോലെയോ അതിനേക്കാള്‍ മനോഹരമായോ വയനാട്ടിലെ വീടുകളുടെ നിര്‍മ്മാണം പാര്‍ട്ടി പൂര്‍ത്തിയാക്കുമെന്നും മുണ്ടക്കൈയിലും ചൂരല്‍മലയിലും ഉരുള്‍പൊട്ടിയപ്പോള്‍ ജീവന്‍ ബാക്കിയായവര്‍ക്ക് പാണക്കാട് തങ്ങള്‍ നല്‍കിയ വാക്ക് പാലിക്കുമെന്നും പികെ ഫിറോസ് പറഞ്ഞു. സെപ്റ്റംബര്‍ ഒന്നാം തീയതി നിര്‍മ്മാണം ആരംഭിക്കുകയാണെന്നും ദുരന്തബാധിതര്‍ക്കായി ആദ്യ നിമിഷം മുതല്‍ നിലയുറപ്പിച്ച പ്രസ്ഥാനം അവരോടൊപ്പം ഇനിയുമുണ്ടാകുമെന്നും വിലങ്ങുതടിയാകാന്‍ വന്നവരോട് കേരളം പൊറുക്കില്ലെന്നും പികെ ഫിറോസ് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.

പി കെ ഫിറോസിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം

ഡല്‍ഹിയിലെ നമ്മുടെ ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടനം കഴിഞ്ഞു. രാജ്യ തലസ്ഥാനത്ത് എത്തിച്ചേരുന്ന ഏതൊരാള്‍ക്കും എളുപ്പത്തിലെത്താന്‍ കഴിയുന്ന മര്‍മ്മപ്രധാനമായ സ്ഥലത്താണ് ഓഫീസ് സ്ഥിതി ചെയ്യുന്നത്. ബേസ്‌മെന്റ് ഉള്‍പ്പടെ ആറു നിലകളുള്ള ഓഫീസില്‍ ദേശീയ ഭാരവാഹികള്‍ക്കുള്ള ഓഫീസ് റൂമുകള്‍, കോണ്‍ഫറന്‍സ് ഹാള്‍, ഡിജിറ്റല്‍ ഇന്ററാക്ഷന്‍ സംവിധാനമുള്ള ബോര്‍ഡ് റൂം, ലൈബ്രറി, ആര്‍ക്കൈവ്‌സ്, മീഡിയ റൂം, പോഷക ഘടകങ്ങള്‍ക്കുള്ള ഓഫീസ് റൂമുകള്‍, ബെഡ്‌റൂമുകള്‍ അടക്കം എല്ലാ സൗകര്യങ്ങളുമൊരുക്കിയിട്ടുണ്ട്.

ഗള്‍ഫാര്‍ ഗ്രൂപ്പിന്റെ ഇന്ത്യയിലെ കണ്‍സ്ട്രക്ഷന്‍ കമ്പനിയായ ബാംഗ്ലൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എംഫാര്‍ ഗ്രൂപ്പാണ് നവീകരണ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയത്. പ്രശസ്ത ആര്‍ക്കിടെക്റ്റ് ടോണിയുടെ മേല്‍ നോട്ടത്തിലുള്ള സ്തപതിയാണ് ഓഫീസിനെ ഏറ്റവും മനോഹരമാക്കിയത്.
പരിഹസിച്ചവരുണ്ട്. രേഖകളില്ലാത്ത കെട്ടിടമാണെന്ന് പറഞ്ഞ അല്‍പ്പന്‍മാരുണ്ട്. ഓഫീസ് യാഥാര്‍ത്ഥ്യമാവില്ലെന്ന് ദിവാസ്വപ്നം കണ്ടവരുണ്ട്. അവരുടെയെല്ലാം മുമ്പില്‍ തല ഉയര്‍ത്തി നില്‍ക്കുകയാണ് ഡല്‍ഹിയിലെ മുസ്ലിം ലീഗിന്റെ ആസ്ഥാന മന്ദിരം.

ഇനി വയനാട്ടിലേക്കാണ്.

നടക്കില്ലെന്ന് പറഞ്ഞ ഡല്‍ഹിയിലെ ഓഫീസ് പൂര്‍ത്തിയായത് പോലെയോ അതിനേക്കാള്‍ മനോഹരമായോ വയനാട്ടിലെ വീടുകളുടെ നിര്‍മ്മാണവും പാര്‍ട്ടി പൂര്‍ത്തിയാക്കും. മുണ്ടക്കൈയിലും ചൂരല്‍ മലയിലും ഉരുള്‍പൊട്ടിയപ്പോള്‍ ജീവന്‍ ബാക്കിയായവര്‍ക്ക് പാണക്കാട് തങ്ങള്‍ നല്‍കിയ വാക്ക് പാലിക്കും.

സപ്തംബര്‍ ഒന്നാം തിയ്യതി നിര്‍മ്മാണം ആരംഭിക്കുകയാണ്. മുടക്കാന്‍ നോക്കിയവരുണ്ട്. ദുരന്തമുണ്ടായതിന് ശേഷം ആദ്യമായി മുടക്ക് വക്കാലത്തുമായി വയനാട്ടിലേക്ക് വണ്ടി കയറിയവരുണ്ട്. ഇല്ലാ കഥകള്‍ പാടി നടന്നവരുണ്ട്.

ആരും ഒന്നും മറന്നിട്ടില്ല.

ദുരന്തബാധിതര്‍ക്കായി ആദ്യ നിമിഷം മുതല്‍ നിലയുറപ്പിച്ച പ്രസ്ഥാനം അവരോടൊപ്പം ഇനിയുമുണ്ടാകും. വിലങ്ങുതടിയാകാന്‍ വന്നവരോട് കേരളം പൊറുക്കില്ല.