+

ലോക: ചാപ്റ്റർ 1 ചന്ദ്ര റിവ്യൂ: മലയാളത്തിന്റെ മാർവെൽ, സാങ്കേതികതയിൽ മുമ്പിൽ

2017-ല്‍ പുറത്തെത്തിയ തരംഗം എന്ന ചിത്രത്തിന് ശേഷം ഡൊമിനിക് അരുണിന്റെ സംവിധാനത്തിവലൊരുങ്ങിയ സൂപ്പര്‍ ഹീറോ സിനിമയാണ് 'ലോക: ചാപ്റ്റര്‍ 1 ചന്ദ്ര.' ഇന്ത്യയിലെ ആദ്യത്തെ ലേഡി സൂപ്പര്‍

ട്രൂ ക്രിട്ടിക്

2017-ല്‍ പുറത്തെത്തിയ തരംഗം എന്ന ചിത്രത്തിന് ശേഷം ഡൊമിനിക് അരുണിന്റെ സംവിധാനത്തിവലൊരുങ്ങിയ സൂപ്പര്‍ ഹീറോ സിനിമയാണ് 'ലോക: ചാപ്റ്റര്‍ 1 ചന്ദ്ര.' ഇന്ത്യയിലെ ആദ്യത്തെ ലേഡി സൂപ്പര്‍ ഹീറോ എന്ന തരത്തില്‍ പ്രചരിപ്പിക്കപ്പെട്ട ഈ ചിത്രം, മികച്ച ഒരു കാഴ്ചാനുഭവമാണ് നല്‍കുന്നത്. മുമ്പെങ്ങും കേട്ടിട്ടില്ലാത്ത കഥ എന്നതിലുപരി, സാങ്കേതികപരമായി മികച്ച് നില്‍ക്കുന്ന, കഥപറച്ചിലിന്റെ ശൈലിയില്‍ പുതുമ നിലനിര്‍ത്തിക്കൊണ്ടുള്ള രസകരമായ ഒരു ചിത്രമാണ് ലോക.

  • ഇനിയുള്ള വായനയില്‍ ഏതാനും സ്‌പോയിലറുകള്‍ ഉണ്ടായിരിക്കും എന്നതിനാല്‍, താല്‍പര്യമുള്ളവര്‍ മാത്രം തുടര്‍ന്ന് വായിക്കുക.

ഐതിഹ്യങ്ങളെന്ന് നമ്മള്‍ വിശ്വസിക്കുന്ന പലതും സത്യങ്ങളാണെന്ന് പറഞ്ഞുകൊണ്ട് ചന്ദ്രയുടെയും, അതിമാനുഷിക ശക്തിയുള്ള മറ്റ് ചിലരുടെയും അടുത്തേയ്ക്കാണ് ലോക നമ്മളെ കൂട്ടിക്കൊണ്ടുപോകുന്നത്. വളരെ എന്‍ഗേജിങ് ആയ രീതിയിലുള്ള ആദ്യ സീനിലൂടെ തന്നെ ഇത് സാങ്കേതികമായി മികച്ച് നില്‍ക്കുന്ന ഒരു ചിത്രമാണെന്ന് ഡൊമിനിക് അരുണ്‍ വ്യക്തമാക്കുന്നുണ്ട്. സിനിമാറ്റോഗ്രാഫി, പശ്ചാത്തലസംഗീതം, എഡിറ്റിങ്, ആക്ഷന്‍, കളര്‍ ഗ്രേഡിങ്, സൗണ്ട് ഡിസൈന്‍ എന്നിങ്ങനെ വളരെ മികച്ച രീതിയില്‍ സാങ്കേതികത കോര്‍ത്തിണക്കിയതിനാല്‍, ചന്ദ്രയുടെ ലോകം വളരെ വിശ്വസനീയമായും, താല്‍പര്യപൂര്‍വ്വവും കണ്ടിരിക്കാന്‍ പ്രേക്ഷകര്‍ക്ക് സാധിക്കുന്നുണ്ട്. ഇത്തരമൊരു ചിത്രത്തില്‍ ഒഴിച്ചുകൂടാനാകാത്ത വിഎഫ്എക്‌സ് മേഖലയും വളരെ മികച്ചതായി ചെയ്തിരിക്കുന്നു.

lokha-Chapter-1-Chandru-Review.jpg

കഥയിലേയ്ക്ക് വന്നാല്‍ പണ്ട് കേട്ടിട്ടുള്ള യക്ഷിക്കഥകളില്‍ നിന്നും തങ്ങളുടേതായ ഭാവനയില്‍ ഡൊമിനിക് അരുണ്‍, ശാന്തി ബാലചന്ദ്രന്‍ എന്നിവര്‍ പുതിയൊരു ഭാവുകത്വം സൃഷ്ടിക്കുകയാണ് ചെയ്തിട്ടുള്ളത്. കേട്ട കഥകളുടെ മറുപുറം കാണിക്കുന്നത് പോലെ ഒരു രീതി. അതേസമയം ഐതിഹ്യത്തെ വര്‍ത്തമാനകാലവുമായി മികച്ച രീതിയില്‍ കൂട്ടിയിണക്കാനും ഇവര്‍ക്ക് സാധിച്ചിട്ടുണ്ട്. യക്ഷി, വാംപയര്‍ പോലുള്ള സങ്കല്‍പ്പങ്ങളൊക്കെ ഇന്നിന്റെ രീതിയുമായി കൂട്ടിച്ചേര്‍ത്തുള്ള തിരക്കഥാ രചന നന്നായിരിക്കുന്നു. ഒപ്പം ഓരോന്നിനും കൃത്യമായും, ശാസ്ത്രീയമായുമെല്ലാം നല്‍കിയ വിശദീകരണങ്ങളും വിശ്വസനീയത വര്‍ദ്ധിപ്പിക്കുന്നുണ്ട്.

സാങ്കേതികമായി മികച്ച് നില്‍ക്കുന്നു എന്ന് നേരത്തെ പറഞ്ഞത് പോലെ അഭിനേതാക്കളുടെ രസകരമായ പ്രകടനങ്ങളും സിനിമയ്ക്ക് മുതല്‍ക്കൂട്ടാകുന്നുണ്ട്. നായികയായ കല്യാണി പ്രിയദര്‍ശന്‍ ചന്ദ്ര എന്ന കഥാപാത്രത്തെ നല്ല രീതിയില്‍ അവതരിപ്പിച്ചിട്ടുണ്ട്. നസ്ലെന്‍, ചന്തു സലിം കുമാര്‍, സാന്‍ഡി മുതലായവരും, ഗസ്റ്റ് റോളുകളില്‍ എത്തിയ ചില പ്രമുഖരും ചന്ദ്രയുടെ ലോകത്തെ ഇന്ററസ്റ്റിങ് ആക്കുന്നുണ്ട്.

അതേസമയം സിനിമയുടെ ഒരു പ്രധാന പോരായ്മയായി തോന്നിയത്, ഒരു തുടര്‍ച്ച സൃഷ്ടിക്കാനുള്ള ശ്രമത്തിനിടെ ബോധപൂര്‍വ്വം പല കാര്യങ്ങളും സംവിധായകനും, തിരക്കഥാകൃത്തുക്കള്‍ക്കും മറച്ചുവയ്‌ക്കേണ്ടി വന്നു എന്നതാണ്. അടുത്ത ഭാഗത്തിലാകാം അവയെല്ലാം വെളിവാക്കാന്‍ ഉദ്ദേശിക്കുന്നതെങ്കിലും, ഈ കഥയില്‍ ഒരു അപൂര്‍ണ്ണതയുണ്ടാകാന്‍ ഇത്തരം മറച്ചുവയ്ക്കലുകള്‍ കാരണമായിട്ടുണ്ട്. ഉദാഹരണമായി കല്യാണിയുടെ കഥാപാത്രം എന്ത് ലക്ഷ്യത്തിനായാണ് എത്തിയത് എന്നൊന്നും കൃത്യമായി പറയുന്നില്ല എന്നത് ആകെത്തുകയില്‍ ആസ്വാദനത്തെ കുറച്ചെങ്കിലും മോശമായി ബാധിക്കുന്നുണ്ട്.

എന്നിരുന്നാലും ബജറ്റ് എന്നും പ്രതിസന്ധിയായ മലയാളം പോലൊരു സിനിമാ ഇന്‍ഡസ്ട്രിയില്‍ ലോക പോലെ സാങ്കേതിക മികവുള്ള ഒരു സിനിമ തീര്‍ത്തും പ്രശംസനീയമാണ്. ചെറിയ പോരായ്മകള്‍ മാറ്റി നിര്‍ത്തിയാല്‍ മികച്ചൊരു സിനിമാനുഭവമാണ് 'ലോക: ചാപ്റ്റര്‍ 1 ചന്ദ്ര.'

lokha-Chapter-1-Chandru-Review.jpg

facebook twitter