ട്രൂ ക്രിട്ടിക്
മലയാളത്തിലെ സിനിമാ താരങ്ങളുടെ സംഘടനയായ അസോസിയേഷന്‍ ഓഫ് മലയാളം മൂവി ആര്‍ട്ടിസ്റ്റ്‌സ് അഥവാ 'അമ്മ'യുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ഏറെക്കാലമായി നമ്മുടെ സിനിമാ രംഗത്തിന് മങ്ങലേല്‍പ്പിച്ചു തുടങ്ങിയിട്ട്. കാര്യമായ വിവാദങ്ങളിലൊന്നും ഉള്‍പ്പെടാതെ പലവിധ പരിപാടികളുമായി മുന്നോട്ട് പോയിരുന്ന ഈ സംഘടനയില്‍ നിലവിലെ പ്രധാന പ്രശ്‌നം പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ടാണ്. സംഘടനയുടെ ചരിത്രത്തില്‍ ആദ്യമായി ഒരു വനിതാ പ്രസിഡന്റ് തലപ്പത്ത് വരുമോ എന്ന് ഏവരും ഉറ്റുനോക്കുന്നതിനിടെ അതിന് തുരങ്കം വയ്ക്കാനായി സംഘടനയുമായി യാതൊരു ബന്ധവുമില്ലാത്ത ഏതോ ഒരു വ്യക്തി, പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി ശ്വേതാ മേനോന് എതിരെ അശ്ലീല സിനിമകളിലും, പരസ്യങ്ങളിലും അഭിനയിച്ചു എന്ന് കാട്ടി പൊലീസില്‍ ഒരു പരാതി നല്‍കിയതാണ് ഇതില്‍ ഏറ്റവും ഒടുവിലത്തേത്. എന്താണ് അമ്മയില്‍ ശരിക്കും സംഭവിക്കുന്നത്? അതിന് മുമ്പ് ഈ സംഘടനയുടെ ചരിത്രത്തിലൂടെ ഒന്ന് കണ്ണോടിക്കാം.
സിനിമാ താരങ്ങള്‍ക്കു വേണ്ടി, അവരുടെ അവകാശങ്ങള്‍ക്ക് വേണ്ടി ഒരു സംഘടന എന്ന നിലയ്ക്കാണ് 1994-ല്‍ അസോസിയേഷന്‍ ഓഫ് മലയാളം മൂവി ആര്‍ട്ടിസ്റ്റ്‌സ് എന്ന അമ്മ രൂപീകൃതമായത്. ആദ്യ പ്രസിഡന്റായി എം.ജി സോമന്‍, വൈസ് പ്രസിഡന്റുമാരായി മമ്മൂട്ടി, മോഹന്‍ലാല്‍, സെക്രട്ടറിയായി ടി.പി മാധവന്‍, ജോയിന്റ് സെക്രട്ടറിയായി വേണു നാഗവള്ളി, ട്രഷററായി ജഗദീഷ് എന്നിവരായിരുന്നു ആദ്യ ഭരണസമിതിയിലെ പ്രധാന ഭാരവാഹികള്‍. സുകുമാരി, ഇന്നസന്റ്, മധു, മുരളി, നെടുമുടി വേണു, ശ്രീനിവാസന്‍, സുരേഷ് ഗോപി തുടങ്ങിയ ഏതാനും പ്രമുഖര്‍ എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങളുമായി. മൂന്ന് വര്‍ഷമാണ് ഒരു ഭരണസിമിതിയുടെ കാലയളവ്.
അഭിനേതാക്കള്‍ക്കായി ഒരു കുടംബം പോലെ ആരംഭിച്ച സംഘടന എന്നായിരുന്നു വെപ്പ് എങ്കിലും, ക്രമേണ സംഘടന ചില സ്ഥാപിത താല്‍പര്യക്കാരുടെ കൈയിലെ കളിപ്പാവയായി എന്ന് ആരോപണമുയരാന്‍ തുടങ്ങി. ദരിദ്രരായ നടീനടന്മാര്‍ക്ക് സഹായമെത്തിക്കല്‍, കേരളത്തിന് അകത്തും പുറത്തുമായി സ്റ്റേജ് ഷോകള്‍ എന്നിവയെല്ലാം നടത്തിയിരുന്നെങ്കിലും തിലകനെ വിലക്കിയതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ സംഘടനയെ ഉലച്ചു. എന്നാല്‍ 2000 മുതല്‍ പ്രസിഡന്റായി നിന്ന ഇന്നസെന്റ്, തന്റെ വൈഭവം കൊണ്ട് സംഘടനയെ പിരിയാതെ, പതറാതെ തന്നെ മുന്നോട്ട് നയിച്ചുവന്നു.
അതിനിടെ 2017-ല്‍ ഒരു നടിയെ ക്രൂരമായി ആക്രമിച്ചതുമായി ബന്ധപ്പെട്ട്, അമ്മയിലെ പ്രധാന അംഗങ്ങളില്‍ ഒരാളായിരുന്ന ദിലീപിനെതിരെ ആരോപണം വന്നതോടെ സംഘടന വീണ്ടും വിവാദത്തിലായി. ഇത്തവണ പക്ഷേ തിലകന്റെ കാര്യത്തില്‍ സംഭവിച്ചത് പോലെ പലരും മൗനികളായി ഇരിക്കാന്‍ തയ്യാറായില്ല, പ്രത്യേകിച്ചും സംഘടനയിലെ യുവതലമുറ. ദിലീപിനെ സംഘടനയില്‍ നിന്നും മാറ്റി നിര്‍ത്തുന്നതിലേയ്ക്ക് വരെ കാര്യങ്ങളെത്തി.
ആക്രമണവുമായി ബന്ധപ്പെട്ട കേസ് കോടതിയില്‍ നടക്കുന്നതിനിടെ മലയാള സിനിമയിലെ ലൈംഗിക ചൂഷണം, സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ എന്നിങ്ങനെയുള്ള കാര്യങ്ങള്‍ അന്വേഷിക്കണമെന്ന ആവശ്യം ഉയര്‍ന്നതിനെത്തുടര്‍ന്ന് 2017-ല്‍ സര്‍ക്കാര്‍ ജസ്റ്റിസ് ഹേമയെ അദ്ധ്യക്ഷയാക്കി ഒരു കമ്മിറ്റി രൂപീകരിക്കുകയും, വിവരശേഖരണം നടത്താന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. നടി ശാരദ, മുന്‍ ഐഎഎസ് ഓഫീസറായിരുന്ന കെ.ബി വസന്തകുമാരി എന്നിവരായിരുന്നു കമ്മിറ്റിയിലെ മറ്റ് അംഗങ്ങള്‍. നടി ആക്രമിക്കപ്പെട്ടതിന് പിന്നാലെ അമ്മയില്‍ നിന്നും രാജിവച്ച് പുറത്തുപോയ നടിമാര്‍ വിമന്‍ ഇന്‍ സിനിമ കലക്ടീവ് (ഡബ്ല്യുസിസി) എന്ന പേരില്‍ പുതിയ സംഘടന ഉണ്ടാക്കുകയും, സിനിമാ മേഖലയില്‍ സ്ത്രീകള്‍ക്കെതിരായി നടക്കുന്ന ചൂഷണങ്ങളില്‍ ഇടപെടാന്‍ ആരംഭിക്കുകയും ചെയ്തു.
അങ്ങനെ ഹേമാ കമ്മിറ്റി പലരോടായി സംസാരിച്ച് തയ്യാറാക്കിയ റിപ്പോര്‍ട്ട് 2019 ഡിസംബറില്‍ മുഖ്യമന്ത്രി പിണറായി വിജയന് സമര്‍പ്പിച്ചെങ്കിലും അത് ഏറെക്കാലത്തേയ്ക്ക് പുറംലോകം കണ്ടില്ല. പിന്നീട് 2024 ജൂലൈയില്‍ മാത്രമാണ് വിവരാവകാശ കമ്മീഷന്റെ ഉത്തരവ് പ്രകാരം റിപ്പോര്‍ട്ട് പുറത്തുവിടാന്‍ സര്‍ക്കാര്‍ തയ്യാറായത്.
ഇതിനിടെ 2018-2021 കാലത്ത് മോഹന്‍ലാല്‍ പ്രസിഡന്റായി പുതിയ ഭരണസമിതി തെരഞ്ഞെടുക്കപ്പെട്ടു. 2021 മുതല്‍ 2024 വരെ മോഹന്‍ലാല്‍ തന്നെ വീണ്ടും പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട് പുതിയ ഭരണസമിതി നിലവില്‍ വരികയും ചെയ്തു.
എന്നാല്‍ 2018 മുതലുള്ള മീടൂ ആരോപണങ്ങള്‍ മുതല്‍ ഇതിനിടെ നിരവധി ലൈംഗികാരോപണങ്ങളാണ് പ്രമുഖരായ നടന്മാര്‍ക്കും, സംവിധായകര്‍ക്കും, നിര്‍മ്മാതാക്കള്‍ക്കുമെതിരെ ഉയര്‍ന്നുവന്നത്. 2024-ല്‍ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് കൂടി പുറത്തെത്തിയതോടെ മലയാള സിനിമയുടെ കാണാത്ത ലോകം കൂടി പുറത്തെത്തി. വിജയ് ബാബു, ബാബു രാജ്, ഇടവേള ബാബു, സിദ്ദിഖ്, ബാലചന്ദ്രമേനോന്‍, രഞ്ജിത്, ജയസൂര്യ, ഹരിഹരന്‍, മണിയന്‍പിള്ള രാജു, മുകേഷ് മുതലായവരെല്ലാം ഇത്തരം ആരോപണങ്ങള്‍ നേരിട്ടു. തുടര്‍ന്ന് അമ്മയുടെ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നും സിദ്ദിഖ് രാജി വയ്ക്കുന്നതിലേയ്ക്കും, പിന്നീട് മോഹന്‍ലാല്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ഭരണസിമിതി പിരിച്ചുവിടുന്നതിലേയ്ക്കും വരെ കാര്യങ്ങളെത്തി. ഒരു വര്‍ഷക്കാലം അമ്മയ്ക്ക് സ്ഥിരം ഭരണസിമിതി ഇല്ലാതിരുന്നതിന് ശേഷം 2025-2028 കാലഘട്ടത്തിലേയ്ക്ക് നടക്കുന്ന തെരഞ്ഞെടുപ്പിലാണ് ഈ പുതിയ വിവാദങ്ങള്‍.
അമ്മ സംഘടന സ്ത്രീകളെ പിന്തുണയ്ക്കുന്നില്ലെന്ന ആരോപണം ഏറെക്കാലമായി നിലനില്‍ക്കുന്നതാണ്. 2017-ല്‍ നടി ആക്രമിക്കപ്പെട്ടപ്പോള്‍ പോലും സംഘടന ആരോപണവിധേയര്‍ക്ക് ഒപ്പം നില്‍ക്കുന്നതാണ് കണ്ടിട്ടുള്ളത്. അത്തരം നിരവധി സംഭവങ്ങളില്‍ നിഷ്പക്ഷത പാലിക്കാന്‍ അമ്മയ്ക്ക് സാധിച്ചിരുന്നില്ല. ഈ അവസരത്തിലാണ് ഏവര്‍ക്കും സ്വീകാര്യരായ ആളുകള്‍ ഭരണസമിതിയുടെ തലപ്പത്തേയ്ക്ക് വരണം എന്ന് സംഘടനയ്ക്കുള്ളില്‍ നിന്ന് തന്നെ ആവശ്യമുയര്‍ന്നത്. പിന്നാലെ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് ജഗദീഷ്, ശ്വേതാ മേനോന്‍, ബാബുരാജ്, ജോയ് മാത്യു, ദേവന്‍ മുതലായവരെല്ലാം മത്സരിക്കാന്‍ രംഗത്തെത്തിയിരുന്നു. ലൈംഗികാരോപണം കാരണം ബാബുരാജ് പിന്മാറുകയും, ഒരു സ്ത്രീ പ്രസിഡന്റ് ആകുന്നതാണ് നല്ലത് എന്ന് പല ദിക്കുകളില്‍ നിന്നും അഭിപ്രായമുയര്‍ന്നതോടെ, എന്നും തന്റെ നിലപാടുകള്‍ക്ക് പേര് കേട്ടിട്ടുള്ള ജഗദീഷ്, ഒരു സ്ത്രീ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് വരികയാണെങ്കില്‍ താന്‍ മത്സരരംഗത്ത് നിന്നും പിന്മാറുകയാണ് എന്നറിയിക്കുകയും ചെയ്തു.
അതോടെ പ്രസിഡന്റ് സ്ഥാനത്തേയ്ക്കുള്ള പ്രധാന മത്സരം ശ്വേതാ മേനോനും, ദേവനും തമ്മിലായി. ഇതിനിടെ എതിരാളികളില്ലാതെ വന്നതോടെ അന്‍സിബ ഹസ്സന്‍ ജോയിന്റ് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. കുക്കു പരമേശ്വരന്‍ കൂടി ജനറല്‍ സെക്രട്ടറി സ്ഥാനത്തേയ്ക്ക് മത്സരിക്കാനെത്തിയതോടെ, അമ്മ വിപ്ലവകരമായ മാറ്റത്തിന് ഒരുങ്ങുകയാണോ എന്ന പ്രതീതി പരക്കുന്നതിനിടെയാണ് സ്ത്രീ മത്സരാര്‍ത്ഥികള്‍ക്കെതിരെ പുതിയ ആരോപണങ്ങള്‍ തലപൊക്കിയത്.
പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായ ശ്വേതാ മേനോന്‍, അശ്ലീല സിനിമകള്‍, പരസ്യങ്ങള്‍ എന്നിവയില്‍ അഭിനയിക്കുകയും, ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച് പണം സമ്പാദിക്കുകയും ചെയ്തു എന്ന് പൊതുപ്രവര്‍ത്തകന്‍ എന്ന് പറയപ്പെടുന്ന മാര്‍ട്ടിന്‍ മേനാച്ചേരി എന്ന വ്യക്തിയാണ് പൊലീസില്‍ പരാതി നല്‍കിയത്. പാലേരി മാണിക്യം, രതിനിര്‍വ്വേദം, കളിമണ്ണ് തുടങ്ങിയ സിനിമകളും, ശ്വേത അഭിനയിച്ച ഗര്‍ഭനിരോധന ഉറയുടെ പരസ്യവുമായിരുന്നു പരാതിക്ക് ആധാരം. ആദ്യ ഘട്ടത്തില്‍ പൊലീസ് പരാതി അവഗണിച്ചെങ്കിലും, പരാതിക്കാരന്‍ പിന്നീട് എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ പോയതോടെ കേസെടുക്കാന്‍ കോടതി നിര്‍ദ്ദേശം നല്‍കുകയായിരുന്നു.
ശ്വേത പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് വരരുത് എന്ന് കരുതി മനപ്പൂര്‍വ്വമായി ഉണ്ടാക്കിയെടുത്ത ഒരു കേസാണിത് എന്ന് ആദ്യം തന്നെ അഭിപ്രായമുയര്‍ന്നിരുന്നു. കാലങ്ങള്‍ക്ക് മുമ്പ് സെന്‍സര്‍ ചെയ്ത് പുറത്തുവന്ന സിനിമകളും, പരസ്യവുമെല്ലാം ഇത്രയും കാലം ഇല്ലാതിരുന്ന അശ്ലീലതയോടെ പരാതിയില്‍ പരാമര്‍ശിക്കപ്പെട്ടത് പരാതിയുടെ ഉദ്ദേശ്യശുദ്ധിയെയും ചോദ്യം ചെയ്യുന്നുണ്ട്. പരാതിക്കാരന്‍ പൊതുപ്രവര്‍ത്തകന്‍ എന്ന് പറയപ്പെടുന്നുണ്ടെങ്കിലും, ആര്‍ക്കൊക്കെയോ വേണ്ടി പ്രവര്‍ത്തിക്കുകയാണ് എന്ന സ്വാഭാവിക സംശയം ഉയരുന്നതും ഇവിടെയാണ്.
കേസെടുത്തതോടെ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ശ്വേതാ മേനോന്‍ ഹൈക്കോടതിയെ സമീപിക്കുകയും, വസ്തുതകള്‍ പരിശോധിക്കാതെയാണ് പൊലീസ് കേസെടുത്തത് എന്നും ഹര്‍ജിയില്‍ വ്യക്തമാക്കുകയും ചെയ്തു. ഇത് സ്വീകരിച്ച ഹൈക്കോടതി ശ്വേതയ്ക്ക് എതിരായ കേസിന്റെ തുടര്‍നടപടികള്‍ സ്റ്റേ ചെയ്യുകയും, എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയോട് റിപ്പോര്‍ട്ട് തേടുകയും ചെയ്തു. തത്വത്തില്‍ ഈ കേസ് പൊട്ടാ പടക്കമായി മാറി എന്നര്‍ത്ഥം. അപ്പോള്‍ ആരാണ് ഇതിന് പിന്നില്‍? മുമ്പ് തിലകന്‍ അടക്കം ഉയര്‍ത്തിയ ആരോപണങ്ങളെ ശരിവയ്ക്കുന്ന തരത്തിലുള്ള വളരെ വൃത്തികെട്ട ഒരു സംഘത്തിന്റെ, ഗുണ്ടാ സംഘമെന്ന് തന്നെ പറയാവുന്ന, ഒരു കൂട്ടരല്ലേ ഇതിന് പിന്നില്‍ കളിച്ചത്? ഒരു സ്ത്രീ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് വന്നാല്‍, തങ്ങളുടെ പല താല്‍പര്യങ്ങളും നടപ്പിലാകില്ല എന്ന് മുന്‍കൂട്ടി കണ്ട ആ 'ചിലര്‍' ഇത്തരത്തില്‍ ശ്വേതയ്ക്ക് എതിരെ പ്രവര്‍ത്തിക്കുകയായിരുന്നില്ലേ?
തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ജനറല്‍ സെക്രട്ടറി സ്ഥാനാര്‍ത്ഥിയായ കുക്കു പരമേശ്വരന് എതിരെ ഉയര്‍ന്നിരിക്കുന്ന മെമ്മറി കാര്‍ഡ് ആരോപണവും വിവാദമായിരിക്കുകയാണ്. ഹേമാ കമ്മിറ്റി അന്വേഷണം തുടങ്ങിയതിന് പിന്നാലെ അമ്മയിലെ നടിമാര്‍ ഒരു യോഗം ചേരുകയും, അവര്‍ക്ക് ഉണ്ടായ ദുരനുഭവങ്ങള്‍ വിവരിക്കുന്നത് വീഡിയോ ആയി ചിത്രീകരിക്കുകയും ചെയ്തു എന്നാണ് പറയുന്നത്.
ഈ വീഡിയോ അടങ്ങിയ മെമ്മറി കാര്‍ഡ് കുക്കു പരമേശ്വരന്റെ കൈയിലാണ് ഉള്ളത് എന്നും, അതെവിടെ എന്ന് വ്യക്തമാക്കണമെന്നും, ഭാവിയില്‍ ഇത് ലീക്കായേക്കും എന്നും ആരോപിച്ച് പൊന്നമ്മ ബാബു, ഉഷ ഹസീന തുടങ്ങിയ നടിമാരാണ് രംഗത്തെത്തിയത്. പൊന്നമ്മ ബാബു, ഉഷ ഹസീന, പ്രിയങ്ക, ലക്ഷ്മിപ്രിയ എന്നിവര്‍ അമ്മയ്ക്ക് പരാതി നല്‍കുകയും ചെയ്തിട്ടുണ്ട്.
എന്നാല്‍ അത്തരമൊരു മെമ്മറി കാര്‍ഡ് കൈവശമില്ല എന്നാണ് കുക്കു പറയുന്നത്. താന്‍ മത്സരരംഗത്തുള്ളത് കാരണമാണ് ഇങ്ങനെയൊരു ആരോപണം വന്നതെന്നും, തനിക്കെതിരെ സൈബര്‍ ആക്രമണം നടക്കുന്നുവെന്നും കാട്ടി കുക്കു പരമേശ്വരന്‍ ഡിജിപിക്ക് പരാതി നല്‍കിയിട്ടുണ്ട്. ഇതില്‍ ആരുടെ ഭാഗത്താണ് ന്യായം, കുക്കുവിന്റെയോ, പരാതി നല്‍കിയ നടിമാരുടെയോ?
ഇതെല്ലാം എന്താണ് കാണിക്കുന്നത്? അമ്മ സംഘടനയിലെ തന്നെ ഒത്തൊരുമയില്ലായ്മ എന്നതിനപ്പുറം, ചില സ്ഥാപിത താല്‍പര്യക്കാര്‍ അവരുടെ ഇഷ്ടത്തിനനുസരിച്ച് സംഘടനയുടെ വളയം തിരിക്കാന്‍ ശ്രമിക്കുകയാണ് എന്ന് കരുതുന്നതില്‍ തെറ്റുണ്ടോ? ആരോപണവിധേയവരായ മിക്കവര്‍ക്കുമെതിരായ പരാതികളില്‍ പിന്നീട് മുന്നോട്ട് പോകാന്‍ പരാതിക്കാര്‍ ശ്രമിക്കാത്തതിന് കാരണവും ഇവരുടെ ശക്തമായ സ്വാധീനമാണോ? ഉത്തരം കിട്ടാത്തതും, ഉത്തരം കിട്ടേണ്ടതുമായ ചോദ്യങ്ങളാണിവ. എന്തായാലും ഓഗസ്റ്റ് 15-ന് നടക്കുന്ന അമ്മ തെരഞ്ഞെടുപ്പില്‍ സ്ത്രീകള്‍ നയിക്കുന്ന പുതിയ ഭരണസമിതി അധികാരത്തില്‍ വരുമോ, അതോ ആ 'ചിലര്‍' തന്നെ അണിയറയിലെ നീക്കങ്ങളിലൂടെ അധികാരം കൈയാളുന്നത് തുടരുമോ എന്ന് കണ്ടറിയാം.