+

ഡൽഹിയിൽ ഇന്ത്യൻ വസ്ത്രം ധരിച്ചെത്തിയ ദമ്പതികൾക്ക് റസ്റ്ററന്റിൽ പ്രവേശനം നിഷേധിച്ചതായി പരാതി

ഇന്ത്യൻ വസ്ത്രം ധരിച്ചെത്തിയ ദമ്പതികളെ റസ്റ്ററന്റിൽ വിലക്കിയതായി പരാതി. ഡൽഹി പിതംപുരയിലാണ് സംഭവം. മറ്റുള്ളവരെ റസ്റ്ററന്റിനകത്തേക്ക് പ്രവേശിപ്പിച്ചെങ്കിലും തങ്ങളെ മാനേജർ തടഞ്ഞുവെച്ചുവെന്ന് ദമ്പതികൾ ആരോപിച്ചു.

ന്യൂഡൽഹി: ഇന്ത്യൻ വസ്ത്രം ധരിച്ചെത്തിയ ദമ്പതികളെ റസ്റ്ററന്റിൽ വിലക്കിയതായി പരാതി. ഡൽഹി പിതംപുരയിലാണ് സംഭവം. മറ്റുള്ളവരെ റസ്റ്ററന്റിനകത്തേക്ക് പ്രവേശിപ്പിച്ചെങ്കിലും തങ്ങളെ മാനേജർ തടഞ്ഞുവെച്ചുവെന്ന് ദമ്പതികൾ ആരോപിച്ചു. റസ്റ്ററന്റിനുമുന്നിൽ നിന്നും ഇരുവരും വീഡിയോ പകർത്തുകയും ചെയ്തു. യുവതി ചുരിദാറും യുവാവ് ടീ ഷർട്ടും പാന്റ്‌സുമാണ് ധരിച്ചിരുന്നത്. എന്നാൽ ഈ വേഷം അനുയോജ്യമല്ലെന്നും അകത്തേക്ക് കയറാനാവില്ലെന്നും റസ്റ്ററന്റ് മാനേജർ പറഞ്ഞതായി ഇവർ വീഡിയോവിൽ പറയുന്നുണ്ട്. അല്പവസ്ത്രധാരികളെ റസ്റ്റോറന്റിലേക്ക് കയറ്റിവിട്ടുവെന്നും സാരി ധരിക്കുന്ന രാഷ്ട്രപതിയെ പോലും ഇവർ ഇതിനകത്തേക്ക് കയറ്റുമെന്ന് തോന്നുന്നില്ലെന്നും ദമ്പതികൾ പറഞ്ഞു.

അതേസമയം വിഷയം ഏറ്റെടുത്തിരിക്കയാണ് ബിജെപി നേതാക്കൾ. ഡൽഹി കാബിനറ്റ് മന്ത്രിയായ കപിൽ മിശ്ര പ്രതികരിച്ച് രംഗത്ത് വന്നു. ഇക്കാര്യം മുഖ്യമന്ത്രി രേഖ ഗുപ്തയുടെ ശ്രദ്ധയിൽപ്പെടുത്തിയതായി അദ്ദേഹം എക്‌സിൽ കുറിച്ചു. ഡൽഹിയിൽ ഇത്തരം കാര്യങ്ങൾ അംഗീകരിക്കാനാവില്ലെന്നും വിഷയം ഗൗരവത്തോടെയാണ് കാണുന്നതെന്നും റസ്റ്റോറന്റ് അധികൃതർ ഇനി ഇത്തരം സംഭവമുണ്ടാകില്ലെന്ന് ഉറപ്പുനൽകിയതായും അദ്ദേഹം അറിയിച്ചു.

ആരോപണങ്ങളെ നിഷേധിച്ച് റസ്റ്ററന്റ് ഉടമ രംഗത്ത് വന്നു. ദമ്പതികൾ ഇവിടം ബുക്ക് ചെയ്തിരുന്നില്ലെന്നും അതുകൊണ്ടാണ് പ്രവേശനം നിഷേധിച്ചതെന്നും അദ്ദേഹം പറഞ്ഞു. റസ്റ്റോറന്റിലേക്കുള്ള പ്രവേശനത്തിന് വസ്ത്രധാരണ മാനദണ്ഡമില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ഇതിനോടകം സമൂഹമാധ്യമത്തിൽ റസ്റ്ററന്റിനെതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്. ഇന്ത്യൻ സംസ്‌കാരത്തെ അവഹേളിക്കുകയാണുണ്ടായതെന്നും സ്ഥാപനത്തെ ബഹിഷ്‌കരിക്കണമെന്നടക്കമാണ് പ്രതികരണങ്ങൾ

facebook twitter