കോവിഡുമായി ബന്ധപ്പെട്ട കേസില്‍ ചൈന 24 ബില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം നല്കാന് അമേരിക്കന്‍ കോടതിയുടെ ഉത്തരവ്. കോവിഡ് -19 പൊട്ടിപ്പുറപ്പെടലിനെക്കുറിച്ച് ചൈന ലോകത്തെ തെറ്റിദ്ധരിപ്പിച്ചുവെന്നും പകര്‍ച്ചവ്യാധിയുടെ ആദ്യ മാസങ്ങളില്‍ സംരക്ഷണ ഉപകരണങ്ങള്‍ പൂഴ്ത്തിവെച്ചുവെന്നുമുള്ള ആരോപണത്തില്‍ മിസോറി സംസ്ഥാനത്തിന് 24 ബില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം നല്കാന് ചൈനയോട് അമേരിക്കന്‍ ഫെഡറല്‍ കോടതി ഉത്തരവിട്ടു.
2020 ഏപ്രിലില്‍ മഹാമാരിയുടെ ആദ്യ മാസങ്ങളില്‍ മിസോറിയിലെ അറ്റോര്‍ണി ജനറലാണ് കേസ് ഫയല്‍ ചെയ്തത്. വൈറസിന്റെ വ്യാപനത്തെക്കുറിച്ചുള്ള വിവരങ്ങള്‍ മറച്ചുവെച്ചുകൊണ്ട് ചൈന താമസക്കാരെ അപകടത്തിലാക്കുന്നുവെന്ന് സംസ്ഥാനം ആരോപിച്ചു.
സംരക്ഷണ ഉപകരണങ്ങളുടെ കയറ്റുമതി ചൈന മനഃപൂര്‍വ്വം പരിമിതപ്പെടുത്തിയെന്നും ഇത് വിലക്കയറ്റത്തിനും ക്ഷാമത്തിനും കാരണമായെന്നും മിസോറി ഗവര്‍ണര്‍ നല്കിയ കേസില്‍ പറയുന്നു . 2020 ലും 2021 ലും മിസോറിയില്‍ മരണകാരണമായ മൂന്നാമത്തെ പ്രധാന കാരണം കോവിഡ്-19 ആണെന്ന് സംസ്ഥാനത്തെ അഭിഭാഷകര്‍ പറഞ്ഞു.