കണ്ണൂർ : പ്രായത്തിനെ കവച്ചു വയ്ക്കുന്ന പ്രവർത്തന മികവുമായി പാർട്ടി വേദികളിൽ സജിവമായിരുന്ന പി.കെ ശ്രീമതിക്ക് പ്രായപരിധിയിൽ ഇളവു നൽകിയില്ല. മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര കമ്മിറ്റിയംഗമായ ഇ.പി ജയരാജനും പ്രായ പരിധിയിൽ ഇളവു നൽകിയ കേന്ദ്ര നേതൃത്വം പി.കെ ശ്രീമതിയെ തഴയുകയായിരുന്നു. ജനാധിപത്യ മഹിളാ അസോസിയേഷൻ അഖിലേന്ത്യാ നേതാവെന്ന നിലയിൽ പി.കെ ശ്രീമതിയെ സംസ്ഥാന കമ്മിറ്റിയിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യമുയർന്നെങ്കിലും കേന്ദ്ര നേതൃത്വം പരിഗണിച്ചില്ല.
കൊല്ലത്ത് നടന്ന സിപിഎം സംസ്ഥാന സമ്മേളനത്തില്‍ 89 അംഗ സംസ്ഥാന കമ്മിറ്റി അംഗങ്ങളെയും ഒപ്പം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളെയും തെരഞ്ഞെടുത്തതിൽ നിന്നാണ് പി.കെ ശ്രീമതി, എ.കെ ബാലൻ തുടങ്ങിയ നേതാക്കളെ ഒഴിവാക്കിയത്. രണ്ട് വനിതകളെ ഉള്‍പ്പെടെ പതിനേഴ് പുതുമുഖങ്ങള്‍ സംസ്ഥാന കമ്മിറ്റിയില്‍ ഉള്‍പ്പെട്ടപ്പോള്‍ കെ കെ ശൈലജ സംസ്ഥാന സെക്രട്ടറിയേറ്റില്‍ പി.കെ ശ്രീമതിക്ക് പകരം പുതിയ അംഗങ്ങളിൽ ഒരാളായി മാറി.
ഇത്തവണത്തെ സംസ്ഥാന കമ്മിറ്റി അംഗങ്ങളിലേയും സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളിലേയും വനിതാ പ്രാതിനിധ്യം സന്തുലിതാവസ്ഥയിലാണ്.സി എസ് സുജാത, പി സതീദേവി, കെ.പി.മേരി, ജെ.മേഴ്സിക്കുട്ടിയമ്മ, ടി.എൻ.സീമ, കെ എസ് സലീഖ, കെ കെ ലതിക, ഡോ. ചിന്ത ജെറോം, കെ ശാന്തകുമാരി, ആര് ബിന്ദു എന്നിവരാണ് സിപിഎം സംസ്ഥാന സമിതിയിലെ വനിതാ അംഗങ്ങൾ. ഇതിൽ കെ ശാന്തകുമാരി, ആര് ബിന്ദു എന്നിവർ പുതുമുഖങ്ങളാണ്. സെക്രട്ടേറിയറ്റ് അംഗങ്ങളിൽ കെകെ ശൈലജയും ഉൾപ്പെടുന്നുണ്ട്. വീണാ ജോര്‍ജ്ജിനെ സംസ്ഥാന കമ്മിറ്റിയില്‍ ക്ഷണിതാവായാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
സുഭാഷിണി അലിയും ബ്രിന്ദാ കാരാട്ടും കെ കെ ശൈലജയും പി കെ ശ്രീമതിയും സി എസ് സുജാതയും പിന്നെ 75 വനിതാ പ്രതിനിധികളും ആണ് സിപിഎം സംസ്ഥാന സമ്മേളനത്തിൽ പങ്കെടുത്തത്. ഇതാ കൂടാതെ വോളൻ്റിയേർസായി നൂറോളം വനിതകൾ പ്രവർത്തിക്കുന്നുണ്ട് . റെഡ് വാളൻ്റിയേർസിലെ മൂന്നിലൊന്ന് വനിതകളാണ്. കണ്ണൂരിൽ നിന്നും എൻ.സുകന്യയെ സംസ്ഥാന കമ്മിറ്റിയിലേക്ക് പരിഗണിക്കാത്തതിൽ വിമർശനമുയർന്നിട്ടുണ്ട്.