+

ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ്: 72-കാരിക്ക് നഷ്ടമായത് 4.67 കോടി രൂപ

ചെന്നൈയിൽ  ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പിലൂടെ 72-കാരിയുടെ 4.67 കോടി രൂപ തട്ടിയെടുത്ത കേസിൽ 15 കോളേജ് വിദ്യാർഥികൾ അറസ്റ്റിൽ. ചെന്നൈ അഭിരാമപുരം സ്വദേശിനിയായ റിട്ട. എൻജിനീയറിൽനിന്ന് പണം തട്ടിയെടുത്ത വിദേശസംഘത്തിന് സഹായികളായി പ്രവർത്തിച്ച വിദ്യാർഥികളാണ് പിടിയിലായത്.

ചെന്നൈ: ചെന്നൈയിൽ  ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പിലൂടെ 72-കാരിയുടെ 4.67 കോടി രൂപ തട്ടിയെടുത്ത കേസിൽ 15 കോളേജ് വിദ്യാർഥികൾ അറസ്റ്റിൽ. ചെന്നൈ അഭിരാമപുരം സ്വദേശിനിയായ റിട്ട. എൻജിനീയറിൽനിന്ന് പണം തട്ടിയെടുത്ത വിദേശസംഘത്തിന് സഹായികളായി പ്രവർത്തിച്ച വിദ്യാർഥികളാണ് പിടിയിലായത്.

ഇവരുടെ വീടുകളിൽ നടത്തിയ പരിശോധനയിൽ 52.68 ലക്ഷം രൂപ പിടിച്ചെടുത്തു. ഈ പണം കോടതിയുടെ നിർദേശപ്രകാരം പരാതിക്കാരിക്ക്‌ തിരികെ നൽകി.മൊബൈൽ ഫോൺ നമ്പർ ബ്ലോക്കാകുമെന്ന് അറിയിച്ചു കഴിഞ്ഞവർഷം സെപ്റ്റംബറിലാണ് പരാതിക്കാരിക്ക്‌ ഫോൺ സന്ദേശം ലഭിച്ചത്. ഇവരുടെ പാൻ നമ്പർ, ആധാർ കാർഡ് നമ്പർ, ബാങ്ക് അക്കൗണ്ട് എന്നിവ ഉപയോഗിച്ച് കള്ളപ്പണം വെളുപ്പിച്ചിട്ടുണ്ടെന്നും ഇതുമായി ബന്ധപ്പെട്ട് ഡൽഹിയിലും മുംബൈയിലും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അറിയിച്ചു.

വ്യാജ പാസ്പോർട്ട് അടക്കമുള്ള രേഖകൾ അടങ്ങുന്ന പാഴ്‌സൽ ഇവരുടെപേരിൽ വന്നെന്നും പറഞ്ഞു. എത്രയും വേഗം മുംബൈയിലെത്തി പോലീസിൽ കീഴടങ്ങണമെന്നും നിർദേശിച്ചു. എന്നാൽ, തനിക്ക് വരാൻ സാധിക്കില്ലെന്ന് ഇവർ അറിയിച്ചു. തുടർന്നാണ് ആർ.ബി.ഐ.യ്ക്ക് പരിശോധിക്കാൻവേണ്ടി ബാങ്ക് അക്കൗണ്ടുകളിലുള്ള മുഴുവൻ പണവും വിവിധ അക്കൗണ്ടുകളിലേക്ക് നിക്ഷേപിക്കാൻ നിർദേശിച്ചത്. പണം നിക്ഷേപിച്ചതിനുശേഷം യാതൊരു പ്രതികരണവും ലഭിക്കാതെ വന്നതോടെയാണ് പരാതി നൽകിയത്. 

തമിഴ്നാട് സൈബർ പോലീസ് നടത്തിയ അന്വേഷണത്തിൽ കഴിഞ്ഞദിവസം ചെന്നൈ സ്വദേശിയായ മുത്തുരാമൻ അറസ്റ്റിലായി. ഇയാളിൽനിന്ന് ലഭിച്ച വിവരത്തിൽനിന്നാണ് വിദ്യാർഥികളെ പിടികൂടിയത്. വിദേശത്തുള്ള പ്രധാന പ്രതികളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭിച്ചിട്ടില്ല. തട്ടിപ്പിലൂടെ സ്വരൂപിച്ച പണം ക്രിപ്‌റ്റോ കറൻസിയിലൂടെ വിദേശത്തേക്കു മാറ്റാനാണ് ഇവർ വിദ്യാർഥികളെ ഉപയോഗിച്ചത്. ഇതിന് ഇവർക്ക് വലിയ തുക കമ്മിഷനായി നൽകിയിരുന്നു.

facebook twitter