കോവിഡിന് ശേഷമുള്ള പെട്ടെന്നുള്ള മരണങ്ങൾക്ക് വാക്സിനുമായി ബന്ധമില്ല : കേന്ദ്രസർക്കാർ

06:01 PM Jul 02, 2025 | Neha Nair

ന്യൂഡൽഹി: കോവിഡിന് ശേഷമുള്ള പെട്ടെന്നുള്ള മരണങ്ങൾക്ക് വാക്സിനുമായി ബന്ധമില്ലെന്ന് കേന്ദ്രസർക്കാർ. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസേർച്ചും എയിംസും സംയുക്തമായി നടത്തിയ പഠനത്തിൽ ഇക്കാര്യം വ്യക്തമായെന്നാണ് കേന്ദ്രസർക്കാർ വിശദീകരിക്കുന്നത്. കോവിഡിന് ശേഷം അകാലമരണവും ഹൃദയാഘാതവും വർധിച്ചിരുന്നു.

യുവാക്കളിലെ ഹൃദയാഘാതത്തിന് കോവിഡ് വാക്സിനുമായി യാതൊരു ബന്ധവുമില്ലെന്ന് പഠനത്തിൽ കണ്ടെത്തിയതായി ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. പെട്ടെന്നുള്ള മരണം കണ്ടെത്താൻ ഐ.സി.എം.ആർ, നാഷണൽ സെന്റർ ഫോർ ഡിസീസ് കൺട്രോളും ചേർന്ന് പഠനത്തിലാണ്. 18നും 45നും ഇടയിലുള്ളവർക്കാണ് മരണം കൂടുന്നത്. രാജ്യത്തെ 47 ആശുപത്രികളിലാണ് പഠനം നടത്തിയത്.

കർണാടകയിലെ ഹാസനിൽ ഹൃദയാഘാതം മൂലം ആളുകൾ മരിച്ച സംഭവത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി സിദ്ധരാമയ്യ രംഗത്തെത്തിയിരുന്നു. ഗൗരവത്തോടെയാണ് വിഷയത്തെ സമീപിക്കുന്നതെന്നും ജയദേവ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കാർഡിയോവാസ്കുലാർ സയൻസിലെ ഡയറക്ടർ രവീന്ദ്രനാഥിന്റെ നേതൃത്വത്തിൽ വിഷയം അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.

10 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ സമിതിയോട് നിർദേശിച്ചിട്ടുുണ്ട്. ഇതേ കമ്മിറ്റി യുവാക്കൾക്കിടയിലെ അകാലമരണങ്ങൾക്ക് കാരണം കോവിഡ് വാക്സിനാണോയെന്ന എന്ന കാര്യത്തിലും പഠനം നടത്തിയിരുന്നു.അതിവേഗത്തിൽ കോവിഡ് വാക്സിന് അനുമതി നൽകി വിതരണം ചെയ്തത് ചിലപ്പോൾ മരണങ്ങൾക്ക് കാരണമായിട്ടുണ്ടാകാമെന്നും സിദ്ധരാമയ്യ എക്സിൽ കുറിച്ചു.