മേല്‍ഘടകങ്ങള്‍ക്ക് നല്‍കിയ പരാതികള്‍ നേതൃത്വം പരിഗണിച്ചില്ല : പാലക്കുഴയിൽ സിപിഐഎം പഞ്ചായത്ത് പ്രസിഡന്റ്‌ പാർട്ടിസ്ഥാനങ്ങൾ രാജിവെച്ചു

12:30 PM Nov 07, 2025 | AVANI MV

എറണാകുളം: കൂത്താട്ടുകുളം പാലക്കുഴ പഞ്ചായത്ത് പ്രസിഡന്റ് കെ എ ജയ പാർട്ടി പദവികളിൽ നിന്നും രാജി വച്ചു. സിപിഐഎം ലോക്കല്‍ 
കമ്മിറ്റിയംഗം ഉൾപ്പെടെ പാര്‍ട്ടിയിലെ എല്ലാ സ്ഥാനമാനങ്ങളില്‍ നിന്നും രാജി വെച്ചതായി ജയ അറിയിച്ചു.മുമ്പ് ചേര്‍ന്ന ലോക്കല്‍ കമ്മിറ്റി യോഗത്തില്‍ ഹാജരായ തന്നെ ലോക്കല്‍ സെക്രട്ടറി അധിക്ഷേപിച്ചതായും ജയ ആരോപിച്ചു.  സിപിഐഎം പാലക്കുഴ ലോക്കല്‍ സെക്രട്ടറിക്കെതിരെ പാര്‍ട്ടി മേല്‍ഘടകങ്ങള്‍ക്ക് നല്‍കിയ പരാതികള്‍ നേതൃത്വം പരിഗണിച്ചില്ലെന്നും പാര്‍ട്ടി ലോക്കല്‍ സെക്രട്ടറി തന്നെ ബുദ്ധിമുട്ടിച്ചെന്നുമാണ് രാജിക്ക് കാരണമായി ജയ പറയുന്നത്. 

ചൊവാഴ്ച ചേര്‍ന്ന സിപിഐഎം പാര്‍ട്ടി ലോക്കല്‍ കമ്മിറ്റി യോഗത്തില്‍ നിന്ന് കെഎ ജയ വിട്ടുനിന്നു. പാലക്കുഴ പഞ്ചായത്തിന് ജില്ലാ-സംസ്ഥാന തലങ്ങളില്‍ മികച്ച പഞ്ചായത്തിനുളള പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടും ഇതിന് വേണ്ടത്ര പിന്തുണ ലോക്കല്‍ കമ്മിറ്റി നല്‍കിയില്ലെന്നും ആക്ഷേപമുയര്‍ന്നു. തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പഞ്ചായത്തിലെ ഒരു വാര്‍ഡിന്റെ ചുമതല കൂടി കെ എ ജയയ്ക്കുണ്ടായിരുന്ന സാഹചര്യത്തിലാണ് രാജി.

അതേസമയം, കെ എ ജയയുടെ രാജിക്കത്ത് കിട്ടിയിട്ടില്ലെന്നാണ് സംഭവത്തില്‍ ലോക്കല്‍ സെക്രട്ടറി ജോഷി സ്‌കറിയ പ്രതികരിച്ചത്. പാര്‍ട്ടി യോഗങ്ങളില്‍ വിമര്‍ശനം പതിവാണ്. ഇതിലൂടെയാണ് പാര്‍ട്ടി വളരുന്നത്. സ്വാഭാവികമായുണ്ടായ വിമര്‍ശനം മാത്രമാണ് നടന്നത്. പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കും എന്നായിരുന്നു ജോഷി സ്കറിയയുടെ വിശദീകരണം. എന്നാല്‍ രാജിക്കത്ത് ലോക്കല്‍ സെക്രട്ടറിക്ക് വ്യാഴായ്ച രാത്രി തന്നെ അയച്ചു എന്നാണ് കെഎ ജയ അവകാശപ്പെടുന്നത്.