സിപിഐഎം കണ്ണൂര്‍ ജില്ലാ സമ്മേളനം ഇന്ന് സമാപിക്കും. തളിപ്പറമ്പില്‍ നടക്കുന്ന സമ്മേളനത്തിന്റെ അവസാന ദിനമായ ഇന്ന് പുതിയ ജില്ലാ കമ്മിറ്റിയെയും സെക്രട്ടറിയെയും തിരഞ്ഞെടുക്കും.
വൈകുന്നേരം അഞ്ച് മണിക്ക് റെഡ് വളണ്ടിയര്‍ മാര്‍ച്ചും പിന്നാലെ പൊതുസമ്മേളനവും നടക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും.
ജില്ലാ സെക്രട്ടറിയായി എം വി ജയരാജന്‍ തുടര്‍ന്നേക്കുമെന്നാണ് സൂചന. നേരത്തെ 2019-ല്‍ അന്നത്തെ ജില്ലാ സെക്രട്ടറിയായിരുന്ന പി ജയരാജന്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ മത്സരിച്ച സമയത്തായിരുന്നു എം വി ജയരാജനെ താല്‍ക്കാലിക ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുത്തത്. പി ജയരാജന്‍ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടെങ്കിലും പിന്നീട് എം വി ജയരാജന്‍ തന്നെ ജില്ലാ സെക്രട്ടറി സ്ഥാനത്ത് തുടരുകയായിരുന്നു. കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ എം വി ജയരാജന്‍ മത്സരിക്കാനിറങ്ങിയപ്പോള്‍ കുറച്ച് നാള്‍ സെക്രട്ടറി പദവിയില്‍ നിന്നും മാറി നിന്നിരുന്നു. എന്നാല്‍ കണ്ണൂരില്‍ സുധാകരനോട് പരാജയപ്പെട്ടതോടെ എം വി ജയരാജന്‍ സെക്രട്ടറി സ്ഥാനത്തേയ്ക്ക് മടങ്ങിയെത്തുകയായിരുന്നു.