മാസപ്പടി കേസിലെ എസ്എഫ്ഐഒ നടപടികൾ രാഷ്ട്രീയ പ്രേരിതമെന്ന് പറഞ്ഞ് സിപിഎമ്മിന് കൈകഴുകാനാകില്ലെന്ന് വി.മുരളീധരൻ. ആടിനെ പട്ടിയാക്കുന്ന സമീപനമാണ് എംവി ഗോവിന്ദൻ സ്വീകരിക്കുന്നത്.കോടികൾ കരിമണൽ കമ്പനിയിൽ നിന്ന് വാങ്ങിയത് എന്തിനെന്ന് ഇതുവരേയും പിണറായി വിജയനോ വീണാ വിജയനോ വിശദീകരിക്കാനായിട്ടില്ല. കമ്പനികളുടെ അക്കൌണ്ടിലേക്ക് മാത്രമല്ല, വീണാ വിജയൻറെ അക്കൌണ്ടിലേക്കും പണം വന്നിട്ടുണ്ടെന്നും വി.മുരളീധരൻ ചെന്നൈയിൽ പറഞ്ഞു.
നിർമല സീതാരാമൻ - പിണറായി കൂടിക്കാഴ്ച കേസ് ഒതുക്കാൻ എന്ന് പറഞ്ഞ പ്രതിപക്ഷ നേതാവിന് ഇപ്പോൾ മിണ്ടാട്ടമില്ല. കേന്ദ്ര ധനമന്ത്രിയെ അപകീർത്തിപ്പെടുത്തിപെടുത്തിയ പ്രസ്താവനകളിൽ പ്രതിപക്ഷം മാപ്പ് പറയണമെന്നും വി. മുരളീധരൻ ആവശ്യപ്പെട്ടു.
വിജിലൻസ് അന്വേഷണം ആവശ്യമില്ല എന്നതിനെ അഴിമതിയില്ലെന്ന് ചിത്രീകരിച്ച് സിപിഎം ജനത്തെ തെറ്റിദ്ധരിപ്പിക്കുകയാണ്.
കോർപ്പറേറ്റ് ഫ്രോഡ് നീക്കങ്ങൾ വിജിലൻസിന് അന്വേഷിക്കാൻ കഴിയില്ലെന്ന് മാത്രമാണ് കോടതി പറഞ്ഞിട്ടുള്ളത്. കേരള ഹൈക്കോടതിയും ബാംഗ്ലൂർ ഹൈക്കോടതിയും ഡൽഹി ഹൈക്കോടതിയും എസ്എഫ്ഐഒ അന്വേഷണം തടയാനാകില്ലെന്ന് വ്യക്തമാക്കിയതാണെന്നും മുൻ കേന്ദ്രമന്ത്രി വിശദീകരിച്ചു.
കരിമണൽ കമ്പനി കണക്കിൽപ്പെടാതെ എത്ര കൈമാറിയിട്ടുണ്ടെന്ന് അന്വഷണത്തിലൂടെ മാത്രമേ വ്യക്തമാകൂ. ഇൻഡി സഖ്യം ലാഭവിഹിതം പങ്കിട്ടശേഷം നാടകം തുടരുകയാണ്. കേസിൻറെ തുടക്കം മുതൽ കോൺഗ്രസ്, സിപിഎമ്മുമായി സഹകരിക്കുകയാണ്. അഴിമതി നടന്നില്ലെന്ന് തെറ്റിദ്ധാരണ സൃഷ്ടിക്കാൻ മാത്യു കുഴൽനാടൻ മുന്നിൽ നിന്ന് ശ്രമം നടത്തി. ഭൂമിക്കേസിൽ മാത്യുകുഴൽനാടന് അതിനുള്ള പ്രത്യുപകാരം ലഭിച്ചെന്നും വി.മുരളീധരൻ പ്രതികരിച്ചു. പിണറായിക്ക് മുഖ്യമന്ത്രി കസേരയിൽ ഇരിക്കാൻ യോഗ്യതയില്ലെന്നും സിപിഎം വേറെ ആളെ കണ്ടെത്തട്ടേ എന്നും വി.മുരളീധരൻ കൂട്ടിച്ചേർത്തു.