
കൊല്ലം: ഷാര്‍ജയില്‍ ഒന്നരവയസുകാരിയായ മകളെ കൊലപ്പെടുത്തി മലയാളി യുവതി വിപഞ്ചിക ജീവനൊടുക്കിയ കേസില്‍ അന്വേഷണം ക്രൈംബ്രാഞ്ചിലേക്ക്. ആത്മഹത്യയും കൊലപാതകവും നടന്നത് വിദേശത്ത് ആയതിനാല്‍ കേസ് ക്രൈംബ്രാഞ്ചിന് കൈമാറണമെന്ന് കാണിച്ച് കുണ്ടറ പൊലീസ് റൂറല്‍ എസ് പിക്ക് റിപ്പോര്‍ട്ട് കൈമാറും.
വിപഞ്ചികയുടെ ഭര്‍ത്താവ് നിതീഷ്, ഭര്‍തൃ സഹോദരി ഭര്‍തൃ പിതാവ് എന്നിവര്‍ക്കെതിരെ കഴിഞ്ഞദിവസം ആത്മഹത്യാപ്രേരണകുറ്റം ചുമത്തി കുണ്ടറ പൊലീസ് കേസെടുത്തിരുന്നു. മൂന്നുപേരും ഷാര്‍ജയിലാണ് താമസം. സ്ത്രീധന നിരോധന നിയമപ്രകാരവും കേസെടുത്തിട്ടുണ്ട്. ശൈലജയുടെ പരാതിയിലാണ് നടപടി.
ഇക്കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയായിരുന്നു കൊല്ലം കൊറ്റംകര കേരളപുരം സ്വദേശിനി രജിത ഭവനില്‍ വിപഞ്ചികയെയും മകള്‍ വൈഭവിയെയും അല്‍ നഹ്ദയിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. ദുബായിലെ സ്വകാര്യ സ്ഥാപനത്തില്‍ ഫയലിങ് ക്ലര്‍ക്കാണ് വിപഞ്ചിക. ദുബായില്‍ തന്നെ ജോലി ചെയ്യുകയാണ് ഭര്‍ത്താവ് നിതീഷ്. ഇരുവരും വേര്‍പിരിഞ്ഞ് താമസിക്കുകയായിരുന്നുവെന്നാണ് വിവരം. ഏഴുവര്‍ഷമായി വിപഞ്ചിക ദുബായിലാണ് ജോലി ചെയ്യുന്നത്. നാലര വര്‍ഷം മുന്‍പായിരുന്നു വിവാഹം.