കണ്ണൂർ: മനു തോമസ് വിഷയത്തിൽ സി.പി.എം ജില്ലാ സമ്മേളനത്തിലെ പ്രതിനിധി സമ്മേളന ചർച്ചയിൽ പി.ജയരാജന് വിമർശനം. മുൻ ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡൻ്റ് മനു തോമസിനെതിരെ പി.ജയരാജൻ സോഷ്യൽ മീഡിയയിൽ നടത്തിയ വിമർശനങ്ങൾ പാർട്ടിയെ പൊതു സമൂഹത്തിന് മുൻപിൽ സംശയത്തിൻ്റെ നിഴലിലാക്കിയെന്നും സ്വർണ കടത്ത് സംഘങ്ങളുമായി പാർട്ടി നേതാക്കൾക്ക് ബന്ധമുണ്ടെന്ന് ചിത്രീകരിക്കാൻ വലതുപക്ഷ മാധ്യമങ്ങൾ ശ്രമിച്ചുവെന്നുമാണ് വിമർശനം ഉയർന്നത്.
മനു തോമസിനെ പാർട്ടി ജില്ലാ കമ്മിറ്റിയിൽ നിന്നും ഒഴിവാക്കിയത് സംഘടനാ പ്രവർത്തനങ്ങളിൽ നിന്നും വിട്ടു നിൽക്കുന്നത് കാരണമാണെന്ന് ജില്ലാ സെക്രട്ടറി വാർത്ത സമ്മേളനത്തിൽ അറിയിച്ചിട്ടും പി. ജയരാജൻ എന്തിന് ആരോപണവുമായി രംഗത്തുവന്നുവെന്ന് മലയോര മേഖലയിലെ പ്രതിനിധികൾ ചോദിച്ചു. ഇതു പിന്നീട് ആകാശ് തില്ലങ്കേരിയും അർജുൻ ആയങ്കിയും ഉൾപ്പെടുന്ന ക്വട്ടേഷൻ സംഘങ്ങൾ ഏറ്റുപിടിച്ചത് പാർട്ടിക്ക് ക്ഷീണമുണ്ടാക്കിയെന്നും പ്രതിനിധികൾ വിമർശിച്ചു.
പയ്യന്നൂരിലെ വിഭാഗീയത പാർട്ടി ജില്ലാ നേതൃത്വം കൈകാര്യം ചെയ്തത് കമ്യുണിസ്റ്റ് രീതിയിൽ അല്ലെന്നും ചില പ്രതിനിധികൾ ചൂണ്ടിക്കാട്ടി. സംഘടനാ നടപടിക്ക് പകരം ഒത്തുതീർപ്പാണുണ്ടാക്കിയത്. കോം പ്രമൈസ് ചെയ്യുന്നതിനായി നേതാക്കൾക്ക് പയ്യന്നൂരിൽ തമ്പടിക്കേണ്ടിവന്നു. ഇതു കമ്യുണിസ്റ്റ് രീതിയല്ല. പയ്യന്നൂരിൽ പ്രാദേശിക ഗ്രൂപ്പ് പോരാണ് നടത്തിയത് ഇതിന് വ്യക്തമായ തെളിവുകൾ പാർട്ടിക്ക് കിട്ടി.
എന്നാൽ അവർക്കെതിരെ സംഘടനാ നടപടിക്ക് പകരം ഓരോ സ്ഥാനങ്ങൾ നൽകി ഒത്തുതീർപ്പുണ്ടാക്കി.ടി.ഐ മധുസൂദനൻ എം.എൽ എ യ്ക്കെതിരെ ഗ്രൂപ്പ് തിരിഞ്ഞ് സംഘടിത നീക്കം ഉണ്ടായെന്നും ജില്ലാ സെക്രട്ടറിയേറ്റിൽ നിന്നും തരംതാഴ്ത്താൻ ഇതു കാരണമായെന്നും പ്രതിനിധികളിൽ ചിലർ വിമർശിച്ചു.