+

ഇന്ത്യയില്‍ താമസിക്കാനായി അതിര്‍ത്തി കടന്നു; പാക് ദമ്പതികള്‍ മരുഭൂമിയില്‍ വെള്ളം ലഭിക്കാതെ മരിച്ചു

ഇന്ത്യയില്‍ താമസിക്കാന്‍ ആഗ്രഹിച്ച ഇരുവരും വീസയ്ക്ക് അപേക്ഷിച്ചിരുന്നു

രാജ്യാന്തര അതിര്‍ത്തി കടന്ന് ഇന്ത്യയിലെത്തിയ പാക്കിസ്ഥാന്‍ ദമ്പതികള്‍ മരുഭൂമിയില്‍ വെള്ളം കിട്ടാതെ മരിച്ചു. കനത്ത ചൂടില്‍ നിര്‍ജലീകരണം കാരണമാണ് മരണം സംഭവിച്ചതെന്ന് പൊലീസ് അറിയിച്ചു.പാക്കിസ്ഥാനില്‍ നിന്നുള്ള രവികുമാറും (17) ശാന്തി ബായിയും (15) ആണ് മരിച്ചത്. ശനിയാഴ്ചയാണ് ഇവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു.

സംഭവസ്ഥലത്ത് നിന്നുള്ള ഒരു ചിത്രം പുറത്തുവന്നിട്ടുണ്ട്. യുവാവിന്റെ മുഖത്ത് ഒരു ഒഴിഞ്ഞ കുടിവെള്ളക്കുപ്പി വെച്ചിരിക്കുന്നതും ചിത്രത്തില്‍ കാണാം. നാല് മാസം മുന്‍പാണ് പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയിലെ ഘോട്കി ജില്ലയിലെ മിര്‍പുര്‍ മാഥേലോയില്‍ വെച്ച് രവികുമാറും ശാന്തി ബായിയും വിവാഹിതരായത്. ഇന്ത്യയില്‍ താമസിക്കാന്‍ ആഗ്രഹിച്ച ഇരുവരും വീസയ്ക്ക് അപേക്ഷിച്ചിരുന്നു. ഇന്ത്യ-പാക്ക് സംഘര്‍ഷത്തിന്റെ സാഹചര്യത്തില്‍ ഇരുവരുടെയും അപേക്ഷ നിരസിക്കപ്പെട്ടുകയായിരുന്നു.

ഇതേത്തുടര്‍ന്ന് രാജ്യാന്തര അതിര്‍ത്തി മറികടക്കാന്‍ ഇവര്‍ തീരുമാനിക്കുകയായിരുന്നു. കുടുംബത്തിന്റെ എതിര്‍പ്പു വകവെയ്ക്കാതെയായിരുന്നു യാത്ര. അനധികൃതമായി അതിര്‍ത്തി കടന്ന ഇരുവരും മരുഭൂമിയില്‍ കുടുങ്ങുകയായിരുന്നു. പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയ മൃതദേഹങ്ങള്‍ ഇന്ത്യന്‍ സര്‍ക്കാര്‍ വിട്ടു കൊടുത്താല്‍ ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് ബന്ധുക്കള്‍ അറിയിച്ചു.

facebook twitter