കണ്ണുകളുടെ ആരോഗ്യം നിലനിർത്താൻ കറിവേപ്പില

10:50 AM May 20, 2025 | Kavya Ramachandran

നിരവധി ആരോഗ്യഗുണങ്ങൾ നൽകുന്ന ഒരു ഔഷധസസ്യമാണ് കറിവേപ്പില. ദഹനപ്രക്രിയയെ മെച്ചപ്പെടുത്തുകയും ആഹാരത്തിൽ ഉള്ള വിഷാംശങ്ങൾ നീക്കം ചെയ്യാനും കറിവേപ്പില സഹായിക്കുന്നു. രക്തത്തിലെ മോശം കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്നു, ഹൃദയാരോഗ്യത്തിന് ഗുണകരമാണ്.

മീൻകറിയോ ചിക്കൻ കറിയോ തോരനോ എന്തു വേണമെങ്കിലും ആവട്ടെ, കറിവേപ്പിലയില്ലാത്ത ഒരു കറി നമുക്ക് ആലോചിക്കാൻ കൂടെ വയ്യ. കറിവേപ്പില ഇടുമ്പോൾ തന്നെ ഭക്ഷണത്തിൻറെ രുചിയും ഗുണവുമൊക്കെ പെട്ടെന്ന് ഇരട്ടിയാകും. വെറുതെ കറിയിൽ ഇട്ടു കളയാൻ മാത്രമല്ല, കറിവേപ്പില ദിവസവും കഴിക്കുന്നത് ഒട്ടേറെ ആരോഗ്യഗുണങ്ങൾ നൽകും.

വിറ്റാമിൻ എ, വിറ്റാമിൻ ബി, വിറ്റാമിൻ സി, കാൽസ്യം, ഇരുമ്പ്, ആൻറി ഓക്‌സിഡന്റുകൾ തുടങ്ങിയ അവശ്യ പോഷകങ്ങളാൽ സമ്പുഷ്ടമാണ് കറിവേപ്പില. ഇത് കണ്ണുകളുടെ ആരോഗ്യം നിലനിർത്താൻ സഹായിക്കുകയും ദഹനം മെച്ചപ്പെടുത്തുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുകയും ചെയ്യുന്നു. കൂടാതെ, ചർമ്മവും മുടിയും ആരോഗ്യകരമായി നിലനിർത്താൻ സഹായിക്കും. അതേപോലെ കറിവേപ്പിലയിലെ സ്വാഭാവിക സംയുക്തങ്ങൾക്ക് വീക്കം കുറയ്ക്കാനും ബാക്ടീരിയയെ നശിപ്പിക്കാനും കഴിവുണ്ട്.

വെറുംവയറ്റിൽ കറിവേപ്പില ചവയ്ക്കുന്നത്, വയറു വീർക്കൽ, ഗ്യാസ് അല്ലെങ്കിൽ മലബന്ധം പോലുള്ള പ്രശ്നങ്ങൾ കുറയ്ക്കുകയും, ദഹനം കൂട്ടാൻ സഹായിക്കുകയും ചെയ്യും. ഇതിലുള്ള നാരുകളും ആൽക്കലോയിഡുകളും ശരീരത്തെ ശുദ്ധീകരിക്കാനും വിഷവസ്തുക്കളെ പുറന്തള്ളാനും സഹായിക്കും. അവ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് കുറയ്ക്കുകയും കാലക്രമേണ ഉപാപചയ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുകയും ചെയ്യും.

അതേപോലെ, പ്രമേഹമോ പ്രീ ഡയബറ്റിസോ ഉള്ളവർക്ക്, കറിവേപ്പില രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കും. ഇൻസുലിൻ പ്രവർത്തനം മെച്ചപ്പെടുത്താനും രക്തത്തിലെ ഗ്ലൂക്കോസിൻറെ അളവ് കുറയ്ക്കാനും കഴിയുന്ന സംയുക്തങ്ങൾ ഈ ഇലയിൽ അടങ്ങിയിരിക്കുന്നു.