കണ്ണൂർ: കണ്ണൂർ ജില്ലാ ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരനെ ആക്രമിച്ച സംഭവത്തിൽ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. കക്കാട് സ്വദേശി മുഹമ്മദ് ദിൽഷാദാണ് പിടിയിലായത്. ഇയാൾക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കണ്ണൂർ സിറ്റി പൊലീസ് കേസെടുത്തു.
ജില്ലാ ആശുപത്രി ജീവനക്കാരൻ മയ്യിൽ സ്വദേശി പവനൻ (55) ആണ് മർദ്ദനമേറ്റത്. സന്ദർശന പാസെടുക്കാതെ ഉള്ളിൽ കയറാൻ ശ്രമിച്ചത് തടഞ്ഞതിന് പിന്നാലെയാണ് അതിക്രമമുണ്ടായത്. സെക്യൂരിറ്റി ജീവനക്കാരനെ അസഭ്യം പറയുകയും പിടിച്ചു തള്ളി താഴെയിടുകയുമായിരുന്നു. സംഭവത്തിന് ജീവനക്കാരന് കൈവിരലുകൾക്ക് പരിക്കേറ്റിരുന്നു.
സിറ്റി പോലീസ് ഇൻസ്പെക്ടർ സനൽകുമാർ , എസ്ഐ ധന്യാ കൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.
ജില്ലാ ആശുപത്രി സുപ്രണ്ടിന്റെ പരാതിയിൽ ആശുപത്രികൾക്കും ജീവനക്കാർക്കും എതിരായ അക്രമം തടയൽ നിയമപ്രകാരമാണ് കണ്ണൂർ സിറ്റി പോലീസ് കേസെടുത്തത്.