
സർക്കാർ സ്ഥാപനങ്ങൾക്കും വാണിജ്യ സ്ഥാപനങ്ങൾക്കുമെതിരെ രൂക്ഷമായ സൈബർ ആക്രമണങ്ങൾ നടക്കുന്നതായി മൈക്രോസോഫ്റ്റ് മുന്നറിയിപ്പ് നൽകി. ഈ സ്ഥാപനങ്ങൾ തങ്ങളുടെ രേഖകൾ പങ്കുവെക്കാൻ ഉപയോഗിക്കുന്ന ഷെയർപോയിന്റ് സെർവർ സോഫ്റ്റ്‌വെയറുകളാണ് ആക്രമണകാരികൾ പ്രധാനമായും ലക്ഷ്യമിടുന്നത്. ഈ സാഹചര്യത്തിൽ, ഉപയോക്താക്കൾ എത്രയും പെട്ടെന്ന് സുരക്ഷാ അപ്‌ഡേറ്റുകൾ ഇൻസ്റ്റാൾ ചെയ്യണമെന്ന് കമ്പനി നിർദേശിച്ചിട്ടുണ്ട്.
ഈ സൈബർ ആക്രമണങ്ങളെക്കുറിച്ച് അറിവുണ്ടെന്നും, ഇതുമായി ബന്ധപ്പെട്ട് ഫെഡറൽ ഏജൻസികളുമായും സ്വകാര്യ മേഖലയുമായും ചേർന്ന് പ്രവർത്തിച്ചുവരികയാണെന്നും യുഎസിലെ ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (എഫ്.ബി.ഐ) ഞായറാഴ്ച അറിയിച്ചു. കൂടുതൽ വിവരങ്ങൾ ഇപ്പോൾ പുറത്തുവിട്ടിട്ടില്ല. മൈക്രോസോഫ്റ്റ് ശനിയാഴ്ചയാണ് ഈ മുന്നറിയിപ്പ് പുറത്തുവിട്ടത്. സ്ഥാപനങ്ങൾക്കുള്ളിൽ ഉപയോഗിക്കുന്ന ഷെയർപോയിന്റ് സെർവറുകളിൽ മാത്രമാണ് നിലവിൽ പ്രശ്നമുള്ളതെന്ന് മൈക്രോസോഫ്റ്റ് വ്യക്തമാക്കി. മൈക്രോസോഫ്റ്റ് 365-ലെ ക്ലൗഡ് സേവനമായ ഷെയർപോയിന്റ് ഓൺലൈൻ സേവനങ്ങളെ ഈ സൈബർ ആക്രമണം ബാധിച്ചിട്ടില്ലെന്നും കമ്പനി കൂട്ടിച്ചേർത്തു.
യു.എസിലെയും അന്താരാഷ്ട്ര തലത്തിലുമുള്ള ഏജൻസികളെയും വാണിജ്യ സ്ഥാപനങ്ങളെയും ലക്ഷ്യമിട്ട് ഹാക്കിംഗ് ശ്രമങ്ങൾ നടക്കുന്നതായി വാഷിംഗ്ടൺ പോസ്റ്റ് നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. ആയിരക്കണക്കിന് സെർവറുകൾ ഭീഷണിയിലാണെന്നും റിപ്പോർട്ടിൽ സൂചിപ്പിച്ചിരുന്നു. ഈ സൈബർ ആക്രമണങ്ങളിലൂടെ ഹാക്കർമാർക്ക് സ്ഥാപനങ്ങളുടേയും ഉന്നത ഉദ്യോഗസ്ഥരുടേയും വ്യാജ ഇമെയിലുകൾ നിർമ്മിച്ച് വിശ്വാസ്യത നേടിയെടുക്കാനും, വ്യക്തികളെ കബളിപ്പിച്ച് പണം തട്ടാനും സാധിക്കും.
ഷെയർപോയിന്റ് സബ്‌സ്‌ക്രിപ്ഷൻ എഡിഷന്റെ സുരക്ഷാ അപ്‌ഡേറ്റ് ഞായറാഴ്ച പുറത്തിറക്കിയതായി മൈക്രോസോഫ്റ്റ് അറിയിച്ചു. ഈ അപ്‌ഡേറ്റ് എത്രയും വേഗം ഇൻസ്റ്റാൾ ചെയ്യണമെന്ന് ഉപയോക്താക്കളോട് കമ്പനി ആവശ്യപ്പെട്ടിട്ടുണ്ട്.