സംസ്ഥാനത്ത് ഇതുവരെ 300 കോടിയിലധികം രൂപയുടെ സൈബര്‍ തട്ടിപ്പ് ; ഏറ്റവുമധികം കോഴിക്കോട്

07:05 AM Oct 31, 2025 |


സംസ്ഥാനത്ത് ഇതുവരെ 300 കോടിയിലധികം രൂപയുടെ സൈബര്‍ തട്ടിപ്പ് നടന്നിട്ടുണ്ടെന്ന് പൊലീസ്. സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയാന്‍ കേരള പൊലീസ് നടത്തുന്ന ഓപ്പറേഷന്‍ സൈ ഗണ്ടില്‍ ഇതുവരെ 263 പേരെ അറസ്റ്റ് ചെയ്തു. 

ഏറ്റവും കൂടുതല്‍ കേസുകള്‍ എടുത്തത് കോഴിക്കോട് ജില്ലയിലാണെന്ന് എഡിജിപി എസ് ശ്രീജിത്ത് പറഞ്ഞു. സംസ്ഥാന വ്യാപകമായി സൈബര്‍ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ തടയാനും, തട്ടിപ്പ് നടത്തിയവരെ കണ്ടെത്താനും ഇരകള്‍ക്ക് നഷ്ടപ്പെട്ട പണം കണ്ടെത്തി നല്‍കാനുമാണ് പൊലീസിന്റെ ഓപ്പറേഷന്‍ സൈ ഹണ്ട്. സൈബര്‍ കുറ്റ കൃത്യങ്ങള്‍ക്കായി ഉപയോഗിച്ച അക്കൗണ്ടുകള്‍ പൊലീസ് കണ്ടെത്തി.


സംശയാസ്പദമായി ചെക്കുകള്‍ ഉപയോഗിച്ച് പണം പിന്‍വലിച്ച 2683 പേരേയും എടിഎം വഴി പണം പിന്‍വലിച്ച 361 പേരേയും അക്കൗണ്ടുകള്‍ വാടകയ്ക്ക് നല്‍കിയ 665 പേരേയും കണ്ടെത്തി. റെയ്ഡില്‍ 382 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. അറസ്റ്റ് ചെയ്തതത് 263 പേരെയാണ്. 125 പേര്‍ ഇപ്പോഴും നിരീക്ഷണത്തിലാണ്. കൂടുതല്‍ പ്രതികളും കേരളത്തില്‍ തന്നെയുള്ളവരാണ്. വിദേശ കണ്ണികളും ഉണ്ട്. 300 ലധികം കോടിയുടെ സൈബര്‍ തട്ടിപ്പ് ഇതുവരെ സംസ്ഥാനത്ത് നടന്നു.

കേസുകള്‍ കൂടുതള്‍ ഉള്ളത് കോഴിക്കോടാണ്. അറസ്റ്റ് കൂടുതല്‍ നടന്നത് മലപ്പുറം ജില്ലയില്‍, 30 അറസ്റ്റാണ് മലപ്പുറത്ത് മാത്രം നടന്നത്. കേരളത്തിലെ എല്ലാ പൊലീസ് സ്റ്റേഷന്‍ പരിധിയിലും വ്യാപകമായി റെയ്ഡുകള്‍ നടത്തി. സൈബര്‍ സാമ്പത്തിക കുറ്റകൃത്യങ്ങളില്‍ പങ്കാളികളെ പിടികൂടാന്‍ നിര്‍ണ്ണായക നീക്കങ്ങളാണ് അന്വേഷണ സംഘം നടത്തുന്നത്.