+

ചക്രവാതച്ചുഴി ; കേരളത്തിൽ ഒരാഴ്ച മഴ തുടരും

ചക്രവാതച്ചുഴി ; കേരളത്തിൽ ഒരാഴ്ച മഴ തുടരും

തിരുവനന്തപുരം : ചക്രവാതച്ചുഴിയെത്തുടർന്നുള്ള തീവ്രന്യൂനമർദ സാധ്യത നിലനിൽക്കുന്നതിനാൽ സംസ്ഥാനത്ത് ഒരാഴ്ച മഴ തുടരും. തെക്ക് കിഴക്കൻ അറബിക്കടലിനും ലക്ഷദ്വീപ് പ്രദേശങ്ങൾക്കും മുകളിലാണ് ചക്രവാതചുഴി സ്ഥിതി ചെയ്യുന്നത്. നാളെയോടെ ഇത് തെക്കുകിഴക്കൻ അറബിക്കടലിലും അതിനോട് ചേർന്നുള്ള കേരള-കർണാടക തീരങ്ങൾക്ക് സമീപമുള്ള ലക്ഷദ്വീപ് മേഖലക്ക് മുകളിലായി ന്യൂനമർദമായി ശക്തിപ്രാപിക്കും. തുടർന്നുള്ള 48 മണിക്കൂറിൽ തീവ്ര ന്യൂനമർദമായി വീണ്ടും ശക്തി പ്രാപിക്കുകയും ചെയ്യാനാണ് സാധ്യത.

ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയുള്ളതിനാൽ പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ശനിയാഴ്ച മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ ചൊവ്വാഴ്ച വരെ മത്സ്യബന്ധനം ഒഴിവാക്കണം.

 

facebook twitter