ലക്‌നൗ: അമേഠിയില്‍ കൂലി ആവശ്യപ്പെട്ടതിൻ്റെ പേരിൽ ദളിത് കര്‍ഷകത്തൊഴിലാളിയെ ഭൂവുടമയും ഗുണ്ടകളും ചേർന്ന് മര്‍ദ്ദിച്ച് കൊലപ്പെടുത്തി. ഹോസില പ്രസാദ് (40) എന്ന തൊഴിലാളിയെയാണ് ഭൂവുടമയും ഗുണ്ടകളും ചേർന്ന് കൊലപ്പെടുത്തിയത്.
ഒക്ടോബര്‍ 26നാണ് ഭൂവുടമ ശുഭം സിങ്ങും ഇയാളുടെ ഗുണ്ടകളും ചേർന്നാണ് കൊല നടത്തിയത്. വയലിൽ ജോലിക്ക് എന്ന് പറഞ്ഞ് ശുഭം സിങ്ങും സംഘവും ഹോസിലയെ വിളിച്ചുകൊണ്ടുപോയി. ഇതിന് ശേഷമായിരുന്നു കൊലപാതകം എന്നാണ് ഹോസിലയുടെ ഭാര്യ കീർത്തി പറയുന്നത്.
350 രൂപ ദിവസ വേതനത്തിനായിരുന്നു ഹോസില ജോലി ചെയ്തിരുന്നത്. ഒരാഴ്ച കഴിഞ്ഞിട്ടും പണം നൽകാതായതോടെ ഹോസില ഇക്കാര്യം ശുഭം സിങ്ങിനോട് ചോദിച്ചു. ഇതിൽ പ്രകോപിതനായ ശുഭം സിങ്ങും കൂട്ടാളികളും കൊല നടത്തുകയായിരുന്നുവെന്നും കീർത്തി പറഞ്ഞു.
ജീപ്പിൽ കയറ്റി അവർ ഹോസിലയെ വീടിന് മുന്നിൽ ഉപേക്ഷിച്ചു. അദ്ദേഹത്തിന് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നുവെന്നും കീർത്തി പറഞ്ഞു.