ദലിത്‌ യുവതിയെ കസ്റ്റഡിയിലെടുത്ത് മാനസികമായി പീഡിപ്പിച്ച സംഭവം: പേരൂർക്കട എസ്ഐയെ സസ്പെൻഡ് ചെയ്തു

02:29 PM May 19, 2025 | Kavya Ramachandran

തിരുവനന്തപുരം :ദലിത്‌ യുവതിയെ കസ്റ്റഡിയിലെടുത്ത് മാനസികമായി പീഡിപ്പിച്ച സംഭവത്തിൽ സർക്കാർ നടപടി . പേരൂർക്കട എസ്ഐ എസ് ഡി പ്രസാദിനെ സസ്പെൻഡ് ചെയ്തു. മോഷണക്കുറ്റം ആരോപിച്ചുള്ള വ്യാജ പരാതിയിൽ പൊലീസ്‌ സ്റ്റേഷനിലെത്തിച്ച ദലിത്‌ യുവതിയെ മണിക്കൂറുകളോളം ചോദ്യം ചെയ്യുകയും മാനസികമായി പീഡിപ്പിക്കുകയുമായിരുന്നു.

യുവതി ജോലിക്ക് നിൽക്കുന്ന വീട്ടിൽ നിന്നും സ്വർണ്ണമാല മോഷണം പോയ പരാതിയിലാണ് പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്ത് മണിക്കൂറുകളോളം ചോദ്യം ചെയ്തത്. എന്നാൽ ഇത് വ്യാജ പരാതിയായിരുന്നു. മാല വീട്ടിനകത്ത് നിന്ന് തന്നെ ലഭിക്കുകയും ചെയ്തിരുന്നു.

യുവതിക്ക് നീതി ലഭ്യമാക്കുമെന്നും സംഭവത്തിൽ ആ സഹോദരിയെ അത്രയും സമയം എടുത്തുകൊണ്ട് ചോദ്യം ചെയ്തത് നടക്കാൻ പാടില്ലാത്ത കാര്യമായിരുന്നുവെന്നും മന്ത്രി ഒ ആർ കേളു മാധ്യമങ്ങളോട് പറഞ്ഞിരുന്നു. മന്ത്രി എന്ന നിലയിൽ വിഷയം നേരത്തെ തന്നെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട് എന്നും വകുപ്പു തല അന്വേഷണം നടന്നു വരികയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. പിന്നാലെയാണ് എസ് ഐയെ സസ്പെൻഡ് ചെയ്തത്.