കൊച്ചി: മലയാളം ഫ്രീ സ്റ്റൈൽ റാപ്പിനൊത്ത് താളം ചവിട്ടി യുവാക്കൾ. റാപ്പർമാരുടെ കൂട്ടായ്മയായ പള്ളിക്കൂടം ബാൻഡ്, റാപ്പർ എം സി മാലാഖ, റാപ്പർ കൊളാപ്സ് എന്നിവരുടെ നേതൃത്വത്തിൽ നടന്ന സംഗീത സന്ധ്യ കാണികൾക്ക് പുത്തൻ അനുഭവമായി. പനമ്പിള്ളി സെൻട്രൽ പാർക്കിൽ സംഘടിപ്പിച്ച ഡാൻസ് കൊച്ചി പരിപാടിയിൽ നൂറ് കണക്കിന് യുവാക്കളും നാട്ടുകാരും പങ്കെടുത്തു. ജയിൻ യൂണിവേഴ്സിറ്റി ആതിഥേയത്വം വഹിക്കുന്ന സമ്മിറ്റ് ഓഫ് ഫ്യൂച്ചർ-2025ന് മുന്നോടിയായാണ് 'ഡാൻസ് കൊച്ചി' സംഘടിപ്പിച്ചത്. ഒരാഴ്ച നീളുന്നതാണ് പ്രചാരണ പരിപാടികൾ.
യുവതലമുറയുടെ സർഗാത്മകത വളർത്തുന്നതിനും കലാ സാംസ്കാരിക പ്രവർത്തനങ്ങളിൽ പങ്കാളിത്തം ഉറപ്പു വരുത്തുന്നതിനുമാണ് വിവിധയിടങ്ങളിൽ ഡാൻസ് കൊച്ചി സംഘടിപ്പിക്കുന്നത്. കേരളത്തിലെ യുവകലാകാരന്മാർക്ക് പ്രോത്സാഹനം നൽകുന്നതിനായി ഇത്തരത്തിലുള്ള കൂടുതൽ വേദികൾ ഒരുക്കാൻ ജയിൻ യൂണിവേഴ്‌സിറ്റി പ്രതിജ്ഞാബദ്ധമാണെന്ന് കൊച്ചി ജയിൻ യൂണിവേഴ്‌സിറ്റി ന്യൂ ഇനിഷ്യേറ്റീവ് ഡയറക്ടർ ഡോ. ടോം ജോസഫ് പറഞ്ഞു.
കൊച്ചിയുടെ വിവിധ ഭാഗങ്ങളിൽ നിന്നും നിരവധി യുവാക്കളാണ് ഡാൻസ് കൊച്ചിയുടെ ഭാഗമാകുന്നതിനായി പനമ്പിള്ളി സെൻട്രൽ പാർക്കിലേക്ക് ഒഴുകിയെത്തിയത്. ഇത്തരം പരിപാടികൾ സംഘടിപ്പിക്കാൻ ഒരു യൂണിവേഴ്സിറ്റി മുന്നിട്ടിറങ്ങുന്നത് പ്രശംസനീയമാണെന്ന് യുവാക്കൾ പ്രതികരിച്ചു. യുവാക്കൾക്കൊപ്പം പ്രായം മറന്ന് നാട്ടുകാരും ഡാൻസ് കൊച്ചിയുടെ ഭാഗമാകുന്ന മനോഹര ദൃശ്യങ്ങൾക്കാണ് പനമ്പിള്ളി സാക്ഷ്യം വഹിച്ചത്.
പരിപാടിയോടനുബന്ധിച്ച് സെൻട്രൽ പാർക്കിനു സമീപം വരച്ച ഗ്രാഫിറ്റി പെയ്ന്റിങ്ങുകൾ ആസ്വാദകരുടെ മനം കവർന്നു. സമൂഹമാധ്യമങ്ങളിൽ നിരവധി ആരാധകരുള്ള ഗ്രാഫിറ്റി ആർട്ടിസ്റ്റുകളായ അലൻ പാപ്പി, അർജുൻ, കോമിക് ആർട്ടിസ്റ്റുകളുടെ കമ്മ്യൂണിറ്റിയായ 'ഫാൾ ഔട്ട് വേഴ്സ്' എന്നിവരുടെ സംഘമാണ് ഗ്രാഫിറ്റി ചെയ്യുന്നത്. ജീവിതാനുഭവങ്ങളെ അടിസ്ഥാനമാക്കി ഉള്ളതാണ് അലൻ പാപ്പിയുടെ കഥാപാത്രങ്ങൾ. നാടിന്റെ നടപ്പ് രീതിയെ അട്ടിമറിക്കാൻ കഴിവുള്ളവരാണ് തന്റെ കോമിക്കുകളിലെ കഥാപാത്രങ്ങളെന്ന് അലൻ പാപ്പി പറഞ്ഞു. വരും ദിവസങ്ങളിൽ ക്വീൻസ് വേ, ഫോർട്ട് കൊച്ചി, ഇൻഫോ പാർക്ക്, പനമ്പിള്ളി, എന്നിവിടങ്ങളിൽ 'ഡാൻസ് കൊച്ചി'യുടെ തുടർ പരിപാടികൾ നടക്കും.
ഭാവിയിലെ വെല്ലുവിളികൾ നേരിടുന്നതിനായി ഐക്യരാഷ്ട്ര സഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങളുമായി ഒത്തുചേർന്നുകൊണ്ട് കൊച്ചി ജയിൻ യൂണിവേഴ്സിറ്റി രൂപകൽപ്പന ചെയ്തതാണ് സമ്മിറ്റ് ഓഫ് ഫ്യൂച്ചർ 2025. സുസ്ഥിരത, ഗവേഷണം, നവീകരണം, സംരംഭകത്വം എന്നിവയിൽ ശ്രദ്ധയൂന്നി ഏഴ് ദിവസങ്ങളിലായി നടക്കുന്ന സമ്മിറ്റിൽ വിവിധ രംഗങ്ങളിൽ നിന്നുള്ള നൂറിലധികം വിദഗ്ദ്ധർ സംസാരിക്കും. വിദ്യാർത്ഥികൾ, രാഷ്ട്രീയ നേതാക്കൾ, വ്യവസായ പ്രമുഖർ, പ്രൊഫഷണൽസ് ഉൾപ്പെടെ ഒരു ലക്ഷത്തിലധികം പേർ പങ്കെടുക്കുന്ന ഉച്ചകോടിയിൽ 30-ൽ അധികം പാനൽ ചർച്ചകളും ഉണ്ടാകും. കൂടാതെ, വ്യത്യസ്ത വിഷയങ്ങളെ അടിസ്ഥാനമാക്കി വിദഗ്ദ്ധർ നയിക്കുന്ന 25-ൽ അധികം ശിൽപശാലകളും മാസ്റ്റർ ക്ലാസുകളും നടക്കും. കൂടാതെ, റോബോട്ടിക് എക്‌സ്‌പോ, ടെക് എക്‌സ്‌പോ, സ്റ്റുഡന്റ്സ് ബിനാലെ, ഫ്‌ലീ മാർക്കറ്റ്, ഫുഡ് സ്ട്രീറ്റ്, രാജ്യാന്തര പ്രശസ്തരായ കലാകാരൻമാരും കലാകാരികളും പങ്കെടുക്കുന്ന കലാപരിപാടികൾ എന്നിവയും ഉച്ചകോടിയുടെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്.
കൂടുതൽ വിവരങ്ങൾക്ക്-7034044141/ 7034044242, https://futuresummit.in