തൃശൂർ : തൃശൂരിൽ ചത്ത കോഴികളെ സൂക്ഷിച്ച ഇറച്ചിക്കടയ്ക്ക് 25000 രൂപ പിഴ ഈടാക്കാൻ ഗുരുവായൂർ നഗരസഭ നോട്ടീസ് നൽകി. ഗുരുവായൂർ തമ്പുരാൻപടിയിലെ ഹലാൽ മീറ്റ് സെൻററിനാണ് നഗരസഭ നോട്ടീസ് നൽകിയത്. പ്രദേശത്ത് ദുർഗന്ധം വന്നതിനെ തുടർന്ന് നാട്ടുകാരാണ് നഗരസഭ ആരോഗ്യ വിഭാഗത്തെ അറിയിച്ചത്. ഹെൽത്ത് ഇൻസ്പെക്ടർ സി ലക്ഷ്മിയുടെ നേതൃത്വത്തിൽ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിൽ പത്തിലധികം ചത്ത കോഴികളെയാണ് പുഴുവരിച്ച നിലയിൽ കണ്ടെത്തിയത്. ഇതേ തുടർന്നാണ് ഏഴ് ദിവസത്തിനകം പിഴയടക്കാൻ നോട്ടീസ് നൽകിയത്.
അതേസമയം ചത്ത കോഴികളടക്കമുള്ള മാലിന്യങ്ങൾ എരുമപ്പെട്ടിയിലെ റെൻഡറിങ് പ്ലാൻറിലെത്തിച്ച് സംസ്കരിക്കാനും ഉദ്യോഗസ്ഥർ നിർദേശം നൽകി. ലൈസൻസ് പുതുക്കാത്തതിന് സ്ഥാപനത്തിന് കാരണം കാണിക്കൽ നോട്ടീസ് നൽകിയതായി സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ എസ് ഹർഷിദ് വ്യക്തമാക്കി.