ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മഴക്കെടുതി രൂക്ഷം. ഹിമാചല്‍ പ്രദേശിലെ മാണ്ഡിയില്‍ മിന്നല്‍ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 11 ആയി. കാണാതായ 34 പേര്‍ക്കായി എന്‍ഡിആര്‍എഫ്, എസ്ഡിആര്‍എഫ് സംഘങ്ങളുടെ നേതൃത്വത്തില്‍ ഇന്നും തെരച്ചില്‍ നടത്തും. ചണ്ഡിഗഡ് മണാലി ദേശീയ പാത മണ്ണിടിച്ചിലിനെ തുടര്‍ന്ന് അടച്ചത് മൂലം വിനോദ സഞ്ചാരികള്‍ അടക്കം നിരവധി പേര്‍ കുടുങ്ങിക്കിടക്കുകയാണ്.
ഉത്തരാഖണ്ഡില്‍ കനത്ത മഴയിലും മണ്ണിടിച്ചിലിലും കാണാതായവര്‍ക്കായി ഇന്നും തെരച്ചില്‍ തുടരും. മധ്യ പ്രദേശിലും, ഉത്തര്‍ പ്രദേശിലും, രാജസ്ഥാനിലും കനത്ത മഴയെ തുടര്‍ന്ന് പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടു. ജൂലൈ 7വരെ വടക്കന്‍ സംസ്ഥാനങ്ങളില്‍ അതിശക്തമായ മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.
അതേസമയം സംസ്ഥാനത്ത് മഴ ജാഗ്രത തുടരുകയാണ്. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴ കിട്ടിയേക്കും. കേരളത്തിന് മുകളില്‍ മണിക്കൂറില്‍ പരമാവധി 40 മുതല്‍ 50 കി.മീ വരെ വേഗതയില്‍ കാറ്റ് ശക്തമാകാനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം.