+

റിപ്പോര്‍ട്ട് ചെയ്തതിനേക്കാള്‍ 20 ലക്ഷം പേര്‍ 2021 ല്‍ കൊവിഡ് ബാധിച്ച് മരിച്ചെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം, മരണം ഒളിപ്പിച്ചുവെച്ച സംസ്ഥാനങ്ങളുടെ പട്ടിക പുറത്ത്; ഏറ്റവും കൂടുതൽ മരണം ​ഗുജറാത്തിൽ

ഗുജറാത്താണ് പട്ടികയില്‍ ഒന്നാമത്. ഇത് സംബന്ധിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ജോണ്‍ ബ്രിട്ടാസ് എംപിയും ഫേസ്ബുക്കിലൂടെ വിവരം പങ്കുവെച്ചു.

ഡല്‍ഹി : റിപ്പോര്‍ട്ട് ചെയ്തതിനേക്കാള്‍ 20 ലക്ഷം പേര്‍ 2021 ല്‍ കൊവിഡ് ബാധിച്ച് മരിച്ചെന്ന് സമ്മതിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രാലയം. മരണം ഒളിപ്പിച്ചുവെച്ച സംസ്ഥാനങ്ങളുടെ പട്ടിക പുറത്ത് വിട്ടു. ഗുജറാത്താണ് പട്ടികയില്‍ ഒന്നാമത്. ഇത് സംബന്ധിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ജോണ്‍ ബ്രിട്ടാസ് എംപിയും ഫേസ്ബുക്കിലൂടെ വിവരം പങ്കുവെച്ചു.

john brittas - covid fb post

സിവില്‍ രജിസ്‌ട്രേഷന്‍ സംവിധാനങ്ങളിലൂടെ ഉള്‍പ്പെടെ ലഭിച്ച വിവരങ്ങള്‍ അപഗ്രഥിച്ചുള്ള കണക്കുകളാണ് പുറത്തുവന്നിരിക്കുന്നത്. 2021 ല്‍ കൊവിഡ് ബാധിച്ച് രാജ്യത്ത് മൂന്ന് ലക്ഷത്തിലധികം പേര്‍ മരിച്ചു എന്നായിരുന്നു കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കിയിരുന്നത്. എന്നാല്‍ 2021 ല്‍ മാത്രം 20 ലക്ഷം പേര്‍ മരിച്ചുവെന്നാണ് കണക്കുകള്‍ വ്യക്തമാക്കിയത്. 

കൊവിഡ് മരണം കുറച്ചുകാണിച്ച 22 സംസ്ഥാനങ്ങളുടെ വിവരങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഗുജറാത്ത് ഒന്നാം സ്ഥാനത്തും കേരളം 22-ാം സ്ഥാനത്തുമാണ്. ഗുജറാത്തില്‍ 2021 ല്‍ കൊവിഡ് ബാധിച്ച് 5,809 പേര്‍ മരിച്ചതായായിരുന്നു സര്‍ക്കാര്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചത്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ മരിച്ചത് 1,95,406 പേര്‍ എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.


മധ്യപ്രദേശാണ് പട്ടികയില്‍ രണ്ടാം സ്ഥാനത്ത്. സംസ്ഥാനത്ത് 2021 ല്‍ കൊവിഡ് ബാധിച്ച് 6,927 പേര്‍ മരിച്ചു എന്നായിരുന്നു സര്‍ക്കാര്‍ വ്യക്തമാക്കിയത്. പുറത്തുവന്ന കണക്കനുസരിച്ച് മധ്യപ്രദേശില്‍ യഥാർത്ഥത്തിൽ 1,26,774 പേർ കൊവിഡ് ബാധിച്ച് മരിച്ചിട്ടുണ്ട്. പശ്ചിമ ബംഗാള്‍, ബിഹാര്‍, രാജസ്ഥാന്‍, ജാര്‍ഖണ്ഡ്, ആന്ധ്രപ്രദേശ്, ഒഡീഷ, ഹരിയാന, ചത്തീസ്ഗഡ്, ഉത്തര്‍പ്രദേശ്, തമിഴ്‌നാട്, തെലങ്കാന, കര്‍ണാടക, പഞ്ചാബ്, ജമ്മു കശ്മീര്‍, മഹാരാഷ്ട്ര, അസം, ഉത്തരാഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളാണ് പട്ടികയിൽ ഇടംപിടിച്ചിരിക്കുന്നത്. 

കേരളം പട്ടികയില്‍ ഏറ്റവും പിന്നിലാണ്. കേന്ദ്രഭരണപ്രദേശമായ ഡല്‍ഹി പട്ടികയില്‍ പതിനെട്ടാം സ്ഥാനത്താണ്. അതിർത്തിയിലെ സംഘർഷ വാർത്തകൾക്കിടയിൽ മുങ്ങിപോകാൻ ഇടയുള്ള വിലപ്പെട്ട വിവരം എന്ന് പറഞ്ഞുകൊണ്ടാണ് ജോൺ ബ്രിട്ടാസ് എംപി ഫേസ്ബുക്കിൽ പോസ്റ്റ് പങ്കുവെച്ചത്. 

2021ൽ റിപ്പോർട്ട് ചെയ്തതിനേക്കാൾ 20 ലക്ഷം പേർ കൊവിഡ് മൂലം ഇന്ത്യയിൽ യഥാർത്ഥത്തിൽ മരണപ്പെട്ടിരുന്നു. ഒടുവിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇക്കാര്യം സമ്മതിച്ചു. കൊവിഡ് കാലത്ത് ഗംഗാനദിയിൽ ഒഴിക്കിയ മൃതദേഹങ്ങളുടെ കണക്കുകൾ പോലും അന്ന് രേഖപ്പെടുത്തിയിരുന്നില്ല എന്ന വസ്തുതയാണ് പുതിയ വെളിപ്പെടുത്തലുകൾ അടിവരയിടുന്നതെന്നും ജോൺ ബ്രിട്ടാസ് എംപി വ്യക്തമാക്കി.

facebook twitter