ന്യൂഡൽഹി: സുപ്രീംകോടതിയുടെ 2019ലെ അയോധ്യ വിധി അസാധു വശ്യപ്പെട്ട് അഭിഭാഷകൻ മഹ്മൂദ് പ്രാച സമർപ്പിച്ച ഹരജി ആറു ലക്ഷം രൂപ പിഴയിട്ട് തള്ളി ഡൽഹി കോടതി. അയോധ്യ വിധി പറഞ്ഞ ഭരണഘടന ബെഞ്ചിലുണ്ടായിരുന്ന മുൻ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്റെ പരാമർശങ്ങൾ ചൂണ്ടിക്കാട്ടി വിധി അസാധുവാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹരജി.
തെറ്റിദ്ധാരണജനകവും നീതിന്യായ പ്രക്രിയയുടെ ദുരുപയോഗവുമാണെന്ന് വിലയിരുത്തി പട്യാല ഹൗസ് കോടതി ജഡ്ജി ധർമേന്ദ്ര റാണയാണ് കീഴ്കോടതി ചുമത്തിയ ലക്ഷം രൂപ പിഴ ആറു ലക്ഷം രൂപയാക്കി വർധിപ്പിച്ച് ഹരജി തള്ളിയത്.
പ്രശ്നപരിഹാരത്തിനായി ദൈവത്തോട് പ്രാർഥിക്കുക മാത്രമാണ് ജസ്റ്റിസ് ചന്ദ്രചൂഡ് ചെയ്തതെന്നും അത് ഒരു കക്ഷിയിൽ നിന്നും അഭിപ്രായമോ പരിഹാരമോ തേടലല്ലെന്നും കോടതി വ്യക്തമാക്കി. ദൈവവും നിയമപരമായി അംഗീകരിക്കപ്പെട്ട വ്യവസ്ഥിതിയും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കാതെയാണ് അഭിഭാഷകൻ കേസ് ഫയൽ ചെയ്തതെന്ന് കോടതി പറഞ്ഞു.