ന്യൂഡല്‍ഹി : പഹല്‍ഗാമിന് മറുപടിയായുള്ള ഇന്ത്യയുടെ സൈനിക നടപടിക്കു പിന്നാലെ വ്യോമാതിര്‍ത്തി പൂര്‍ണമായി അടച്ച് പാകിസ്താന്‍. ഇസ്ലാമബാദും പാക് സൈനിക തലസ്ഥാനമായ റാവല്‍പിണ്ടിയും വ്യോമാതിര്‍ത്തി പൂര്‍ണമായും അടയ്ക്കുന്നതായി അറിയിച്ചു. എല്ലാ രാജ്യങ്ങളുടെ വിമാനങ്ങള്‍ക്കും പാകിസ്താന്റെ സിവിലിയന്‍ വിമാനങ്ങള്‍ക്കും വിലക്ക് ബാധകമാണ്. അവശ്യസര്‍വീസുകള്‍ക്ക് മാത്രമാണ് പറക്കല്‍ അനുമതിയുള്ളത്.
നേരത്തെ ഇന്ത്യന്‍ കമ്പനികളുടെ ഉടമസ്ഥതയിലുള്ളതോ പാട്ടത്തിനെടുത്തതോ ആയ വിമാനങ്ങള്‍ക്ക് മാത്രമേ പാക് വ്യോമാതിര്‍ത്തി കടക്കുന്നതിന് വിലക്കുണ്ടായിരുന്നുള്ളൂ. എന്നാല്‍ ഒന്‍പത് ഭീകരകേന്ദ്രങ്ങള്‍ തകര്‍ത്ത ഇന്ത്യയുടെ നടപടിക്കു പിന്നാലെയാണ് സ്വന്തം വിമാനങ്ങള്‍ക്ക് അടക്കം വ്യോമാതിര്‍ത്തി അടച്ചത് . പാകിസ്താന്‍ വ്യോമയാന അതോറിറ്റിയുടേതാണ് ഉത്തരവ്.
അടുത്ത 48 മണിക്കൂര്‍ നേരത്തേക്ക് പാകിസ്താന്‍ നോ ഫ്‌ളൈയിങ് സോണായിരിക്കുമെന്നാണ് പാക് വ്യോമയാന അതോറിറ്റിയുടെ ഉത്തരവ്. തിരിച്ചടിക്കുമെന്ന് പാക് പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിന് പിന്നാലെയുള്ള ഈ നടപടിയെ ഏറെ ഗൗരവത്തോടെയാണ് ഇന്ത്യ വീക്ഷിക്കുന്നത്. ഒരു മുന്‍കരുതല്‍ നീക്കമായുള്ള നടപടിയാണിതെന്ന് പറയുന്നുണ്ടെങ്കിലും പാകിസ്താന്‍ എന്തെങ്കിലും നീക്കങ്ങള്‍ക്ക് മുതിരുമോ എന്നത് ഇന്ത്യ സസൂക്ഷം നിരീക്ഷിച്ചുവരുകയാണ്.
ഇന്ത്യയുടെ സൈനിക നടപടി പാക് വിമാനങ്ങള്‍ക്ക് ഉയര്‍ത്തുന്ന ഗുരുതരമായ അപകടസാധ്യതകള്‍ സംബന്ധിച്ച് അന്താരാഷ്ട്ര സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷനെ (ഐസിഎഒ) അറിയിച്ചിട്ടുണ്ടെന്ന് പാക് എയര്‍പോര്‍ട്ട് അതോറിറ്റി വ്യക്തമാക്കി. മുന്‍കരുതല്‍ എന്ന നിലയില്‍ ഇന്ത്യയിലെ 27 വിമാനത്താവളങ്ങള്‍ മെയ് 10 വരെ അടച്ചിടും. 430 വിമാനസര്‍വീസുകള്‍ റദ്ദാക്കിയിട്ടുണ്ട്. പഹല്‍ഗാം ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ ബുധനാഴ്ച പുലര്‍ച്ചെ പാകിസ്താനിലെയും പാക് അധീന കശ്മീരിലെയും ഒന്‍പത് ഭീകരത്താവളവങ്ങള്‍ ആക്രമിച്ചിരുന്നു.
ആക്രമണത്തില്‍ എഴുപതോളം ഭീകരര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. 31 പേര്‍ കൊല്ലപ്പെട്ടതായും 57 പേര്‍ക്ക് പരിക്കേറ്റതായും പാകിസ്താനും സ്ഥിരീകരിച്ചിട്ടുണ്ട്. 'ഓപ്പറേഷന്‍ സിന്ദൂര്‍' എന്നു പേരിട്ട് നടത്തിയ സംയുക്ത സൈനിക നീക്കത്തില്‍ ജയ്‌ഷെ തലവന്‍ മസൂദ് അസറിന്റെ ബന്ധുക്കള്‍ ഉള്‍പ്പെടെ കൊല്ലപ്പെട്ടിരുന്നു.