അഖിൽ മാരാർ, തേജ സജ്ജ ചിത്രങ്ങളെ ബഹുദൂരം മറികടന്ന് കേരളത്തിൽ 'ഡെമോൺ സ്ലെയർ

08:11 PM Sep 14, 2025 | Kavya Ramachandran

ജാപ്പനീസ് അനിമെ ചിത്രം 'ഡെമോൺ സ്ലെയർ: കിമെത്സു നോ യൈബ - ദി മൂവി: ഇൻഫിനിറ്റി കാസിലി'ന് കേരളത്തിലെ തിയറ്ററുകളിൽ മികച്ച പ്രതികരണം. ഒരേ ദിവസം റിലീസ് ചെയ്ത മലയാളം, തെലുങ്ക് ചിത്രങ്ങളെ മറികടന്നു

പ്രേക്ഷകരുടെ മാറുന്ന അഭിരുചി ചിലപ്പോഴൊക്കെ തിയറ്റർ വ്യവസായത്തെ അമ്പരപ്പിക്കാറുണ്ട്. ഇന്ത്യൻ തിയറ്റർ വ്യവസായത്തെ ഏറ്റവുമൊടുവിൽ അമ്പരപ്പിക്കുന്നത് ഒരു വിദേശ ചിത്രമാണ്. വിദേശ ചിത്രമെന്ന് കേൾക്കുമ്പോൾ ഹോളിവുഡ് എന്ന് കരുതേണ്ട. ഒരു ജാപ്പനീസ് അനിമെ ചിത്രമാണ് കേരളത്തിലെ അടക്കം യുവാക്കളെ തിയറ്ററുകളിലേക്ക് കൂട്ടം കൂട്ടമായി എത്തിക്കുന്നത്. ഡെമോൺ സ്ലെയർ: കിമെത്‍സു നോ യൈബ- ദി മൂവി: ഇൻഫിനിറ്റി കാസിൽ എന്ന ചിത്രമാണ് ഇന്നലെ ഇന്ത്യയും അമേരിക്കയും അടക്കമുള്ള മാർക്കറ്റുകളിലേക്ക് എത്തിയത്. ഇപ്പോഴിതാ ചിത്രത്തിൻറെ കേരളത്തിലെ കളക്ഷൻ കണക്കുകളും എത്തിയിട്ടുണ്ട്. ഏറെ കൗതുകകരവുമാണ് അത്. 

ജാപ്പനീസ് അനിമെ ചിത്രങ്ങൾക്ക് കേരളത്തിൽ നേരത്തേ ആരാധകരുണ്ട്. അതിനാൽ അത്തരം ചിത്രങ്ങൾക്ക് ഇവിടെ റിലീസും ഉണ്ടാവാറുണ്ട്. എന്നാൽ ഇൻഫിനിറ്റി കാസിലിന് ലഭിച്ചതുപോലെ ഒരു റിലീസ് ഇന്ത്യയിൽ മുൻപ് ഒരു ജാപ്പനീസ് അനിമെ ചിത്രത്തിനും ലഭിച്ചിട്ടില്ല. കേരളത്തിലും മികച്ച പ്രതികരണമാണ് ചിത്രത്തിൻറെ റിലീസിന് ലഭിച്ചത്. കേരളത്തിലെ കണക്കുകൾ നോക്കിയാൽ ഇന്നലെ റിലീസ് ചെയ്യപ്പെട്ട മൂന്ന് ചിത്രങ്ങളിൽ കളക്ഷനിൽ ഒന്നാമത് ഇൻഫിനിറ്റി കാസിൽ ആണ്. ഒരു മലയാള ചിത്രത്തെയും തെലുങ്ക് ചിത്രത്തെയും ബഹുദൂരം മറികടന്നാണ് ഈ നേട്ടം എന്നതും കൗതുകകരമാണ്.

ബിഗ് ബോസ് മുൻതാരം അഖിൽ മാരാർ നായകനായ മിഡ്നൈറ്റ് ഇൻ മുള്ളൻകൊല്ലി, തേജ സജ്ജ നായകനായ തെലുങ്ക് ചിത്രം മിറൈ എന്നിവയെയാണ് കേരളത്തിൽ ഇൻഫിനിറ്റി കാസിൽ റിലീസ് ദിനത്തിൽ മറികടന്നത്. ട്രാക്കർമാർ പുറത്തുവിട്ട കണക്കുകൾ പ്രകാരം മിഡ്നൈറ്റ് ഇൻ മുള്ളൻകൊല്ലി കേരളത്തിൽ റിലീസ് ദിനത്തിൽ നേടിയത് 2.15 ലക്ഷമാണ്. മിറൈ നേടിയത് 6.6 ലക്ഷവും. അതേസമയം ഡെമോൺ സ്ലെയർ: ഇൻഫിനിറ്റി കാസിൽ കേരളത്തിൽ നിന്ന് ആദ്യദിനം നേടിയിരിക്കുന്നത് 91 ലക്ഷമാണ്. ഒരു ജാപ്പനീസ് അനിമെ ചിത്രം കേരളത്തിൽ നിന്ന് റിലീസ് ദിനത്തിൽ നേടുന്ന ഏറ്റവും മികച്ച കളക്ഷനാണ് ഇത്.

അതേസമയം ചിത്രത്തിനും ഇന്നും നാളെയും മികച്ച ബുക്കിംഗ് ആണ് ഓൺലൈൻ ടിക്കറ്റ് ബുക്കിംഗ് സൈറ്റുകളിൽ ലഭിക്കുന്നത്. അതിനാൽത്തന്നെ ആദ്യ വാരാന്ത്യ കളക്ഷനിൽ ചിത്രം വലിയ കുതിപ്പ് നടത്തുമെന്ന് ഉറപ്പാണ്. ജാപ്പനീസ് അനിമെ ചിത്രങ്ങളുടെ ഇന്ത്യയിലെ മാർക്കറ്റ് ഇൻഫിനിറ്റി കാസിൽ വലിയ രീതിയിൽ ഉയർത്തുമെന്ന് ഉറപ്പാണ്.