
കണ്ണൂർ: വികസിത കേരളം വെറും മുദ്രാവാക്യമല്ല ബി.ജെ പി യുടെ രാഷ്ട്രീയ ലക്ഷ്യമാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പറഞ്ഞു. കണ്ണൂർ ജവഹർ ഓഡിറ്റോറിയത്തിൽ ബി.ജെ.പി വികസിത് കേരളം കൺവെൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. തനിക്ക് രാഷ്ട്രീയമറിയില്ല, മലയാളം അറിയില്ലെന്നാണ് കോൺഗ്രസ് സി.പി.എം നേതാക്കൾ പറയുന്നത്. ഈ കാര്യത്തിൽ ചില മാധ്യമ പ്രവർത്തകർ തന്നോട് പ്രതികരണം ചോദിച്ചു.
ഈ കാര്യത്തിൽ തനിക്ക് പറയാനുള്ളത് രാജ്യത്തെ സേവിച്ച ഒരു സൈനികൻ്റെ മകനാണ് താനെന്നാണ്. കോൺഗ്രസും സി.പി.എമ്മും നടത്തുന്നതുപോലെ അഴിമതിയുടെ രാഷ്ട്രീയം തനിക്കറിയില്ല. വികസനത്തിൻ്റെയും നിക്ഷേപത്തിൻ്റെയും പാഠങ്ങളാണ് താൻ കഴിഞ്ഞ അറുപതംവർഷത്തിനിടെയിൽ പഠിച്ചത്.താനൊരു നേതാവല്ല. ബി.ജെ.പിയെ കേരളത്തിൽ അധികാരത്തിലെത്തിക്കാൻ അവസാനശ്വാസം വരെ പ്രവർത്തിക്കുമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. പരിപാടിയിൽ നേതാക്കളായ സി.കെ പത്മനാഭൻ ,എ.പി അബ്ദുള്ളക്കുട്ടി, എസ്. സുരേഷ്, എം.ടി രമേശ്, പി.കെ കൃഷ്ണദാസ്, കെ.കെ. വിനോദ് കുമാർ, കെ. രഞ്ചിത്ത്, തുടങ്ങിയവർ പങ്കെടുത്തു.