ഗുജറാത്ത് :സീറ്റിനെ ചൊല്ലി തർക്കം അവധിക്ക് നാട്ടിലേക്ക് മടങ്ങുകയായിരുന്ന സൈനികനെ ട്രെയിനില്‍ വച്ച് റെയില്‍വേ അറ്റൻഡർമാർ കുത്തി കൊലപ്പെടുത്തി.ഗുജറാത്ത് സ്വദേശി ജിഗർ കുമാർ ചൗധരി (27) ആണ് കൊല്ലപ്പെട്ടത്.കൊലയാളിയായ ജുബർ മേമൻ എന്ന അറ്റൻഡറെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ജമ്മു താവിയില്‍ നിന്ന് സബർമതിയിലേക്ക് പോവുകയായിരുന്ന എക്സ്പ്രസ് ട്രെയിൻ ഞായറാഴ്ച രാത്രി 11 മണിയോടെ രാജസ്ഥാനിലെ ബിക്കാനീറിന് അടുത്തുള്ള ലുങ്കരൻസർ സ്റ്റേഷന് സമീപത്ത് എത്തിയപ്പോഴാണ് സംഭവം.
പോലീസ് പുറത്തുവിട്ട വിവരപ്രകാരം, രാത്രി ട്രെയിനില്‍ വച്ച് സൈനികനും അറ്റൻഡർമാരും തമ്മില്‍ സീറ്റിനെ ചൊല്ലി തർക്കം ഉണ്ടാവുകയും, പിന്നാലെ അറ്റൻഡർമാരില്‍ ഒരാള്‍ കയ്യില്‍ ഉണ്ടായിരുന്ന കത്തി ഉപയോഗിച്ച് ഇദ്ദേഹത്തെ കുത്തുകയും ചെയ്തു.
വയറിലും നെഞ്ചിലും ആഴത്തില്‍ കുത്തേറ്റ സൈനികൻ, ട്രെയിനിനകത്ത് കുഴഞ്ഞുവീണു. സഹയാത്രികർ ഉടൻ വിവരം അധികൃതരെ അറിയിച്ചു. ട്രെയിൻ ബിക്കാനീരില്‍ എത്തിയ ഉടൻ ഇദ്ദേഹത്തെ പ്രിൻസ് ബിജയ് സിംഗ് മെമ്മോറിയല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
എന്നാല്‍ അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. സംഭവത്തില്‍ പ്രതികളെന്ന് കരുതുന്ന അറ്റൻഡർമാരെ പോലീസ് കസ്റ്റഡിയില്‍ ചോദ്യം ചെയ്യുകയാണ്. കൊലയ്ക്ക് ഉപയോഗിച്ചത് എന്ന് കരുതുന്ന കത്തി പോലീസ് കണ്ടെത്തി. യാത്രക്കാരുടെ മൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്.