'ദിയയും പിറന്നു വീണ ആ കുഞ്ഞും ഭാഗ്യം ചെയ്തവരാണ് പണ്ടൊക്കെ ഒരു ഗർഭിണിയെ ലേബർ റൂമിലേക്ക് കൊണ്ടുപോകുമ്പോൾ അവൾ അനുഭവിക്കുന്ന ഒറ്റപ്പെടൽ ആ പെണ്ണിനേ അറിയൂ ; ഭാഗ്യലക്ഷ്‍മി

03:27 PM Jul 10, 2025 | Kavya Ramachandran

ഇൻഫ്ളുവൻസറും സംരംഭകയും നടൻ കൃഷ്ണകുമാറിന്റെ മകളുമായ ദിയ കൃഷ്ണ കഴിഞ്ഞ ദിവസമാണ്  ആൺകുഞ്ഞിന് ജൻമം നൽകിയത്. കുഞ്ഞിന്റെ ജനനത്തോടനുബന്ധിച്ച് ദിയ ചെയ്ത വ്ളോഗും നിമിഷനേരം കൊണ്ടാണ് വൈറലായത്. ഇതിനകം ഏഴ് മില്യണിലേറെ ആളുകളാണ് ദിയയുടെ വ്ളോഗ് കണ്ടത്. നിരവധി പേരാണ് ദിയയെയും കുടുംബത്തെയും പ്രശംസിച്ച് പോസ്റ്റുകൾ ഇടുന്നത്. അക്കൂട്ടത്തിൽ ഡബ്ബിംഗ് ആർട്ടിസ്റ്റ് ആയ ഭാഗ്യലക്ഷ്മി പങ്കുവച്ച പോസ്റ്റും ശ്രദ്ധ നേടുകയാണ്.

''പണ്ടൊക്കെ ഒരു ഗർഭിണിയെ പ്രസവിക്കാൻ ലേബർ റൂമിലേക്ക് കൊണ്ടുപോകുമ്പോ അവൾ അനുഭവിക്കുന്ന ഒറ്റപ്പെടൽ, ഭയം.... വേദന കൊണ്ട്‌ കരഞ്ഞ് നിലവിളിക്കുമ്പോ ചില നഴ്സ്മാരുടെ പരിഹാസവും, അതിലൂടെ അവൾ അനുഭവിച്ചിരുന്ന മാനസിക സംഘർഷവും... അത് ആ പെണ്ണിനേ അറിയൂ. പിന്നീട് ബന്ധുക്കളെ കാണുമ്പോഴേ അവൾക്ക് ശ്വാസം നേരെയാവൂ.. ദിയയുടെ പ്രസവം ഞാൻ എത്ര പ്രാവശ്യം കണ്ടു എന്നറിയില്ല.

സ്നേഹങ്ങൾക്ക് നടുവിൽ, സ്നേഹിക്കുന്നവർക്ക് നടുവിൽ കിടന്ന് പ്രസവിച്ച ദിയയും പിറന്നു വീണ ആ കുഞ്ഞും ഭാഗ്യം ചെയ്തവരാണ്. അമ്മയും അച്ഛനും ഭർത്താവും സഹോദരിമാരും ചുറ്റിനും നിന്ന് ആ പെൺകുട്ടിക്ക് കൊടുത്ത ആത്മ ധൈര്യം, സ്നേഹം കണ്ട് കണ്ണ് നിറഞ്ഞുപോയി.. നമ്മളിൽ പലർക്കും കിട്ടാതെ പോയ അപൂർവ്വ ഭാഗ്യമാണത്. അത് ഞങ്ങൾ സ്ത്രീകൾക്കേ മനസിലാവൂ.

അമ്മ പെങ്ങമ്മാരെ, പെൺമക്കളെ മനസിലാവാത്തവർക്ക് അത് വെറുമൊരു പ്രക്രിയയാണ്., മകളുടെ, ഭാര്യയുടെ, ചേച്ചിയുടെ, അനിയത്തിയുടെ അങ്ങനെ എത്ര വിവിധ ഭാവങ്ങളായിരുന്നു അവിടെ നമ്മൾ കണ്ടത്. ആ കുടുംബത്തെ പ്രശംസിക്കാതിരിക്കാനാവില്ല.. സന്തോഷം കൊണ്ട് അവരുടെ കണ്ണ് നിറയുമ്പോ ഞാനും വിതുമ്പി പോയി... സന്തോഷമായിരിക്കട്ടേ അവർ എന്നും ഇതേപോലെ...'', ഭാഗ്യലക്ഷ്മി ഇൻസ്റ്റഗ്രാമിൽ കുറിച്ചു.