ലോകത്തിലെ ഏറ്റവും ‘റൊമാന്റിക്’ ആയ ഗ്രാമത്തെക്കുറിച്ച് അറിയാമോ..?

02:22 PM Feb 14, 2025 | Litty Peter

ലോകത്തിലെ ഏറ്റവും ‘റൊമാന്റിക്’ ആയ ഗ്രാമത്തെക്കുറിച്ച് അറിയാമോ..? ഇല്ലെങ്കിൽ ഇതാ കേട്ടോളൂ.. 'ലവർ' എന്നാണ് ആ ഗ്രാമത്തിന്റെ പേര്. പ്രണയ ദിനത്തിന് വളരെ പ്രാധാന്യം കൽപ്പിക്കുന്ന ഈ  ഗ്രാമം അങ്ങ് യു.കെയിലാണ്. എല്ലാ വർഷവും ‘വാലന്റൈൻ വീക്കി’ൽ ഇവിടെ ഒരു താത്കാലിക തപാൽ ഓഫിസ് തുറക്കാറുണ്ട്. ഇവരുടെ ‘ലവർ’ പോസ്റ്റ് മാർക്ക് പതിച്ച കാർഡിനായി ലോകത്തിൻ്റെ പല ഭാഗത്ത് നിന്നുപോലും ആളുകൾ ഇവിടെയെത്താറുണ്ട്. 

ആയിരത്തോളം പ്രണയ നിർഭരമായ കാർഡുകളാണ് ലോകത്തുടനീളം ഇവരുടെ പ്രത്യേക പോസ്റ്റൽ വഴി അയച്ചുകൊടുക്കുന്നത്. ഓരോ കത്തിലും പ്രണയത്തിന്റെ മധുരവും ഗ്രാമത്തിന്റെ ഓർമകളും ഉണ്ടാവും. അന്റാർട്ടിക്കയിൽ നിന്നുള്‍പ്പെടെ ലോകത്തിന്റെ വിവിധകോണുകളിൽ നിന്നുള്ളവർ തങ്ങളുടെ കാർഡുകളിൽ ‘ലവർ’ തപാൽമുദ്ര പതിപ്പിക്കാൻ പണം ചെലവാക്കാറുണ്ട്. ഓൺലൈനായി കാർഡുകൾ ഓർഡർ ചെയ്യുകയോ ഫെബ്രുവരി 14 വരെ തുറക്കുന്ന ഇവിടത്തെ പോപ്പ്-അപ്പ് പോസ്റ്റ് ഓഫിസിൽ നേരിട്ടെത്തിയോ കാർഡുകൾ അയക്കാം. 

ഒൻപത് വർഷങ്ങൾക്ക് മുൻപാണ് ലവർ ഗ്രാമവാസികൾ ലവർ കമ്മ്യൂണിറ്റി ട്രസ്റ്റ് രൂപീകരിച്ചത്. അന്ന് മുതൽ ഇതുവരെ 10,000 ലധികം പ്രണയലേഖനങ്ങൾ ഇവിടെനിന്ന് അയച്ചിട്ടുണ്ട്. കത്തിൽ മാത്രം ഒതുങ്ങുന്നതല്ല ഇവരുടെ പ്രണയം. ഗ്രാമത്തിലുടനീളം പേപ്പർ കൊണ്ടുണ്ടാക്കിയ ഹൃദയം കൊണ്ടുള്ള അലങ്കാരങ്ങളും ഒരു 'ഡാർലിങ് കഫേ'യും ഇവർ തയാറാക്കിയിട്ടുണ്ട്. പ്രശ്നങ്ങളും സംഘർഷങ്ങളും നിറഞ്ഞ ഈ ലോകത്ത് ഈ പ്രവർത്തനം സ്നേഹത്തിന്റെയും വാത്സല്യത്തിന്റെയും ഒരു മരുപ്പച്ചയാണെന്നാണ് ഇവിടത്തെ സന്നദ്ധപ്രവർത്തകർ പറയുന്നത്. മാത്രമല്ല മറ്റൊരാളോട് പ്രണയം തുറന്നു പറയുന്നതിനേക്കാൾ മികച്ചതായി മറ്റെന്തുണ്ടെന്നും ഇവർ ചോദിക്കുന്നു. 

ഇതൊന്നും കൂടാതെ ഈ കാർഡുകൾക്കായി ആളുകൾ അടച്ച മുഴുവൻ പണവും ഇവിടത്തെ പഴയ സ്കൂൾ കെട്ടിടത്തിന്റെ നവീകരണ പ്രവർത്തനത്തിനും മറ്റ് സമൂഹസേവനങ്ങൾക്കുമായാണ് ഇവർ ഉപയോഗിക്കുന്നത്.