പഠനത്തിൽ മുന്നേറാൻ ആഗ്രഹിച്ച സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന 51 വിദ്യാർഥികളെ ഡോക്ടർമാരാക്കി നടൻ സൂര്യ നേതൃത്വ നൽകുന്ന അഗരം ഫൗണ്ടേഷൻ. ഫൗണ്ടേഷന്റെ 15-ാം വാർഷികാഘോഷ ചടങ്ങിനിടെ കുട്ടികളുടെ നേട്ടത്തിൽ വികാരാധീനനായി സൂര്യ. 160 സീറ്റിൽ ആരംഭിച്ച കുട്ടികളുടെ പഠനം വർഷങ്ങൾക്കിപ്പുറം ആറായിരത്തിൽ എത്തിനിൽക്കുന്നുവെന്ന് സൂര്യ പറഞ്ഞു. 'അഗര'ത്തിലെ കുട്ടികൾക്കായി വിവിധ കോളജുകളിലായി എഴുന്നൂറോളം സീറ്റുകളും ഇന്നു മാറ്റി വയ്ക്കുന്നുണ്ടെന്നും സൂര്യ വ്യക്തമാക്കി.
കമൽഹാസനായിരുന്നു വാർഷികച്ചടങ്ങിലെ മുഖ്യാതിഥി. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർഥികളുടെ വിദ്യാഭ്യാസത്തിനായി സൂര്യയുടെ നേതൃത്വത്തിൽ 2006 സെപ്റ്റംബർ 25-നാണ് അഗരം ഫൗണ്ടേഷന് രൂപം കൊണ്ടത്. തന്റെ 35ാം വയസ്സിലാണ് അഗരത്തിനു തുടക്കം കുറിച്ചതെന്ന് സൂര്യ പറഞ്ഞു. എന്നാൽ, ഇന്ന് അഗരത്തെ മുന്നോട്ടുകൊണ്ടുപോകുന്നത്, ഇവിടെ നിന്നു പഠിച്ചിറങ്ങിയ കുട്ടികളാണ്. ഇങ്ങനെയൊരു ചെയിൻ വരണമെന്നാണ് ആഗ്രഹിച്ചത്. അത് മനോഹരമായി ഇപ്പോൾ മുന്നോട്ടുപോകുന്നുവെന്നും സൂര്യ പറഞ്ഞു.
പഠിക്കണമെന്ന ആഗ്രഹമുണ്ടെങ്കിലും അധ്യാപകരോ ആപ്ലിക്കേഷൻ ഫോം വാങ്ങാൻ പൈസയോ ഇല്ലാത്തവരായ വിദ്യാർത്ഥികളുണ്ടെന്ന് മനസിലാക്കി. അഗരം ഫൗണ്ടേഷൻ ആരംഭിക്കുമ്പോൾ 100 പേരെ പഠിപ്പിക്കണമെന്നാണ് കരുതിയതെങ്കിലും 160 പേരാണ് പഠിക്കാനുള്ള ആഗ്രഹവുമായെത്തിയത്. എന്നാൽ ഒരുപാടുപേർ സഹായവുമായി വന്നു. ആ യാത്രയാണ് ഇപ്പോഴും തടസമില്ലാതെ പോകുന്നത്. ഈ മനോഹരമായ യാത്രയിൽ എന്നെയും കൂടെക്കൂട്ടിയതിന് നന്ദി. വിദ്യാർത്ഥികളായ നിങ്ങളുടെ അശ്രാന്ത പരിശ്രമമാണ് ഇതിനെല്ലാം കാരണം. നിങ്ങൾ പാതിവഴിയിൽ പഠനം നിർത്തിയിരുന്നെങ്കിൽ, സ്വപ്നം കണ്ടിരുന്നില്ലെങ്കിൽ ഈ 15 വർഷത്തെ യാത്ര നടക്കില്ലായിരുന്നു. സൂര്യ പറഞ്ഞു.
അഗരം ഫൗണ്ടേഷൻ വഴി പഠനം പൂർത്തിയാക്കിയ 51 വിദ്യാർഥികൾ ഇന്ന് ഡോക്ടർമാരാണ്. ഈ 51 പേരും തമിഴ്നാട്ടിലെ വിവിധ ഗ്രാമങ്ങളിൽ നിന്നുള്ളവരാണ്. സാമ്പത്തികമായി പിന്നോക്കം നിന്ന കുടുംബങ്ങളിൽനിന്നും ആദ്യമായി ഉന്നതവിദ്യാഭ്യാസം നേടുന്നവരുമാണ്. ആയിരത്തിഎണ്ണൂറോളം പേർ എൻജിനീയർമാരായി ജോലി ചെയ്യുന്നു. അഗരത്തിൽ 60 ശതമാനത്തോളം പേരും പെൺകുട്ടികളാണ് എന്നതും ശ്രദ്ധേയമാണ്.