വാഷിങ്ടൺ : ജനുവരി 20ന് മുമ്പ് ഇസ്രയേലി ബന്ദികളെ വിട്ടയച്ചില്ലെങ്കിൽ ഹമാസിനെ വേരോടെ പിഴുതെറിയുമെന്ന് നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്.
അന്നാണ് അമേരിക്കയുടെ 47ാം പ്രസിഡന്റായി ട്രംപ് അധികാരത്തിൽ എത്തുന്നത്. ബന്ദികളെ മോചിപ്പിച്ചില്ലെങ്കിൽ സർവ്വ നാശമെന്നാണ് ഹമാസിന് ട്രംപ് നൽകിയിരിക്കുന്ന മുന്നറിയിപ്പ്. ഫ്ലോറിഡയിലെ മാർ അ ലാഗോയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയായിരുന്നു ട്രംപിന്റെ പ്രതികരണം.
‘‘ബന്ദികളെ മോചിപ്പിച്ചില്ലെങ്കിൽ നാശം ഉറപ്പാണ്. നിങ്ങളുടെ അനുരഞ്ജനശ്രമങ്ങളിൽ ഇടപെടാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ഞാൻ അധികാരത്തിൽ കയറുന്നതിന് മുമ്പ് ബന്ദികളെ വിട്ടയച്ചില്ലെങ്കിൽ മധ്യപൂർവേഷ്യ കത്തിക്കും.
ഇത് ഹമാസിന് ഗുണം ചെയ്യില്ല. ഇതിൽക്കൂടുതൽ ഒന്നും എനിക്ക് പറയാനില്ല. ബന്ദികളെ നേരത്തേതന്നെ വിട്ടയയ്ക്കേണ്ടതായിരുന്നു. ഒക്ടോബർ ഏഴിന് ആക്രമണം നടത്താനേ പാടില്ലായിരുന്നു’’– ഹമാസുമായുള്ള അനുരഞ്ജന ശ്രമങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി നൽകവെയാണ് ട്രംപിന്റെ രൂക്ഷ പ്രതികരണം.