വാഷിങ്ടൺ: വീണ്ടും പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ ആദ്യമായി യു.എസ് കോൺഗ്രസിനെ അഭിസംബോധന ചെയ്ത് ഡൊണാൾഡ് ട്രംപ്. ' മുൻ സർക്കാരുകൾ എട്ട് വർഷങ്ങൾകൊണ്ട് ചെയ്ത കാര്യങ്ങളേക്കാൾ കൂടുതൽ 43 ദിവസങ്ങൾകൊണ്ട് തങ്ങൾ ചെയ്തുവെന്നും അവകാശപ്പെട്ടു.
സർക്കാർ തലത്തിലുള്ള എല്ലാ സെൻസർഷിപ്പുകളും അവസാനിപ്പിച്ചുവെന്നും ആശയാവിഷ്‌കാര സ്വാതന്ത്ര്യം തിരിച്ചുകൊണ്ടുവന്നുവെന്നും ട്രംപ് പറഞ്ഞു. മുട്ടവില നിയന്ത്രണാതീതമാണെന്നും ആളുകൾക്ക് താങ്ങാനാവുന്ന വിലയിലേക്ക് കൊണ്ടുവരുമെന്നും ട്രംപ് ഉറപ്പുനൽകി. അമേരിക്കയുടെ സ്വപ്‌നം തടയാൻ ആർക്കും കഴിയില്ലെന്ന് പറഞ്ഞ ട്രംപ് രാജ്യത്തിന്റെ സ്വപ്‌നങ്ങൾ എപ്പോഴത്തേക്കാളും മികച്ചതായിരിക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിക്കുകയും ചെയ്തു.
അമേരിക്കയിലെ കർഷകർക്കായി പുതിയ വ്യാപാരനയം കൊണ്ടുവരും. ഗുണനിലവാരമില്ലാത്ത പല ഉത്പന്നങ്ങളും മറ്റ് രാജ്യങ്ങളിൽനിന്ന് അമേരിക്കയിലേക്ക് എത്തുന്നുണ്ട്. ഇത് കർഷകരെ ദ്രോഹിക്കുന്നതിന് തുല്ല്യമാണ്. ഏപ്രിൽ രണ്ടിന് പ്രാബല്യത്തിൽ വരുന്ന പുതിയ താരിഫുകൾ കാർഷിക ഉത്പന്നങ്ങളെ കൂടി ലക്ഷ്യമിട്ടുള്ളതാണെന്ന് ട്രംപ് വ്യക്തമാക്കി.
മെക്‌സിക്കോ, കാനഡ എന്നീ രാജ്യങ്ങൾക്ക് നൽകിയ ഇളവുകൾ നിർത്തുകയാണ്. ആയിരക്കണക്കിന് അമേരിക്കക്കാരുടെ ജീവനെടുത്ത ഫെന്റനൈൽ ലഹരിമരുന്ന് ഈ രാജ്യങ്ങളിൽനിന്നാണ് അമേരിക്കയിലെത്തിയതെന്നും ട്രംപ് ചൂണ്ടിക്കാട്ടി. വിവിധ വിഭാഗം ജീവനക്കാർക്ക് ലഭിക്കുന്ന ടിപ്പുകൾ, ഓവർടൈം, മുതിർന്നവർക്കുള്ള സാമൂഹിക സുരക്ഷാ പദ്ധതികൾ എന്നിവയ്ക്കുള്ള നികുതി ഒഴിവാക്കിയെന്നും അദ്ദേഹം പറഞ്ഞു.