പരസ്യ പ്രതികരണം നടത്തരുത്'; വകുപ്പ് മേധാവിമാരോട് തിരുവനന്തപുരം മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍

07:42 AM Aug 19, 2025 |


വകുപ്പ് മേധാവിമാരുടെ പരസ്യപ്രതികരണം വിലക്കി തിരുവനന്തപുരം മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍. ഡോ. ഹാരിസ് ഹസന് പിന്നാലെ, ഡോ. മോഹന്‍ദാസിന്റെ സാമൂഹ്യ മാധ്യമ പോസ്റ്റും ആരോഗ്യവകുപ്പിനെ വെട്ടിലാക്കിയതിന് പിന്നാലെയാണ് നീക്കം. ചട്ടലംഘനം ഉണ്ടായാല്‍ കര്‍ശന നടപടിയെന്നും പ്രിന്‍സിപ്പലിന്റെ മുന്നറിയിപ്പ്. സാമൂഹിക മാധ്യമങ്ങള്‍ വഴിയോ മാധ്യമങ്ങളിലൂടെയോ പരസ്യ പ്രതികരണം നടത്തരുതെന്നാണ് നിര്‍ദേശം.

സര്‍വീസ് ചട്ടങ്ങള്‍ ലംഘിക്കരുതെന്നും വകുപ്പുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ബന്ധപ്പെട്ട അധികാരികളെ അറിയിക്കണമെന്നും വകുപ്പ് മേധാവിമാര്‍ക്ക് പ്രിന്‍സിപ്പല്‍ നിര്‍ദേശം നല്‍കി. ഇന്നലെ ചേര്‍ന്ന വകുപ്പ് മേധാവിമാരുടെ യോഗത്തിലാണ് പ്രിന്‍സിപ്പലിന്റെ നിര്‍ദേശം നല്‍കി. കെ സോട്ടോ പൂര്‍ണ്ണ പരാജയം എന്ന് നെഫ്രോളജി വിഭാഗം മേധാവി ഡോ. മോഹന്‍ദാസ് തുറന്നടിച്ചിരുന്നു. ആരോഗ്യ സംവിധാനത്തെ ചോദ്യം ചെയ്ത് സാമൂഹിക മാധ്യമത്തില്‍ ഇന്നലെയാണ് മെഡിക്കല്‍ കോളേജിലെ നെഫ്രോളജി വിഭാഗം മേധാവി ഡോക്ടര്‍ മോഹന്‍ദാസ് ഫേസ്ബുക്ക് പോസ്റ്റിട്ടിരുന്നത്. പിന്നീട് പോസ്റ്റ് ഡിലീറ്റ് ചെയ്യുകയും ചെയ്തിരുന്നു.

എന്നാല്‍ ഡോക്ടര്‍ മോഹന്‍ദാസിന്റെ പോസ്റ്റ് വാര്‍ത്തയായതോടെ ആരോഗ്യവകുപ്പ് ഇടപെടുകയും ഇന്നലെ മെമ്മോ നല്‍കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇന്നലെ വൈകിട്ട് മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ വകുപ്പ് മേധാവിമാരുടെ യോഗം വിളിച്ചത്. ഈ യോഗത്തിലാണ് വകുപ്പ് മേധാവികള്‍ക്ക് പരസ്യ പ്രതികരണം വിലക്കിക്കൊണ്ടുള്ള താക്കീത് നല്‍കിയത്.