+

രാജ്യത്താദ്യമായി വയോജനങ്ങൾക്ക് കമ്മീഷൻ കേരളത്തിൽ : ഡോ ആർ ബിന്ദു

രാജ്യത്താദ്യമായി  വയോജന കമ്മീഷൻ രൂപീകരിക്കുന്ന സംസ്ഥാനമായി കേരളം മാറിയെന്ന് മന്ത്രി ഡോ. ആർ ബിന്ദു തിരുവനന്തപുരത്ത് പത്ര സമ്മേളനത്തിൽ അറിയിച്ചു.

രാജ്യത്താദ്യമായി  വയോജന കമ്മീഷൻ രൂപീകരിക്കുന്ന സംസ്ഥാനമായി കേരളം മാറിയെന്ന് മന്ത്രി ഡോ. ആർ ബിന്ദു തിരുവനന്തപുരത്ത് പത്ര സമ്മേളനത്തിൽ അറിയിച്ചു.ചെയർമാനായി കെ. സോമപ്രസാദിനെ നിയമിക്കാൻ തീരുമാനമായി. മുൻ രാജ്യസഭാംഗം, കൊല്ലം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എന്ന നിലയിലടക്കും പല മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകിയ സാമൂഹ്യപ്രവർത്തകനാണ് കെ. സോമപ്രസാദ് 'സീനിയർ സിറ്റിസൺസ് ഫ്രണ്ട്‌സ് വെൽഫെയർ അസോസിയേഷന്റെ ജനറൽ സെക്രട്ടറി അമരവിള രാമകൃഷ്ണൻ, വനിതാ കമ്മീഷൻ അംഗമായ ഇ.എം. രാധ, പട്ടികവർഗ്ഗ വികസന വകുപ്പിൽ ഡെപ്യൂട്ടി ഡയറക്ടറായി വിരമിച്ച ഗ്രന്ഥകാരനും സീനിയർ സിറ്റിസൺസ് സർവീസ് കൗൺസിൽ വർക്കിംഗ് പ്രസിഡന്റുമായ കെ.എൻ.കെ നമ്പൂതിരി, മുൻ കോളേജ് അധ്യാപകനും കോട്ടയം ജില്ലാ പഞ്ചായത്ത് അംഗം, കുസാറ്റ്  എം ജി സർവ്വകലാശാലകളിലെ സിൻഡിക്കേറ്റ് അംഗം പ്രൊഫ. ലോപസ് മാത്യു എന്നിവരാണ് കമ്മീഷൻ അംഗങ്ങളെന്ന് മന്ത്രി അറിയിച്ചു.

വയോജനങ്ങളുടെ ക്ഷേമം, സംരക്ഷണം, പുനരധിവാസം എന്നിവ ഉറപ്പാക്കാനും അവരുടെ ഉത്പാദനക്ഷമതയും, മൗലികവും നൂതനവുമായ ആശയങ്ങളോ പരിഹാരങ്ങളോ ഉണ്ടാക്കാനുള്ള കഴിവും പരിചയസമ്പത്തും സമൂഹത്തിന് ഉപയോഗപ്പെടുത്താനുമായി കമ്മീഷൻ രൂപീകരിക്കാൻ കേരള സംസ്ഥാന വയോജന കമ്മീഷൻ ബിൽ സംസ്ഥാന നിയമസഭ പാസാക്കിയിരുന്നു. അങ്ങനെ നിലവിൽ വന്ന കേരളം സംസ്ഥാന വയോജന കമ്മീഷൻ ആക്ടിലെ (2025) മൂന്നാം വകുപ്പ് ഒന്നാം ഉപവകുപ്പു പ്രകാരമാണ് കമ്മീഷന് നൽകിയിട്ടുള്ള അധികാരങ്ങൾ വിനിയോഗിക്കുന്നതിനും ചുമതലകൾ നിർവ്വഹിക്കുന്നതിനുമാണ് ചെയർപേഴ്സണെയും നാല് അംഗങ്ങളെയും നിയമിച്ചുകൊണ്ട് സർക്കാർ തീരുമാനമെടുത്തിരിക്കുന്നത്.തിരുവനന്തപുരത്തായിരിക്കും കമ്മീഷന്റെ ആസ്ഥാനം. മൂന്ന് വർഷത്തേക്കാണ് ചെയർപേഴ്സന്റെയും അംഗങ്ങളുടെയും ഔദ്യോഗിക കാലാവധി. ചെയർപേഴ്സണ് ഗവൺമെന്റ് സെക്രട്ടറിയുടെ പദവിയുണ്ടാകും. സർക്കാർ അഡീഷണൽ സെക്രട്ടറിയുടെ പദവിയിൽ കുറയാത്ത ഒരാളെ കമ്മീഷൻ സെക്രട്ടറിയായി നിയമിക്കും. നിയമ വകുപ്പ് ജോയിന്റ് സെക്രട്ടറിയുടെ പദവിയിൽ കുറയാത്ത ഒരാളെ കമ്മീഷൻ രജിസ്ട്രാറായും സർക്കാർ ധനകാര്യ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറിയുടെ പദവിയിൽ കുറയാത്ത ഒരാളെ കമ്മീഷൻ ഫിനാൻസ് ഓഫീസറായും നിയമിക്കുമെന്നും മന്ത്രി അറിയിച്ചു.

  വയോജനങ്ങൾക്ക്  നൽകേണ്ട സാമൂഹികപരിചരണവുമായി ബന്ധപ്പെട്ട ഗുരുതരമായ പ്രശ്നങ്ങളെ അഭിസംബോധന ചെയ്യൽ ഈ സർക്കാരിന്റെ ഏറ്റവുമാദ്യത്തെ പരിഗണനകളിൽ ഒന്നായിരുന്നു. അതിനാവശ്യമായ കാലോചിതമായ നയങ്ങളും സംവിധാനങ്ങളും രൂപപ്പെടുത്താനുള്ള പ്രതിജ്ഞാബദ്ധതയോടെയാണ് സാമൂഹ്യനീതി വകുപ്പിന്റെ ചുമതലക്കാരിയെന്ന നിലയിൽ പ്രവർത്തിച്ചുതുടങ്ങിയത്. സർക്കാർ പിന്തുണ മേഖലകളിലെല്ലാം, പ്രായമായവർക്ക് താങ്ങാനാവുന്നതും എളുപ്പത്തിൽ ലഭ്യമാകുന്നതുമായ ആരോഗ്യ പരിരക്ഷ ലഭ്യമാക്കുന്നതും, മാതാപിതാക്കളുടെയും മുതിർന്ന പൗരന്മാരുടെയും പരിപാലനവും ക്ഷേമവും സംബന്ധിച്ച നിയമം (എം.ഡബ്ല്യു.പി.എസ്.സി. ആക്ട്) കാര്യക്ഷമമായി നടപ്പാക്കുന്നതും അടക്കമുള്ള കാര്യങ്ങളിൽ, മുതിർന്ന പൗരന്മാരുടെ സങ്കടങ്ങൾ ലഘുകരിക്കാൻ സർക്കാരും സംവിധാനങ്ങളും ഫലപ്രദമായിത്തന്നെ പ്രവർത്തിക്കുന്നുണ്ട്.

എന്നാൽ, രാജ്യത്തെ മറ്റു സംസ്ഥാനങ്ങളെക്കാൾ ജനസംഖ്യാ വളർച്ചാനിരക്ക് കൂടുതലുള്ള സംസ്ഥാനമാണ് കേരളം. 2026 ആവുമ്പോഴേക്കും മൊത്തം ജനസംഖ്യയുടെ കാൽഭാഗം മുതിർന്നവരായിരിക്കും. ഈ സാഹചര്യം കൂടി കണക്കിലെടുത്ത്, വാർദ്ധക്യത്തെക്കുറിച്ചുള്ള നമ്മുടെ കാഴ്ചപ്പാടിലെ ചില മുൻവിധികൾ കൂടി സൂക്ഷ്മമായി പരിശോധിക്കുകയും മറികടക്കാൻ ശ്രമിക്കുകയും ചെയ്യാൻ സാമൂഹ്യനീതി വകുപ്പ് തീരുമാനിച്ചതിന്റെ പ്രധാന ഫലങ്ങളിൽ ഒന്നായാണ് വയോജന കമ്മീഷൻ നിയമം കൊണ്ടുവന്നതും ഇങ്ങനെയൊരു കമ്മീഷന്റെ രൂപീകരണത്തിലേക്ക് വഴിതുറന്നതെന്നും മന്ത്രി പറഞ്ഞു.

facebook twitter