
ജിഎസ്ടി ഘടനയുടെ പരിഷ്ക്കരണം നടപ്പാക്കുമ്പോൾ സംസ്ഥാനത്തിന് ഉണ്ടാകുന്ന വരുമാന നഷ്ടത്തെപ്പറ്റി ആശങ്കയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇത് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിക്ക് കത്ത് അയച്ചിട്ടുണ്ട്. പ്രധാനമന്ത്രിയുടെ സ്വാതന്ത്ര്യദിന പ്രസംഗത്തിൽ ജി.എസ്.ടി നിരക്ക് ഘടന പുനഃപരിശോധിക്കുമെന്നുള്ള പ്രഖ്യാപനമുണ്ടായിരുന്നു. ഇക്കാര്യത്തിൽ സംസ്ഥാന ധനമന്ത്രിമാരുടെ സമിതിയിൽ ചർച്ചകളും നടക്കുന്നുണ്ട്. ജി.എസ്.ടി കൗൺസിൽ യോഗം ഉടൻ ചേരുമെന്നാണ് മനസ്സിലാക്കുന്നതെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
ജി.എസ്.ടി നിരക്കുകൾ പുനഃപരിശോധിക്കുമ്പോൾ വരുമാന നഷ്ടം നേരിടുന്ന സംസ്ഥാനങ്ങളുടെ ആശങ്കകൾ കേന്ദ്ര സർക്കാർ പരിഹരിക്കേണ്ടതുണ്ട്. കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള 50 : 50 എന്ന നിരക്ക് വിഭജനം, സംസ്ഥാനങ്ങളുടെ വരുമാനക്കുറവിനു കാരണമായിട്ടുണ്ട്. അവശ്യവസ്തുക്കളുടെ നികുതി നിരക്ക് കുറയ്ക്കുന്നതിലൂടെ സാധാരണ പൗരന്റെ നികുതിഭാരം കുറയ്ക്കാൻ കഴിയുന്ന ഏതൊരു നടപടിയും സ്വാഗതാർഹമാണെങ്കിലും സംസ്ഥാനങ്ങൾക്കുള്ള വരുമാന നഷ്ടം ദരിദ്രർക്കും സമൂഹത്തിലെ ദുർബല വിഭാഗങ്ങൾക്കും വേണ്ടിയുള്ള ക്ഷേമ പ്രവർത്തനങ്ങൾക്ക് തടസ്സമുണ്ടാക്കും. അതിനാൽ സംസ്ഥാനങ്ങൾക്ക് ആവശ്യമായ നഷ്ടപരിഹാരം ലഭ്യമാക്കേണ്ടതുണ്ട്. സാധനങ്ങളുടെയും സേവനങ്ങളുടെയും നിരക്ക് പുനഃപരിശോധിച്ചതുമൂലം വിലയിലുണ്ടായ കുറവ് ഉപഭോക്താക്കൾക്കു ലഭ്യമാകുന്നുവെന്ന് ഉറപ്പുവരുത്തണമെന്നും പ്രധാനമന്ത്രിക്ക് അയച്ച കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
സാമൂഹിക - സാമ്പത്തിക മേഖലകളിലെ ചെലവ് ബാധ്യതകളുമായി താരതമ്യപ്പെടുത്തുമ്പോൾ സംസ്ഥാനങ്ങൾക്ക് വളരെ പരിമിതമായ വരുമാന സമാഹരണ അധികാരങ്ങൾ മാത്രമേയുള്ളു. നിലവിൽ ഓപ്പൺ മാർക്കറ്റ് കടമെടുപ്പുകളിലൂടെ വിഭവങ്ങൾ സമാഹരിക്കുന്നതിന് നിരവധി നിയന്ത്രണങ്ങളുണ്ട്. ഈ സാഹചര്യം കണക്കിലെടുക്കുമ്പോൾ ജി.എസ്.ടി നിരക്ക് പരിഷ്ക്കരിക്കുന്നതിലൂടെ പെട്ടെന്നുണ്ടാകുന്ന വരുമാന നഷ്ടം സംസ്ഥാനങ്ങളുടെ വരുമാന ശേഖരണ ശേഷിയെ കൂടുതൽ ദുർബലമാക്കും.
അതുകൊണ്ട് ജി.എസ്.ടി നിരക്ക് പുനഃപരിശോധിക്കുമ്പോൾ സംസ്ഥാനത്തിന്റെ വരുമാന നഷ്ടം വിലയിരുത്തുന്നതിന് ആവശ്യമായ നടപടികൾ അടിയന്തരമായി സ്വീകരിക്കണം. മതിയായ നഷ്ടപരിഹാരം നൽകുന്നതിന് സംവിധാനം ഏർപ്പെടുത്തുകയും വേണം. ഇക്കാര്യത്തിൽ പ്രധാനമന്ത്രിയുടെ അടിയന്തര ഇടപെടൽ ഉണ്ടാകണമെന്ന് കത്തിൽ അഭ്യർത്ഥിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.