ട്രംപിന്റെ ഇസ്രയേല്‍ പാര്‍ലമെന്റ് പ്രസംഗത്തിനിടെ നാടകീയ രംഗങ്ങള്‍ ; ബാനര്‍ ഉയര്‍ത്തി പ്രതിഷേധവുമായി രണ്ട് അംഗങ്ങള്‍

06:34 AM Oct 14, 2025 |


ഗാസ സമാധാന ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിന് മുമ്പായി ഇസ്രയേലിലെത്തിയ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇസ്രയേല്‍ പാര്‍ലമെന്റായ കനസെറ്റിനെ അഭിസംബോധന ചെയ്യവേ നാടകീയ രംഗങ്ങള്‍. ട്രംപിന്റെ പ്രസംഗത്തിനിടെ കനസെറ്റിനെ നടുക്കിക്കൊണ്ട് രണ്ട് അംഗങ്ങള്‍ പ്രതിഷേധം ഉയര്‍ത്തി. ഗാസയില്‍ വംശഹത്യ എന്ന ബാനര്‍ ഉയര്‍ത്തിക്കൊണ്ടാണ് ഇവര്‍ പ്രതിഷേധിച്ചത്. ഇവരെ രണ്ടുപേരെയും ഇസ്രയേല്‍ പാര്‍ലമെന്റില്‍ നിന്ന് പുറത്താക്കുകയും ചെയ്തു. 

അതേസമയം ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ് ട്രംപ് പാര്‍ലമെന്റിലെത്തിയത്. ദൈവത്തിന് നന്ദി പറയേണ്ട ദിവസമാണ് ഇതെന്ന് പറഞ്ഞുകൊണ്ടാണ് ട്രംപ് സംസാരിച്ചത്. ഇസ്രയേല്‍ പാര്‍ലമെന്റ് ഒന്നടങ്കം എഴുന്നേറ്റ് നിന്നാണ് ട്രംപിനെ സ്വീകരിച്ചത്.

മിഡില്‍ ഈസ്റ്റ് എന്നന്നേക്കും സമാധാനത്തില്‍ ജീവിക്കുമെന്നും തീവ്രവാദവും മരണവും അവസാനിച്ചു. ഇനിയുള്ള കാലം പ്രതീക്ഷകളുടെയും സമാധാനത്തിന്റെയുമാണെന്നും ട്രംപ് പറഞ്ഞു. കൂടാതെ ഇസ്രയേലിന്റേയും മിഡില്‍ ഈസ്റ്റിന്റെയും സുവര്‍ണ കാലമാണ് വരുന്നതെന്ന് പറഞ്ഞ ട്രംപ് ഇസ്രയേല്‍ പാര്‍ലമെന്റില്‍ നെതന്യാഹുവിനെ പുകഴ്ത്തുകയും ചെയ്തു.യുദ്ധങ്ങള്‍ ഉണ്ടാക്കുന്നതല്ല അവസാനിപ്പിക്കുന്നതാണ് തന്റെ വ്യക്തിത്വം എന്ന് പറഞ്ഞ ട്രംപ് ഒക്ടോബര്‍ ഏഴിലുണ്ടായ ആക്രമണത്തില്‍ അമേരിക്ക ഇസ്രയേലിന് ഒപ്പം നിന്നു എന്നും വ്യക്തമാക്കി.