
കൊച്ചി: അർജന്റീന- ഓസ്ട്രേലിയ സൂപ്പർ പോരാട്ടം നവംബർ 17ന് നടക്കുമെന്ന് റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി എംഡി ആന്റോ അഗസ്റ്റിൻ.
അർജന്റീന ഫുട്ബോൾ അസോസിയേഷനിൽ നിന്ന് തിയതി സംബന്ധിച്ച് സ്ഥിരീകരണം ലഭിച്ചുവെന്നും സംസ്ഥാനസർക്കാരിന് ഇത് സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പ് ലഭിച്ചുവെന്നും മറിച്ചുള്ള പ്രചാരണം വ്യാജമാണെന്നും ആന്റോ അഗസ്റ്റിൻ അറിയിച്ചു.
എല്ലാ ഫുട്ബോള്‍ പ്രേമികള്‍ക്കും മെസിയെ കാണാൻ അവസരമുണ്ടാകും. നവംബർ 17ന് മത്സരത്തിന്റെ തലേ ദിവസം മെസിയും സംഘവും പരിശീലനം നടത്തുന്നത് കാണാനും ആരാധകർക്ക് അവസരമൊരുക്കും. എ ആർ റഹ്മാൻ മ്യൂസിക് ഷോയും ഹനുമാൻ കൈൻഡിന്റെ സംഗീത പരിപാടിയും നവംബർ 16ന് നടക്കും.
ഏറ്റവും വലിയ ഡ്രോണ്‍ ഷോയും സംഘടിപ്പിക്കുമെന്നും ആന്റോ അഗസ്റ്റിൻ പറഞ്ഞു. ടിക്കറ്റ് നിരക്കുകള്‍ രണ്ട് ദിവസത്തിനകം പ്രഖ്യാപിക്കുമെന്നും ആന്റോ അഗസ്റ്റിൻ അറിയിച്ചു.
എല്ലാ ഫുട്ബോള്‍ പ്രേമികള്‍ക്കും അവസരം ഒരുക്കുന്ന തരത്തിലായിരിക്കും ടിക്കറ്റ് നിരക്കുകള്‍. ഈ മാസം പതിനെട്ടിനോ പത്തൊൻപതിനോ ടിക്കറ്റ് വില്‍പന തുടങ്ങാനാകുമെന്നാണ് പ്രതീക്ഷ.