കണ്ണൂര്‍: കണ്ണൂര്‍ പോസ്റ്റല്‍ ഡിവിഷന്‍ സംഘടിപ്പിക്കുന്ന ജില്ലയിലെ വിവിധ ഫിലാറ്റലിസ്റ്റുകളുടെ സ്റ്റാമ്പ് ശേഖരണങ്ങളുടെ പ്രദര്‍ശനം നാളെയും മറ്റന്നാളും കണ്ണൂര്‍ നായനാര്‍ അക്കാദമി ഹാളില്‍ നടക്കും. നാളെ രാവിലെ 10ന് ജഡ്ജ് ആര്‍.എല്‍ ബൈജു ഉദ്ഘാടനം ചെയ്യും. രാവിലെ 10 മുതല്‍ വൈകീട്ട് അഞ്ചുവരെയാണ് പ്രദര്‍ശന സമയം. സ്‌കൂള്‍ കോളജ് വിദ്യാര്‍ഥികളുടെ പഠന പ്രവര്‍ത്തനങ്ങളില്‍ കൂടി പ്രയോജനപ്പെടുത്താവുന്ന വിധത്തിലുള്ള പ്രദര്‍ശനമാണ് ഒരുക്കുന്നത്.
ജില്ലയിലെ പ്രമുഖ ഫിലാറ്റലിസ്റ്റുകള്‍ ശേഖരിച്ച അതിവിപുലവും അപൂര്‍വവുമായ സ്റ്റാമ്പുകളുടെ ശേഖരം ഈ പ്രദര്‍ശനത്തിലുണ്ടാകും. പ്രദര്‍ശനത്തോടനുബന്ധിച്ച് ആറ് മുതല്‍ ഒന്‍പത് വരെയുള്ള ക്ലാസുകളിലെ കുട്ടികള്‍ക്കായി നാളെ ഉച്ചയ്ക്ക് രണ്ടിന് സ്റ്റാമ്പ് ഡിസൈന്‍ മത്സരവും, 16നു രാവിലെ 10ന് കത്തെഴുത്ത് മത്സരവും ഉച്ചയ്ക്ക് രണ്ടിന് ക്വിസ് മത്സരവും നടക്കും. സമാപന സമ്മേളനവും സമ്മാന വിതരണവും 16ന് വൈകീട്ട് മൂന്നിന് ഉത്തരമേഖല പോസ്റ്റ് മാസ്റ്റര്‍ ജനറല്‍ സയിദ് റഷീദ് ഉദ്ഘാടനം ചെയ്യുമെന്ന് കണ്ണൂര്‍ പോസ്റ്റല്‍ സൂപ്രണ്ട് സി.കെ മോഹനന്‍, സി.സി മുഹമ്മദ് സഹീര്‍, എ.എന്‍ നിഷാന്ത്, എന്‍ അനില്‍കുമാര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.